Loading ...

Home International

ഇസ്രായേലിൽ 12 വര്‍ഷത്തെ നെതന്യാഹു ഭരണം അവസാനിക്കുന്നു; ഇസാക്​ ഹെര്‍സോഗ്​ പുതിയ പ്രസിഡന്റ്


ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി എട്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം ധാരണയിലെത്തിയതായി പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാര്‍ട്ടി നേതാവുമായി യെയ്ര്‍ ലാപിഡ് പ്രസിഡന്റ് റൂവെന്‍ റിവ്ലിനെ ഔദ്യോഗികമായി അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ പാര്‍ലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ലാപിഡ് പാര്‍ട്ടി തീരുമാനം പ്രസിഡന്റ് റിവ്ലിന് ഇ-മെയില്‍ അയച്ചത്. ഇതോടെ, 12 വര്‍ഷത്തെ ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് കൂടിയാണ് അന്ത്യമാകുന്നത്.
ടെല്‍ അവീവിനടുത്തുള്ള ഹോട്ടലില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു പിന്നാലെയായിരുന്നു സഖ്യ രൂപീകരണം. ലാപിഡ്, യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ്, യുണൈറ്റഡ് അറബ് ഇസ്ലാമിറ്റ് (റാം) പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവരാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കരാറില്‍ ഒപ്പുവെച്ചത്. പുതിയ സര്‍ക്കാരിന്റെ കരാറില്‍ ഒപ്പുവെച്ചു. യാമിന പാര്‍ട്ടിയും യെഷ് ആറ്റിഡും പ്രധാനമന്ത്രി പദം പങ്കിടും. ആദ്യ രണ്ട് വര്‍ഷം യാമിന പാര്‍ട്ടിയുടെ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. അവസാന രണ്ട് വര്‍ഷമാകും ലാപിഡ് പ്രധാനമന്ത്രിയാകുക.പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച സഖ്യത്തില്‍ ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഭാഗമാകുന്നത് ഇസ്രായേല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 20 ശതമാനം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന അബ്ബാസിന്റെ യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ നാല് സീറ്റുകളാണുള്ളത്.

തങ്ങള്‍ക്ക് വോട്ട് ചെയ്തവരുടേയും അല്ലാത്തവരുടേയും ഇസ്രായേലി പൗരന്മാരുടേയും സേവനത്തിനായി പ്രവര്‍ത്തിക്കാന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലാപിഡ് പ്രസ്താവനയില്‍ അറിയിച്ചു. എതിരാളികളെ ബഹുമാനിക്കുന്നു. ഇസ്രായേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യുമെന്നും ലാപിഡ് വ്യക്തമാക്കി. സഖ്യം പ്രഖ്യാപിച്ചെങ്കിലും പാര്‍ലമെന്റായ നെസെറ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഇസ്രായേലില്‍ നടന്നു. കൂടുതല്‍കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹുവിന് ഏറ്റവും ഒടുവില്‍, മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനാകാതിരുന്നതോടെയാണ് അനിശ്ചിതത്വം ആരംഭിക്കുന്നത്. ചെറു പാര്‍ട്ടികളെ ഒപ്പം കൂട്ടി ഭരണം നിലനിര്‍ത്താന്‍ നെതന്യാഹു ശ്രമിച്ചിരുന്നു. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ബെന്നറ്റിനെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മന്‍സൂര്‍ അബ്ബാസുമായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടു. ഇതോടെയാണ്, രണ്ടാം കക്ഷിയായ ലാപിഡിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം ലഭിച്ചത്. അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ലാപിഡിനും സഖ്യം പ്രഖ്യാപിക്കാന്‍ കഴിയാതെ വന്നിരുന്നെങ്കില്‍ വര്‍ഷാവസാനത്തോടെ ഇസ്രായേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേനെ. 12 വര്‍ഷമായി നെതന്യാഹുവാണ് ഇസ്രായേല്‍ പ്രധാനമന്ത്രി. സഖ്യ സര്‍ക്കാര്‍ രൂപീകരണത്തോടെ നെതന്യാഹു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

Related News