Loading ...

Home health

കോവിഡ് ബാധിച്ച കുട്ടികളില്‍ 'മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം' കൂടി വരുന്നു

ബംഗളൂരു: കോവിഡിന് പിന്നാലെ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ബാധയില്‍ രാജ്യം പകച്ചുനില്‍ക്കുമ്ബോള്‍ കുട്ടികളില്‍ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന അപൂര്‍വ്വം രോഗം കൂടുതലായി കണ്ടുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.കോവിഡ് ഭേദമായ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കര്‍ണാടകയില്‍ ഈ അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.കോവിഡ് ഒന്നാം തരംഗ സമയത്ത് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം തരംഗത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭേദമായി അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാണ് ചില കുട്ടികളില്‍ ഈ രോഗാവസ്ഥ കണ്ടുവരുന്നത്.മുതിര്‍ന്നവരെ പോലെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി എളുപ്പം ഉയരുകയില്ല. ഈസമയത്ത് 90 ശതമാനം കേസുകളിലും മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ഹൃദയത്തെ ബാധിക്കുന്നതായി കണ്ടുവരുന്നതായി നാഷണല്‍ ഐഎംഎ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫോര്‍ ചൈല്‍ഡ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. ശ്രീനിവാസ എസ് പറയുന്നു. ഇത് കുട്ടികളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട രോഗമാണ് മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം. കുട്ടിക്ക് കോവിഡ് വന്നില്ലായെങ്കില്‍ ഈ രോഗം മറ്റുള്ളവരിലേക്ക് പടരില്ല.സമയത്ത് ചികിത്സ നല്‍കിയാല്‍ മരണനിരക്ക് രണ്ടുശതമാനത്തില്‍ താഴെ മാത്രമാണ്. പനിയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുവന്ന തടിപ്പ് കാണുന്നതുമാണ് ആദ്യ ലക്ഷണങ്ങള്‍.ചുവന്ന തടിപ്പുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടില്ല. ഇതില്‍ നിന്ന് ഇത് അലര്‍ജിയല്ലെന്നും മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ആകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.കണ്ണ് ചുവക്കുക, കടുത്ത വയറുവേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണെന്നും ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റായ ഡോ. സാഗര്‍ പറയുന്നു.ഒരു മാസം മുന്‍പ് ചുമയും പനിയും അനുഭവപ്പെടുകയും പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് വിദഗ്ധ പരിശോധ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഛര്‍ദ്ദി, വയറിളക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയവും രോഗലക്ഷണങ്ങളാണ്.

Related News