Loading ...

Home Business

കോവിഡില്‍ ആശ്വാസം; മിച്ചമുള്ള 99,122 കോടി ആര്‍.ബി.ഐ. സര്‍ക്കാരിന്‌ നല്‍കും

ന്യൂഡല്‍ഹി: 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള ഒമ്ബതു മാസത്തെ നീക്കിയിരിപ്പു തുക റിസര്‍വ്‌ ബാങ്ക്‌ കേന്ദ്ര സര്‍ക്കാരിനു കൈമാറും. മിച്ചമുള്ള 99,122 കോടി രൂപയാകും സര്‍ക്കാരിനു നല്‍കുക. കോവിഡിനെ തുടര്‍ന്നു സാമ്ബത്തിക പിരിമുറുക്കം അനുഭവിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച്‌ ആര്‍.ബി.ഐയുടെ തിരുമാനം ആശ്വാസം ആണ്‌.
ഇന്നലെ നടന്ന റിസര്‍വ്‌ ബാങ്കിന്റെ കേന്ദ്ര ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ തീരുമാനം. ആര്‍ബിഐയുടെ അക്കൗണ്ടിങ്‌ വര്‍ഷം ഏപ്രില്‍- മാര്‍ച്ച്‌ കാലയളവിലേയ്‌ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലൈ- ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിങ്‌ വര്‍ഷമായി പരിഗണിച്ചിരുന്നത്‌. കോവിഡിന്റെ രണ്ടാംതരംഗത്തെതുടര്‍ന്നുള്ള സാമ്ബത്തിക സ്‌ഥിതിയും അതുയര്‍ത്തുന്ന ആഗോള- പ്രാദേശിക വെല്ലുവിളികളും യോഗം വിശദമായി അവലോകനം ചെയ്‌തു. 2021- 22 വര്‍ഷത്തില്‍ ആര്‍.ബി.ഐയില്‍നിന്ന്‌ 50,000 കോടി രൂപയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ അക്കൗണ്ടിങ്‌ വര്‍ഷത്തില്‍ ആര്‍.ബി.ഐ. സര്‍ക്കാരിന്‌ 57,128 കോടി രൂപ അധിക നീക്കിയിരിപ്പായി കൈമാറിയിരുന്നു.
2018- 19 വര്‍ഷത്തില്‍ റെക്കോഡ്‌ തുകയായ 1.76 ലക്ഷം കോടി സര്‍ക്കാരിലെത്തിയിരുന്നു. അധിക കരുതല്‍ ശേഖരം കൂടി ഉള്‍പ്പെടെയായിരുന്നു ഇത്‌. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്‌തികാന്തദാസിനുപുറമെ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ്‌ ഡയറക്‌ടര്‍മാര്‍, ധനകാര്യ സേവന വകുപ്പ്‌ സെക്രട്ടറി തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ആര്‍.ബി.ഐയുടെ 589-ാമത്‌ യോഗമാണ്‌ ഇന്നലെ നടന്നത്‌.

Related News