Loading ...

Home Business

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക്‌ ആര്‍.ബി.ഐ. 'അംഗീകാരം'

ന്യൂഡല്‍ഹി: ബാങ്കുകളെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍നിന്നു വിലക്കി കൊണ്ടുള്ള 2018ലെ റൂള്‍ ആര്‍.ബി.ഐ. നീക്കം ചെയ്യുന്നു. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ ലക്ഷകണക്കിന്‌ ആളുകള്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ ആര്‍.ബി.ഐയുടെ തീരുമാനം. ആര്‍.ബി.ഐയുടെ അനൗദ്യോഗിക ഉത്തരവും ഏതു നിമിഷവും വിലക്കുവന്നേക്കുമെന്ന അഭ്യൂഹത്തേയും തുടര്‍ന്നു ചില ബാങ്കുകള്‍ ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകളുമായുള്ള ബന്ധം നിര്‍ത്തിയത്‌ ലക്ഷകണക്കിനു ആളുകള്‍ക്കു വന്‍നഷ്‌ടം വരുത്തിയിരുന്നു.ബാങ്കുകളുടെ അപ്രതീക്ഷിത നീക്കത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകള്‍ അടുത്തിടെ വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ്‌ ആര്‍.ബി.ഐയുടെ പുതിയ നീക്കം. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ തടയുന്നതിനുള്ള കാരണമായി 2018ലെ റൂളിനെ കണക്കാക്കരുതെന്നു ബാങ്കുകള്‍ക്ക്‌ ഇന്നലെ ആര്‍.ബി.ഐ. നിര്‍ദേശം നല്‍കി. ക്രിപ്‌റ്റോ ഇടപാടുകള്‍ ഉപയോക്‌താക്കള്‍ക്കു തടഞ്ഞ ബാങ്കുകളുടെ നടപടിയെ സുപ്രീം കോടതി മനരത്തേ വിമര്‍ശിച്ചിരുന്നു. ബാങ്കുകള്‍ ഉപയോക്‌താക്കളുടെ ആവശ്യാനുസരണം സേവനങ്ങള്‍ തുടരണമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. അടുത്തിടെ എസ്‌.ബി.ഐ. കാര്‍ഡ്‌സ് ആന്‍ഡ്‌ പേമെന്റും സ്വകാര്യ ബാങ്കായ എച്ച്‌.ഡി.എഫ്‌.സി. ബാങ്കും കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോക്‌താക്കളെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍നിന്നു വിലക്കിയത്‌ വാര്‍ത്തയായിരുന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതായാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നത്‌ ഇന്ത്യയില്‍ എക്കാലത്തും നിയമവിധേയമാണെന്നു വ്യക്‌തമാക്കുന്നതാണ്‌ ആര്‍.ബി.ഐ. നടപടിയെന്ന്‌ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ക്രിപ്‌റ്റോ എക്‌സ്ചേഞ്ചായ സെബ്‌പേയുടെ സി.ഇ.ഒ. അവിനാശ്‌ ശേഖര്‍ വ്യക്‌തമാക്കി. ആര്‍.ബി.ഐയുടെ തീരുമാനം കൂടുതല്‍ ആളുകളെ ക്രിപ്‌റ്റോ കറന്‍സികളിലേക്ക്‌ ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്തുകൊണ്ട്‌ പ്രിയമേറി

ഡിജിറ്റല്‍ കറന്‍സികളുടെ മൂല്യം അനുദിനം കുതിക്കുന്നതു തന്നെയാണ്‌ പ്രധാന ആകര്‍ഷണം. കൂടുതല്‍ കമ്ബനികള്‍ ഡിജിറ്റല്‍ കറന്‍സികള്‍ വ്യവഹാരത്തിനു അനുവദിക്കുന്നതും പ്രചാരം വര്‍ധിപ്പിക്കുന്നുണ്ട്‌.ആന്‍ഡ്രേയിഡ്‌ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ്പ്‌ സ്‌റ്റോറിലും ആയിരകണക്കിന്‌ ആപ്പുകളാണ്‌ ചുരുങ്ങിയ സമയം കൊണ്ട്‌ ആളുകള്‍ക്കു ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപം വാഗ്‌ദാനം ചെയ്യുന്നത്‌. പേരില്‍ കറന്‍സിയാണെങ്കിലും കൈയില്‍ കൊണ്ടു നടക്കേണ്ട ആവശ്യമില്ലാത്തതും എന്നാല്‍ മൂല്യം കൂടുന്നതും നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ട്‌.

Related News