Loading ...

Home International

ട്രംപ് മോഡിക്ക് നല്‍കിയത് വിഷമം പിടിച്ച ഗൃഹപാഠം by എം കെ ഭദ്രകുമാര്‍

ഇന്ത്യ-അമേരിക്ക ബന്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഇരുരാജ്യങ്ങള്‍ക്കും ഒരു സംയുക്തപ്രസ്താവനപോലും ഇറക്കാനായില്ല. ഇന്ത്യന്‍പക്ഷം ഏകപക്ഷീയമായി ഒരു രേഖയ്ക്ക് 'സംയുക്തപ്രസ്താവന'യെന്ന് തലക്കെട്ട് നല്‍കി. അമേരിക്കയാകട്ടെ ഇതിനോട് പ്രത്യക്ഷത്തില്‍ വിയോജിച്ചതുമില്ല. മോഡിക്ക് ആഭ്യന്തരമായി പ്രചാരണമേല്‍ക്കൈ നേടാന്‍ ഇത് ഉപയോഗിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. മുഖപ്രസംഗങ്ങളും വിദഗ്ധാഭിപ്രായങ്ങളും ഇപ്പോള്‍ത്തന്നെ പുറത്തുവരികയും ചെയ്തു. 

എന്നാല്‍, തീര്‍ത്തും സങ്കീര്‍ണമായ ഇതിവൃത്തമാണ് സന്ദര്‍ശനത്തിന്റെ ബാക്കിപത്രം. മോഡിക്ക് മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാമതായി, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'അമേരിക്ക ആദ്യം' പദ്ധതിക്ക് പ്രധാന സംഭാവന നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് വ്യക്തമായ സൂചന നല്‍കുക. ബോയിങ് കമ്പനിയില്‍നിന്ന് 205 യാത്രാവിമാനം വാങ്ങാനുള്ള (1,50,000 കോടി രൂപയുടെ) സ്പൈസ് ജെറ്റ് തീരുമാനവും അമേരിക്കയില്‍നിന്ന് എല്‍എന്‍ജി (45,000 കോടി രൂപയുടെ) വാങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനവും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിവുണ്ടെന്നതിന്റെ വാസ്തവികമായ തെളിവാണെന്ന് മോഡി ചൂണ്ടിക്കാട്ടി.  

രണ്ടാമതായി, വ്യാപാരശിഷ്ടത്തെ (3000 കോടി രൂപ)ക്കുറിച്ചുള്ള ട്രംപിന്റെ രൂക്ഷവിമര്‍ശം മയപ്പെടുത്താനാകുമെന്ന് മോഡി പ്രത്യാശിച്ചു. മൂന്നാമതായി, ട്രംപിന്റെ പാകിസ്ഥാനോടുള്ള നയത്തെ സ്വാധീനിക്കാനും ഇന്ത്യയുടെ 'പേശീബല നയതന്ത്ര'ത്തിനൊപ്പം നിര്‍ത്താനും കഴിയുമെന്ന് മോഡി പ്രതീക്ഷിച്ചു.  അവസാനമായി യുഎസ്-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തത്തിലെ ആവേശം വീണ്ടെടുക്കാമെന്നും മോഡി കരുതി. ഒബാമ ഭരണകാലത്താണ് 'ഏഷ്യന്‍ അച്ചുതണ്ട്' എന്ന പേരില്‍ à´ˆ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സൃഷ്ടി. തന്ത്രപ്രധാന ഭാഷയില്‍ ചൈനയുടെ പ്രതിയോഗിയായി ഇന്ത്യയെ വളര്‍ത്താന്‍ അമേരിക്ക സഹായിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. അമേരിക്കന്‍ വ്യാപാരികളില്‍നിന്ന് വന്‍തോതില്‍ ആയുധം വാങ്ങാന്‍ ഇന്ത്യ തയ്യാറാകുമെന്നതിനാല്‍ ട്രംപിനെ ഇതിനായി പ്രേരിപ്പിക്കാന്‍ കഴിയുമെന്നും മോഡി പ്രതീക്ഷിച്ചു. 

