Loading ...

Home International

കോവിഡ് വാക്‌സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കല്‍; ഇന്ത്യന്‍ നിർദ്ദേശത്തെ പിന്തുണച്ച്‌ അമേരിക്കയും ചൈനയും

കോവിഡ് വാക്സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശ (പേറ്റന്റ്) പരിരക്ഷ താല്‍ക്കാലികമായി ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് പിന്തുണയുമായി ചൈന. വാക്‌സിനുകള്‍ക്കുള്ള പേറ്റന്റ് ഒഴിവാക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യത്തെ ചൈന പൂര്‍ണമായി മനസ്സിലാക്കുന്നു. മഹാമാരിക്കെതിരായ വികസ്വര രാജ്യങ്ങളുടെ പോരാട്ടത്തിന് സഹായകമായ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കും എന്നായിരുന്നു ചൈനയുടെ പ്രതികരണം. ലോക വ്യാപാര സംഘടനയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നോട്ടുവെച്ച നിര്‍ദേശത്തിനാണ് ചൈന പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇരു രാജ്യങ്ങളുടെ പേരെടുത്ത് പറയാതെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് വാക്‌സിനുകള്‍ക്കുള്ള പേറ്റന്റ് ഒഴിവാക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യത്തെ ചൈന പൂര്‍ണമായി മനസിലാക്കി, പിന്തുണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ബീജിംഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും വലിയ വികസ്വര രാജ്യമെന്ന നിലയിലും അന്താരാഷ്ട്ര സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിലും കോവിഡിനെതിരായ വികസ്വര രാജ്യങ്ങളുടെ പോരാട്ടത്തിന് അനുയോജ്യമായ എല്ലാ കാര്യങ്ങളും ചൈന ചെയ്യും. വികസ്വര രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ തുല്യമായ രീതിയില്‍ നേടാന്‍ സഹായിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുമെന്നും ഷാവോ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ച ഇന്ത്യയുടെയോ ദക്ഷിണാഫ്രിക്കയുടെയോ പേരെടുത്ത് പറയാതെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമാകുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കണമെന്നും കൂടുതല്‍ കമ്ബനികള്‍ക്ക് വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നുമാണ് ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ആവശ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ചു. നിര്‍ദേശത്തെ യുഎസ് പിന്തുണക്കുകയായിരുന്നു. വ്യാപാരത്തിന് ബൗദ്ധിക സ്വത്തവകാശം സുപ്രധാനമാണെങ്കിലും കോവിഡ് വാക്‌സിനുകള്‍ക്ക് അത്തരത്തിലുള്ള പരിരക്ഷ ഒഴിവാക്കാനുള്ള നിര്‍ദേശത്തെ ഭരണകൂടം പിന്തുണക്കുന്നതായി യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ക്കായി ആഹ്വാനം ചെയ്യുന്നതായും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

യുഎസ് തീരുമാനത്തെ ചരിത്രപരമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് വിശേഷിപ്പിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡ്, ആസ്‌ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങളും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. നീക്കത്തെ എതിര്‍ത്തിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും പിന്നീട് നിലപാട് മാറ്റി. പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തെ അനുകൂലിക്കുന്നതായാണ് മക്രോ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിന്‍ അഭാവം പരിഹരിക്കാന്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിന് സംഭാവന അടിസ്ഥാനമാക്കിയുള്ള ഒരു മാതൃകയാണ് ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഫ്രാന്‍സ്‌ആദ്യം പ്രതികരിച്ചിരുന്നത്.

എന്നാല്‍, പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തെ തുടക്കത്തില്‍ തന്നെ ഫാര്‍മ കമ്ബനികള്‍ എതിര്‍ത്തിരുന്നു. ഫൈസര്‍, മൊഡേണ ഉള്‍പ്പെടെ കമ്ബനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് തടസമല്ല. ഇപ്പോഴത്തെ നീക്കം വാക്‌സിന്‍ നിര്‍മാണത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ തടസപ്പെടുത്തും. പേറ്റന്റ് ഒഴിവാക്കുന്നത് തെറ്റായൊരു നടപടിയാണെന്നും ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് അസോസിയേഷന്‍സ് പറഞ്ഞു. യുഎസിന്റെ നീക്കം നിരാശാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം മരുന്നുകമ്ബനികളുടെയും ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡും എതിര്‍പ്പ് അറിയിച്ച്‌ രംഗത്തെത്തി. ജര്‍മനി, യുകെ, ബ്രസില്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല. പേറ്റന്റ് പരിരക്ഷ ഒഴിവാക്കുന്നതല്ല ഇപ്പോഴത്തെ വെല്ലുവിളിയെന്നും ലഭ്യത ഉയര്‍ത്തുന്നതും ഗുണമേന്‍മ ഉറപ്പു വരുത്തുന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നുമാണ് ജര്‍മ്മനിയുടെ പ്രതികരണം. പലയിടത്തും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു.യൂറോപ്യന്‍ യൂണിയനും നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ അഭിപ്രായപ്പെട്ടത്. കോവിഡ് പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കാനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാമെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി.

യുഎസ് ഉള്‍പ്പെടെ നിര്‍ണായക തീരുമാനമെടുത്തെങ്കിലും ഇളവ് യാഥാര്‍ഥ്യമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ സമിതി വിഷയം അടുത്ത മാസം ചര്‍ച്ചയ്ക്കെടുക്കും. സംഘടനയില്‍ അംഗങ്ങളായ 164ല്‍ 100 രാജ്യങ്ങളും പേറന്റ് ഇളവിനെ പിന്തുണയ്ക്കുന്നുണ്ട്. പുതിയ ഒരു കണ്ടുപിടിത്തത്തെ ഒരു പ്രത്യേക കാലയളവില്‍ വ്യാവസായികമായും വാണിജ്യപരമായും ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കുവാനും അത് കണ്ടെത്തിയവര്‍ക്ക് നിയമപരമായി നല്‍കുന്ന അവകാശമാണ് പേറ്റന്റ്. ഉല്‍പന്നത്തിന്റെ നിര്‍മാണം, വില്‍പന, ഉപയോഗം തുടങ്ങിയവ പേറ്റന്റ് പരിധിയില്‍ വരും. പേറ്റന്റ് കാലാവധി കഴിയുമ്ബോള്‍ ഈ ഉല്‍പന്നം മറ്റേത് സ്ഥാപനത്തിനും നിര്‍മിക്കാം. ഇന്ത്യയില്‍ പേറ്റന്റ് അവകാശം 20 വര്‍ഷത്തേക്കാണ്.

Related News