Loading ...

Home cinema

പോലീസിനെ സിനിമയിലെടുത്തു by വിനോദ് പായം

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമ കണ്ട് ആവേശം മൂത്താണ് ആള്‍ക്കാരെല്ലാം സിനിമയിലെ എസ്ഐ സാജന്‍ മാത്യുവിനെ ഫോണില്‍ വിളിക്കുന്നത്. "ചേട്ടാ... ഗംഭീര പെര്‍ഫോമന്‍സ്...'' എന്നൊക്കെ പറഞ്ഞു ലോഹ്യം കൂടുന്നതിനിടയിലാണ്, കക്ഷി സാക്ഷാല്‍ സിഐ ആണെന്ന വിവരം വര്‍ത്തമാനത്തിനിടയില്‍ അറിയുന്നത്. ചില ആരാധകര്‍ അതോടെ ഫോണ്‍ കട്ട് ചെയ്യും; ചിലര്‍ ചേട്ടാ വിളി പതുക്കെ സാര്‍ എന്നാക്കും. എന്തായാലും സ്റ്റേഷനില്‍ തീരെ അഭിനയിക്കാത്ത കാസര്‍കോട് ആദൂര്‍ സിഐ സിബി തോമസ് ഇപ്പോള്‍ ആകെ ഹാപ്പിയാണ്. കുട്ടിക്കാലത്തേയുള്ള അഭിനയമോഹം, കാക്കിക്കുള്ളില്‍ കയറിയപ്പോള്‍ പൊലിഞ്ഞുപോയോ എന്ന സങ്കടമാണ് ഇല്ലാതായത്. പൌലോ കൊയ്ലോ പറഞ്ഞപോലെ അദമ്യമായ ആഗ്രഹമായിരുന്നു സിബിയെ ഇക്കാലമത്രയും അഭിനയത്തിലേക്ക് വഴി നടത്തിച്ചത്. സിനിമയില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും കഴിഞ്ഞാല്‍, ഏറെ ചര്‍ച്ചചെയ്യുന്ന വേഷമായി സിഐയുടെ എസ്ഐ വേഷം.

കള്ളനെ പിടിച്ച് മടങ്ങുംവഴി വിളി വന്നു

കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ചക്കേസ് അന്വേഷിച്ചത് സിബി തോമസാണ്. ഏറെ കാലത്തെ അധ്വാനത്തിന് ശേഷം യുപിക്കാരായ പ്രതികളെ അവിടെപോയി പൊക്കി മടങ്ങുംവഴിയാണ് സിനിമയുടെ സംവിധായകന്‍ ദിലീഷ് പോത്തന്റെ വിളി വരുന്നത്. ഓഡിഷനായി കാസര്‍കോട് ഹൈവേ കാസില്‍ ഹോട്ടലിലെത്താന്‍. പിറ്റേന്ന് ഹോട്ടലിലെത്തി, എസ്ഐയായി അഭിനയിച്ചു കാണിച്ചു. ഒരുമണിക്കൂര്‍ നേരത്തെ അഭിനയപരീക്ഷണത്തിന് ശേഷം സിഐ സിബിയെ 'എസ്ഐ'യാക്കാന്‍ സിനിമാസംഘം തീരുമാനിച്ചു.ബാലനടി എസ്തറിന്റെ പിതാവും സുഹൃത്തുമായ അനിലാണ്, ദിലീഷ് പോത്തന്റെ പുതിയ സിനിമയിലേക്ക് ആളെ വിളിച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ചത്. ബയോഡാറ്റ മെയില്‍ ചെയ്ത്, അക്കാര്യം മറന്നിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വിളിയെത്തുന്നത്. പൊലീസുകാരന്റെ അതേ ജീവിതം അതേപോലെ ക്യാമറയില്‍ പ്രതിഫലിപ്പിക്കാനാണ് പറഞ്ഞത്. അതേറ്റുവെന്ന് സിനിമ കണ്ടവരുടെ പ്രതികരണവും വ്യക്തമാക്കുന്നു. സിബി തോമസിന്റെ രണ്ടുഫോണിനും ഇപ്പോള്‍ വിശ്രമമില്ല. ഒന്നില്‍ കേസിന്റെ നൂലാമാലകള്‍ സംബന്ധിച്ച വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങളും നിര്‍ദേശങ്ങളും. അപ്പോള്‍ തനി ഗൌരവക്കാരനായ സിഐയാണ് മറുപടി പറയുക. മറ്റൊന്ന് പേഴ്സണല്‍ ഫോണ്‍; അതില്‍ നിറയെ അഭിനന്ദനങ്ങളുടെ പ്രവാഹം. ദിവസം നൂറുകണക്കിന് കോളുകള്‍...

