Loading ...

Home USA

'സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്'; ഇസ്രായേലിനെ പിന്തുണച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച്‌ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.
'ആയിരക്കണക്കിന് റോക്കറ്റുകള്‍ തങ്ങളുടെ നേര്‍ക്ക് പറന്നടുക്കുമ്ബോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങള്‍ക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' -ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡന്‍ വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.അതേസമയം, ഈദ് ദിനത്തിലും ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ ആക്രമണം തുടരുകയാണ്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയോടെയും ഗസ്സയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 69 ആയി ഉയര്‍ന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 17 കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടും. 400ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.തങ്ങളുടെ ഗസ്സ സിറ്റി കമാന്‍ഡര്‍ ബസ്സിം ഇസ്സ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിര്‍ന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീന്‍ സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.മൂന്നാമത്തെ ഗസ്സ ടവര്‍ ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. ഒരു കുട്ടി ഉള്‍പ്പെടെ ആറ് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 1500ഓളം റോക്കറ്റുകള്‍ ഗസ്സയില്‍ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

Related News