Loading ...

Home cinema

ചലച്ചിത്ര തൊഴിലാളികള്‍ക്ക് കോവിഡ് സാന്ത്വന പദ്ധതിയുമായി ഫെഫ്ക

കൊച്ചി: കോവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്ബത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങള്‍ രണ്ടാം ഘട്ടത്തിലും നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണികൃഷ്ണന്‍ കൊച്ചിയില്‍ അറിയിച്ചു.

2021 ജനുവരി മാസം മുതല്‍ കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത കാലയളവ് മുതല്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് 5000 രൂപയാണ് ഫെഫ്ക നല്‍കുക. ഇതിന് പുറമെ, പള്‍സ് ഓക്സിമീറ്റര്‍, തെര്‍മ്മൊമീറ്റര്‍, വിറ്റാമിന്‍ ഗുളികകള്‍, അനുബന്ധ മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ്കുകള്‍ എന്നിവ അടങ്ങിയ കോവിഡ് കിറ്റും നല്‍കും. ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും. കോവിഡ് ബാധിച്ച്‌ മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് അമ്ബതിനായിരം രൂപ സംഘടന നല്‍കും.

ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാര്യ / ഭര്‍ത്താവ് / മകന്‍ / മകള്‍ / സഹോദരന്‍ / സഹോദരി എന്നിവരില്‍ ഒരാള്‍ക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയന്‍ നിയമങ്ങള്‍ക്ക് വിധേയമായി യൂണിയന്‍ കാര്‍ഡ് തികച്ചും സൗജന്യമായി നല്‍കും.

ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കില്‍ അവര്‍ക്ക് ജോലി ആവശ്യമാണെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്‌ ഫെഫ്ക ഫെഡറേഷനിലോ മറ്റ് 19 യൂണിയന്‍ ഓഫീസുകളിലോ ഫെഡറേഷന്‍ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കും.

കുട്ടികളെ പഠിപ്പിക്കാന്‍ പ്രയാസപ്പെടുന്ന അംഗങ്ങള്‍ക്ക് മക്കളുടെ പഠന സാമഗ്രികള്‍ വാങ്ങാന്‍ ആയിരം രൂപ നല്‍കുന്നതാണ്. ഇതിന്റെ ബില്ല് അതാത് യൂണിയന്‍ സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ്. നിലവില്‍ യൂണിയനുകള്‍ നല്‍കി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയില്‍ അംഗമായവര്‍ക്ക് ഈ സഹായം ലഭിക്കില്ല.

ജീവന്‍രക്ഷാ ഔഷധങ്ങള്‍ കഴിക്കുന്ന അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയത് പോലെ മരുന്നുകള്‍ കണ്‍സ്യുമര്‍ ഫെഡ് മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഫെഫ്ക സൗജന്യമായി നല്‍കും. ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായവരില്‍ രോഗം ഭേദമായവരും മരുന്ന് മാറ്റമുള്ളവരും ഉള്ളതിനാല്‍ ആവശ്യമായ മരുന്നിന്റെ ഡോക്ടര്‍ നല്‍കിയ കുറിപ്പടി അതാത് സംഘടനാ ഓഫീസുകളില്‍ പുതുതായി നല്‍കേണ്ടതാണ്.

സംഘടന നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കോവിഡ് ചികില്‍സാ സഹായം ലഭിച്ചവര്‍ക്കും നിലവില്‍ കോവിഡ് സഹായ ധനം കൈപ്പറ്റിയവര്‍ക്കും സാമ്ബത്തിക സഹായം ലഭിക്കുന്നതല്ല. ഫെഫ്കയ്ക്ക് കീഴിലെ പത്തൊന്‍പത് യൂണിയനുകളില്‍ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികള്‍ക്കാണ് സംഘടന നിഷ്കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരമാവും കോവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ചലച്ചിത്ര മേഖല നിശ്ചലമായപ്പോള്‍ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ഒട്ടേറെ സുമനസ്സുകളും സ്ഥാപനങ്ങളും ഫെഫ്കയെ പിന്തുണച്ചത് സംഘടന നന്ദിയോടെ ഓര്‍ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംഗങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്ന കരുതല്‍ നിധി പദ്ധതി, ഫെഫ്ക അംഗങ്ങള്‍ക്കും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണം നല്‍കുന്ന അന്നം പദ്ധതി, സൗജന്യ ആരോഗ്യ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം, ഓണക്കാല കിറ്റ്, മറ്റ് സാമ്ബത്തിക സഹായങ്ങള്‍, ചികിത്സാ സഹായങ്ങള്‍, അംഗങ്ങളുടെ മരണാനന്തരം കുടുംബങ്ങള്‍ക്ക് നല്‍കിപ്പോരുന്ന സഹായ ധനം, പെന്‍ഷന്‍, പഠനോപകരണങ്ങളുടെ വിതരണം, ഒന്‍പത് കോവിഡ് ബോധവല്‍ക്കരണ ചിത്രങ്ങള്‍, മാസ്കുകളുടെയും സാനിട്ടറൈസുകളുടേയും പൊതു വിതരണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും സഞ്ചരിക്കാന്‍ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങള്‍ വിട്ടുകൊടുത്തും പൊതുസമൂഹത്തോട് ചേര്‍ന്ന് നിന്ന് ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് കോവിഡ് ഒന്നാം തരംഗത്തില്‍ ഫെഫ്ക ഫെഡറേഷന്‍ നടത്തിയത്.

Related News