നടക്കാഞ്ഞ പുണെ മോഹം

കാസര്‍കോട്ടെ മലയോരമായ മാലോം ചുള്ളി സ്വദേശിയായ സിബി, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ത്തന്നെ മികച്ച നടനായിരുന്നു. ഇക്കാലത്തും ഡിഗ്രിക്കാലത്തും യൂണിവേഴ്സിറ്റി തലത്തില്‍ മികച്ച നടനായി. ഡിഗ്രി കഴിഞ്ഞ് സിനിമ പഠിക്കണമെന്ന മോഹവുമായി ചെന്നുകയറിയത് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍. എന്‍ട്രന്‍സ് പാസായി, ഓറിയന്റേഷന്‍ കോഴ്സിന് പ്രവേശനം ലഭിച്ചു. എന്നാല്‍, അവസാനവട്ടം തള്ളിപ്പോയ സിബി നാട്ടില്‍ തിരിച്ചെത്തി, അഭിനയമോഹം മനസ്സിന്റെ തട്ടകത്ത് കെട്ടിവച്ച് കാക്കിയിട്ടു. കാസര്‍കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലിചെയ്ത്, പ്രൊമോഷനായി ആദൂര്‍ സിഐ ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി. അപ്പോഴും കെടാതെ ബാക്കിവച്ച സിനിമാമോഹമാണ് എസ്ഐ സാജന്‍ മാത്യുവിലൂടെ സഫലമായത്.

തൊണ്ടിമുതലും തേടി

പഠിച്ച 'കള്ളനായ' ഫഹദ് ഫാസിലിന്റെ വയറ്റില്‍ കയറി വരെ സ്വര്‍ണമാല കണ്ടെടുക്കാനുള്ള പൊലീസ് ബുദ്ധിക്കാരനാണ് സിഐ സിബി തോമസ്. കാസര്‍കോട് ജില്ലയിലെ പ്രധാനപ്പെട്ട പല കേസുകളും തെളിയിച്ചതിന് 2013ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. മികച്ച കേസ് അന്വേഷകനുള്ള എക്സലന്‍സി ബാഡ്ജ് 2015ലും ലഭിച്ചു. സിനിമയില്‍ ഫഹദ് ഫാസിലിനെ കൂമ്പിനിട്ട് ഇടിക്കുന്ന രംഗമുണ്ട്. പേടിയോടെയാണ് ചെയ്തത്. മറുഭാഗത്ത് നില്‍ക്കുന്ന മഹാനടന്മാരുടെ പ്രതികരണം നല്ല രീതിയില്‍ കിട്ടുമ്പോള്‍ നമ്മളും നന്നായി പ്രതികരിക്കും. സുരാജും അലന്‍സിയറും മുഖാമുഖം വരുമ്പോള്‍ നമ്മളിലും വലിയ എനര്‍ജിയുണ്ടാകും. എന്റെ സഹപ്രവര്‍ത്തകരായ എല്ലാ പൊലീസുകാരും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ കാരണവും ഈ നടന്മാരുടെ സാന്നിധ്യമാണ്.
              തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ എസ്ഐയായി വേഷമിട്ട സിബി തോമസ് ഉള്‍പ്പെട്ട രംഗം ചിത്രീകരിക്കുന്നു
സിനിമയില്‍ എസ്ഐ സാജന്‍ മാത്യുവിന്റെ റോളിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ 35 ദിവസം അവധിയെടുക്കേണ്ടി വരുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. കാര്യങ്ങളെല്ലാം പെട്ടെന്ന് ഓക്കെയായതിനാല്‍ 11 ദിവസം കൊണ്ട് തന്നെ എന്റെ ഭാഗം ചിത്രീകരിച്ചുകഴിഞ്ഞു. ബദിയഡുക്കയിലെ ഷേണി എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ മൂന്നുദിവസമാണ് സിനിമയില്‍ വരുന്നത്. പൊലീസ് സ്റ്റേഷനിലെ ദൈനംദിനകാര്യങ്ങള്‍ ജീവിതംതന്നെയായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ സ്റ്റേഷന്‍ അന്തരീക്ഷം മനസ്സിലാക്കാന്‍ ഒരുപാട് ഗൃഹപാഠം ചെയ്തിട്ടുണ്ട.് അതിന്റെ ഗുണം ഞങ്ങള്‍ക്കും കിട്ടി. സംഭാഷണങ്ങളെ കാസര്‍കോടന്‍ സ്ളാങ്ങിലേക്ക് മാറ്റുക തുടങ്ങിയ ചെറിയ ജോലികള്‍ മാത്രമേ ഞങ്ങള്‍ക്കുണ്ടായുള്ളൂ.സിനിമയുടെ ഛായാഗ്രാഹകന്‍ രാജീവ് രവി, അടുത്ത സിനിമയിലേക്ക് പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട.് അതോടൊപ്പം നിരവധി സംവിധായകര്‍ വിളിച്ചു. എന്താകുമെന്നറിയില്ല. പറ്റുമെങ്കില്‍ അഭിനയം തുടരണമെന്ന് തന്നെയാണ് ആഗ്രഹം. പൊലീസ് ജോലിയോടാണ് ഇഷ്ടം. അഭിനയം അഭിനിവേശമാണ്, അത് വിട്ടുകളയില്ല. എന്താകുമെന്ന് നോക്കാം- പരാതിയുമായെത്തിയ ആള്‍ക്കാരോട് പറയുന്ന നയതന്ത്രഭാഷയില്‍ സിബി തോമസ് തുടരുന്നു.

