Loading ...

Home Kerala

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം; വിഞ്ജാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം :സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. റിട്ട. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആറു മാസമാണ് അന്വേഷണത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള മനപൂര്‍വ്വമായ നീക്കമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശത്തിലേയും സന്ദീപ് നായരുടെ കത്തിലേയും വിശദാംശങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായി എന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറേയും പ്രതിചേര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നാണ് സന്ദീപ് നായരുടെ കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയോ എന്നും അന്വേഷിക്കാന്‍ ശുപാര്‍ശയുണ്ട്. ഗൂഢാലോചന നടന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാമാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിപാദിപ്പിച്ചിരിക്കുന്നത്.

Related News