അടിസ്ഥാനപരമായി മോഡിയുടെ കര്‍മപദ്ധതി ട്രംപിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നതിലേക്ക് ചുരുങ്ങി. ഇന്ത്യന്‍ കമ്പോളത്തിലേക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭകരമായ ബിസിനസ് അവസരം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തീര്‍ച്ചയായും മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഒത്തുപോകുന്നതായിരുന്നു à´ˆ നടപടി. ട്രംപിനെ ദേഷ്യം പിടിപ്പിക്കേണ്ടെന്ന് കരുതി എച്ച്-1 ബി വിസ പ്രശ്നത്തെക്കുറിച്ച് സംഭാഷണത്തില്‍ ഒരക്ഷരം മോഡി പരാമര്‍ശിച്ചില്ല. (കുടിയേറ്റം, പുറംപണി എന്നീ വിഷയങ്ങളില്‍ ട്രംപിന്റേത് കര്‍ക്കശനിലപാടുകളാണ്). നയതന്ത്രമേഖലകളില്‍ ട്രംപിനുള്ള പ്രതിച്ഛായ, എന്തും കണ്ണുമടച്ച് വിശ്വസിക്കുന്നവനും  എളുപ്പത്തില്‍ സ്വാധീനിക്കാവുന്നവനും അവനവന്റെ ഗുണങ്ങളില്‍ മതിമറക്കുന്നവനാണെന്നുമിരിക്കെ, മോഡിയുടേത് ഒരുപക്ഷേ പ്രായോഗികസമീപനമായിരിക്കാം. 
മോഡിക്ക് 20 മിനിറ്റ് കൂടിക്കാഴ്ചയാണ് ട്രംപും കുടുംബവും അനുവദിച്ചത്. à´ˆ വര്‍ഷാവസാനം ഇന്ത്യ ആതിഥേയത്വമരുളുന്ന വ്യവസായികളുടെ സമ്മേളനത്തിലേക്ക് അമേരിക്കന്‍ പ്രതിനിധിസംഘത്തെ നയിച്ച് ഇന്ത്യയിലേക്ക് വരാന്‍ മോഡി ട്രംപിന്റെ മകള്‍ ഇവാങ്കയെ ക്ഷണിക്കുകയുണ്ടായി. à´ˆ ക്ഷണം ഇവാങ്ക സ്വീകരിച്ചു.  അച്ഛനില്‍ ഏറെ സ്വാധീനമുള്ള ഇവാങ്കയിലൂടെ മോഡി പ്രതീക്ഷിക്കുന്നത്, ട്രംപിലേക്ക് ഒരു പിന്‍വാതില്‍വഴിയാണ്. 

വളരെ സമര്‍ഥമെന്ന് തോന്നുന്ന à´ˆ കര്‍മപദ്ധതി ട്രംപിന്റെ കാര്യത്തില്‍ വിജയിക്കുമോ എന്ന് വ്യക്തമല്ല. കുശാഗ്രബുദ്ധിക്കാരനായ ബിസിനസുകാരനാണ് ട്രംപ്. ആറുതവണയില്‍ കുറയാതെ പാപ്പരാണെന്ന് പ്രഖ്യാപിച്ചശേഷം ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തില്‍നിന്ന് ഉയര്‍ന്നുവന്ന് കോടീശ്വരനാവുകയും അതിനുശേഷം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മനുഷ്യനായി മാറുകയും ചെയ്ത വ്യക്തിയാണ് ട്രംപ്. രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ക്രൂരതയ്ക്കും കപടതയ്ക്കും പേരുകേട്ട അമേരിക്കയിലെ രാഷ്ട്രീയചേരിയെ കൂടെനിര്‍ത്തിയ വ്യക്തികൂടിയാണ് ട്രംപ്. ട്രംപിന്റെ രാഷ്ട്രീയ സഹജാവബോധത്തെ ചുരുക്കിക്കാണുന്നത് ഭീമാബദ്ധമായിരിക്കും. ബോയിങ് കമ്പനിക്കും യുഎസ് ഷേല്‍ വ്യവസായത്തിനും രണ്ടുലക്ഷം കോടി രൂപയുടെ ബിസിനസ് സമ്മാനിച്ചതിന് മോഡിയെ ട്രംപ് തീര്‍ച്ചയായും അഭിനന്ദിച്ചിട്ടുണ്ടാകാം.  എന്നിരുന്നാലും അദ്ദേഹം കടപ്പാടുള്ളവനാകണമെന്നില്ല. മോഡിയോട് à´šà´¿à´² അപ്രിയസത്യങ്ങള്‍ പരസ്യമായി പറയാന്‍ ട്രംപ് തയ്യാറായി. 'നിങ്ങളുമായി തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു മിസ്റ്റര്‍ പ്രധാനമന്ത്രി. എന്റെ രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കാനും എന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും നീതിപൂര്‍വകവും പരസ്പരപൂരകവുമായ വ്യാപാരബന്ധത്തിനുമാണ് നിലകൊള്ളുന്നത്. യുഎസ് കയറ്റുമതി ചരക്കുകള്‍ നിങ്ങളുടെ കമ്പോളത്തില്‍ എത്തിക്കുന്നത് സുഗമമാകുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിക്കിട്ടുക പ്രധാനമാണ്. അതുവഴി നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരശിഷ്ടം കുറയ്ക്കാനാകും.' 