പൊലീസ് ജീവിതം, കിടിലന്‍

കാസര്‍കോട് ജില്ലയിലെ ആറ് പേരടക്കം 28 പൊലീസുകാര്‍ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന  സിനിമയില്‍ വേഷമിട്ടു. സിനിമയില്‍ സിഐയായി എത്തുന്നത് കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ വി മധുസൂദനനാണ്. യൂണിഫോമിടാത്ത സ്റ്റേഷന്‍ റൈട്ടറായി തിളങ്ങിയത് കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ പി ശിവദാസന്‍. സിബി തോമസിനെ പോലെ സിനിമയില്‍ ആദ്യവസാനക്കാരനായി ഇദ്ദേഹവും തിളങ്ങി. കണ്ണൂര്‍ കുടിയാന്മല സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദാനന്ദന്‍ ചേപ്പറമ്പിലും സിനിമയുടെ തുടക്കം മുതല്‍ കാസര്‍കോട് ഭാഷ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. കാസര്‍കോട് എആര്‍ ക്യാമ്പിലെ സജിത് സി പടന്ന, തീരദേശ പൊലീസ് സ്റ്റേഷനിലെ ബാബുദാസ് കോടോത്ത്, കാസര്‍കോട് സ്റ്റേഷനിലെ അശോകന്‍ കള്ളാര്‍, പാനൂര്‍ എഎസ്ഐ പി കെ സുകുമാരന്‍, കണ്ണൂര്‍ ഡോഗ് സ്ക്വാഡിലെ പി വി ബാബുരാജ്,  കെഎപി നാലാം ബറ്റാലിയനിലെ ഐ വി സോമരാജന്‍, ഇരിട്ടി സ്റ്റേഷനിലെ കെ വി മഹേഷ്, കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനിലെ സഞ്ജയ് കണ്ണാടിപ്പറമ്പ്, ടെലികമ്യൂണിക്കേഷന്‍ എസ്ഐ പി അരവിന്ദന്‍, കെഎപി ക്യാമ്പിലെ à´Ÿà´¿ ശ്രീലേഷ്, കണ്‍ട്രോള്‍ റൂമിലെ ജിജേഷ് എന്നിവരും പൊലീസുകാരായി സിനിമയിലെത്തുന്നു. ഇതോടൊപ്പം എറണാകുളം ജില്ലവരെയുള്ള വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരും.

vinodpayam@gmail.com

Related News