Loading ...

Home special dish

കര്‍ഷകരെ കൈവിടുന്നവര്‍ ഓര്‍ക്കുക by സതീഷ്ബാബു കൊല്ലമ്പലത്ത്

നാം തീന്‍മേശയ്ക്കുമുന്നില്‍ ഭക്ഷണത്തിനുവേണ്ടി ഇരിക്കുമ്പോള്‍ അറിയുന്നില്ല നമുക്കുമുന്നിലിരിക്കുന്ന ഭക്ഷണം അതിന് ന്യായമായ വില കിട്ടാതെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഉണ്ടാക്കിയതാണെന്ന്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ എന്തുതന്നെയായാലും അവ രാജ്യത്തിന്റെ ആസ്തിയായി തീര്‍ന്നിരിക്കും. കശുവണ്ടി, കുരുമുളക് തുടങ്ങി ഏത് കാര്‍ഷികോല്‍പ്പന്നമായാലും അവയെ വൈവിധ്യവല്‍ക്കരിച്ച് രാജ്യത്തിന്റെ മൊത്തം ദേശീയവരുമാനത്തിന് മുതല്‍ക്കൂട്ടാക്കുകയും ചെയ്യുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ഈയിടെ നടത്തിയ പ്രസ്താവന തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയോ അവരെ സഹായിക്കുകയോ ചെയ്യുന്നത് സദാചാരപരമായ ആപത്താണ് എന്നാണ് പറഞ്ഞത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഉല്‍പ്പാദനം ദേശീയവരുമാനത്തിന്റെ മൂല്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം കടം എഴുതിത്തള്ളുന്നതിനും കുടുംബത്തെ രക്ഷിക്കുന്നതിനും സര്‍ക്കാരിന് ബാധ്യതയുണ്ട്.1995നും 2015നും ഇടയില്‍ 3,18,528 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കടംവന്ന് മരണത്തിലേക്ക് നീങ്ങിയവര്‍ ഉല്‍പ്പാദിപ്പിച്ച വിളകളില്‍നിന്നുള്ള വരുമാനമാണ് ശരാശരി ഒരുവര്‍ഷം ജിഡിപിയുടെ നാലുമുതല്‍ അഞ്ചുശതമാനത്തോളം. ജിഡിപിയുടെ രണ്ടുശതമാനത്തോളം (2081 ബില്യണ്‍ ഡോളര്‍) മാറ്റിവച്ചാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ എല്ലാ കടബാധ്യതയും തീര്‍ക്കാം. മാത്രമല്ല, അവരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനും വലിയൊരു തുക ശമ്പളമായി ഇവര്‍ക്ക് നല്‍കാനും കഴിയും. 17 ശതമാനത്തോളം ജിഡിപി കാര്‍ഷികവിളകളുടെ സംഭാവനയാണെങ്കിലും ഇവയുടെ വൈവിധ്യവല്‍ക്കരണം ജിഡിപിയില്‍ ഉണ്ടാകുന്ന വളര്‍ച്ച 40 മുതല്‍ 45 ശതമാനംവരെയാണ്. ന്യായമായ ഉല്‍പ്പന്നവില നല്‍കാത്ത സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെ കര്‍ഷകര്‍ക്ക് മരണത്തിന്റെ പാത സ്വീകരിക്കേണ്ടി വരുമ്പോഴാണ് ഈ കണക്കുകള്‍ പ്രസക്തമാകുന്നത്.ഇന്ത്യയില്‍ ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. 2014നുശേഷം കര്‍ഷക ആത്മഹത്യ വളരെയധികംവര്‍ധിച്ചു. 2016ല്‍ മഹാരാഷ്ട്രയില്‍മാത്രം 3063 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 1451 പേര്‍ വിദര്‍ഭയില്‍നിന്നാണ്്. യോഗ്യരല്ലെന്നു കണ്ട് ജില്ലാ ഭരണകൂടം സര്‍ക്കാര്‍ ആനുകൂല്യം നിഷേധിച്ചവരാണ് ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കടക്കെണിയില്‍പ്പെട്ട് മരണമടയുന്ന കര്‍ഷകരുടെ വായ്പ 72,000 കോടി രൂപ എഴുതിത്തള്ളിയപ്പോള്‍ അതിന്റെ ഒരുശതമാനംപോലും ഈ സര്‍ക്കാര്‍ നല്‍കുന്നില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞുവരുമ്പോള്‍ കാര്‍ഷികാനുബന്ധ വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില 100 മുതല്‍ 200 ശതമാനംവരെ വര്‍ധിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം നടക്കുമ്പോള്‍ വര്‍ധിച്ച മൂല്യത്തിന്റെ ഒരുഭാഗംപോലും കര്‍ഷകന് വീതിക്കുന്നില്ല എന്നത് കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകരുന്നതിന് ഇടവരുത്തി. അധികം മൂല്യത്തിന്റെ ഒരു ഭാഗം കര്‍ഷകന് അവകാശപ്പെട്ടതാണ്. ഇങ്ങനെ അധികമൂല്യം സൃഷ്ടിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ വര്‍ധിതമൂല്യത്തിന്റെ ചെറിയൊരു ഭാഗം കര്‍ഷകന് നല്‍കുന്നതിനുപകരം അവ ഇടത്തരം വ്യവസായങ്ങള്‍ തട്ടിയെടുക്കുന്നതാണ് കര്‍ഷകരുടെ ഇന്നത്തെ ദുരിതത്തിന് കാരണം. ഇവ തിരിച്ചുനല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും നിയമവും ഇന്ത്യയിലില്ല. ഈ മിച്ചമൂല്യത്തിന്റെ യഥാര്‍ഥ അവകാശികള്‍ കര്‍ഷകരാണെങ്കിലും അവര്‍ക്ക് അവ നിഷേധിക്കുമ്പോഴാണ് ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത്. കേരളത്തിലെ കാര്‍ഷികോല്‍പ്പന്നത്തിന്റെ ഏഴ് ശതമാനവും ഇന്ത്യയുടെ ആറുശതമാനത്തില്‍ കൂടുതലും അധികമൂല്യം സൃഷ്ടിക്കുമ്പോള്‍ അതിന്റെ 50 ശതമാനമെങ്കിലും കര്‍ഷകന് അവകാശപ്പെട്ടതാണ്. ഇംഗ്ളണ്ടില്‍ നാല്‍പ്പത്തഞ്ചും ചൈനയില്‍ 188 ശതമാനവും കാര്‍ഷികോല്‍പ്പന്നങ്ങളില്‍ അധികമൂല്യം സൃഷ്ടിക്കുന്നുണ്ട്. ഓരോ വൈവിധ്യവല്‍ക്കരണ മേഖലയിലും അധികമൂല്യത്തില്‍ കാര്‍ഷികസെസ് ചുമത്തി അതിന്റെ വലിയൊരു ഭാഗം സബ്സിഡി നല്‍കുന്നതിനും അവരുടെ വായ്പ തീര്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനാല്‍ ഒരു കര്‍ഷകന്‍പോലും ഈ രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്നില്ല. ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് ഏറ്റവും അപമാനമാണ് കര്‍ഷകന്‍ കയറില്‍ തൂങ്ങി ആത്മഹത്യ ചെയ്യുന്നത്.കര്‍ഷകന്‍ അവന്റെ ഉല്‍പ്പന്നത്തിന് യഥാര്‍ഥ വില കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോള്‍ അവനുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളെ തീറ്റിപ്പോറ്റുന്നുണ്ട്. ഇവ മരിക്കുന്നില്ല. ഇവ വീണ്ടും ജനങ്ങള്‍ക്ക് ആരോഗ്യവും സൌഖ്യവും നല്‍കുന്നു. കര്‍ഷകന്‍ ആത്മഹത്യ ചെയ്താലും അദ്ദേഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ജീവിക്കുന്നതുകൊണ്ടാണ് കാര്‍ഷികമേഖലയുടെ ജിഡിപി വര്‍ധിച്ചുവരുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്നും ജിഡിപിയില്‍നിന്നും എടുത്തുമാറ്റാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതുകൊണ്ടുതന്നെയാണ് കര്‍ഷകന്‍ രാജ്യത്തിന്റെ നട്ടെല്ലാകുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ദേശീയവരുമാനം കണക്കുകൂട്ടുമ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഉല്‍പ്പാദിപ്പിച്ച മൂല്യവും വരുമാനത്തോട് കൂട്ടിച്ചേര്‍ക്കുന്നത്. ഇന്ത്യയിലെ ദേശീയവരുമാനത്തിന്റെ 12 ശതമാനത്തോളം ഉല്‍പ്പന്നം ആത്മഹത്യ ചെയ്ത കര്‍ഷകരുടേതാണ്. ഇവര്‍ക്ക് സഹായം നല്‍കില്ലെന്ന് ധനമന്ത്രി ഉറപ്പിച്ചുപറഞ്ഞപ്പോള്‍ നമ്മുടെ കാര്‍ഷികസംസ്കാരത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് മനസ്സിലാകുന്നതിന് രാജ്യസ്നേഹം ആവശ്യമാണ്.ആഗോള സ്വകാര്യവല്‍ക്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍നയങ്ങള്‍ കര്‍ഷകരില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയാണ് ഈ മൂല്യവ്യത്യാസം. 2001 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ എണ്ണായിരത്തോളം കര്‍ഷകര്‍ സ്വന്തം കുടിലും സ്ഥലവും വിറ്റ് വാടകവീട്ടില്‍ താമസിക്കേണ്ടതായി വന്നിട്ടുണ്ട്. ആഗോളമൂലധന സഞ്ചയം വര്‍ധിക്കുന്നതനുസരിച്ച് ഈ കാര്‍ഷിക മിച്ചമൂല്യം കര്‍ഷകര്‍ക്ക് നല്‍കാന്‍ ഭരണകൂടം തയ്യാറാകുമ്പോള്‍മാത്രമേ കര്‍ഷകരുടെ ഇന്നുള്ള ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ കഴിയൂ. മൂല്യവര്‍ധിത നികുതിയുടെ നിശ്ചിത ശതമാനം സബ്സിഡിയായി കര്‍ഷകന് നല്‍കാന്‍ കഴിഞ്ഞാല്‍ നാം നമ്മുടെ കര്‍ഷകരോട് കാണിക്കുന്ന ഏറ്റവും വലിയ നീതിയായിരിക്കുമത്

Related News