ഒരു മറയുമില്ലാതെ കീഴ്‌വഴക്കങ്ങളുടെ കെട്ടുപാടുകളില്ലാതെയുള്ള വെട്ടിത്തുറന്നുള്ള കാര്യംപറച്ചിലാണത്. അതും ഒരു പരമാധികാരരാഷ്ട്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട നേതാവിനോട്. ഇതാണ് ട്രംപ്. എന്നാല്‍ ഇവിടെ ഇന്ത്യയില്‍ ചെണ്ടകൊട്ടുന്നവര്‍, മോഡിയും 900 പൌണ്ട് ഗോറില്ലയുമായുള്ള 'നല്ല രസതന്ത്ര'ത്തിലെ അസാധാരണത്വത്തെക്കുറിച്ച് വാചാലമാവുകയാണ്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള കമ്പോളപ്രവേശം, ചുങ്കപരിധി ഒഴിവാക്കല്‍, ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ നടപ്പാക്കല്‍ തുടങ്ങി വിഷമകരമായ ഗൃഹപാഠങ്ങളാണ് ട്രംപ് മോഡിക്ക് നല്‍കിയത്. ജൂണ്‍ 21ന് യുഎസ് വ്യാപാരപ്രതിനിധി ഔഷധങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലസംബന്ധിച്ചും ബൌദ്ധിക സ്വത്തവകാശനിയമങ്ങള്‍സംബന്ധിച്ചും മറ്റുമുള്ള ഒരു പട്ടിക കൈമാറിയിട്ടുമുണ്ട്.  

ചൈന, പാകിസ്ഥാന്‍ വിഷയങ്ങളില്‍ ഒരുറപ്പും ട്രംപ് നല്‍കിയിട്ടുമില്ല. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ യുഎസിന് പാകിസ്ഥാന്റെ സഹകരണം ആവശ്യമാണ്. മാത്രമല്ല, വന്‍ നിക്ഷേപങ്ങള്‍ നല്‍കി അമേരിക്കയ്ക്ക് വന്‍ അവസരം നല്‍കാന്‍ കഴിയുന്നത് ചൈനയ്ക്കാണുതാനും. ആലി ബാബാ ഗ്രൂപ്പ് അമേരിക്കയില്‍ പത്തുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഒബാമയുടെ 'അച്ചുതണ്ട്' തന്ത്രത്തെ ട്രംപ് തള്ളിക്കളയുകയും ചെയ്തു.  ചൈനയുടെ 'പ്രതിയോഗിയായി' ഇന്ത്യയെ കാണാനും ട്രംപ് തയ്യാറായിട്ടില്ല. ചുരുക്കത്തില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യ ആയുധം വാങ്ങുകയാണെങ്കില്‍ à´† ബിസിനസ് ട്രംപിനെ സംബന്ധിച്ച് നല്ലതുതന്നെ. അഫ്ഗാന്‍ പ്രശ്നപരിഹാരത്തിന് പാകിസ്ഥാന്റെ സഹകരണം ഉറപ്പാക്കാന്‍ à´† രാജ്യത്തെ സ്വാധീനിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടിയേക്കാം. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം മോഡിയുടെ വിദേശനയ ഘടനയ്ക്ക് വന്‍ ഉലച്ചിലുണ്ടാകുമെന്ന് ഉറപ്പ് *
 
(മുന്‍ അംബാസഡറാണ് ലേഖകന്‍)

Related News