Loading ...

Home cinema

ഭീമന്റെ ഭൂമികയില്‍ by ഭാനുപ്രകാശ്

"വെറുംകൈ. ദുശ്ശാസനാ വെറുംകൈ. ദ്രൌപദിക്കുവേണ്ടി. എനിക്കുവേണ്ടി... നിന്റെ മാറുപിളര്‍ന്ന് ചോരകുടിക്കുമെന്നു ഞാന്‍ പറഞ്ഞത് ഓര്‍മയുള്ളവരൊക്കെ കാണാന്‍ വന്നുകൊള്ളട്ടെ!''
അവന്റെ കണ്ണില്‍ ഭീതി ഞാന്‍ കണ്ടു. 
നിഷാദരോട് ബാഹുയുദ്ധംചെയ്തു മുതിര്‍ന്ന ഭീമനെപ്പറ്റി അവന്‍ കേട്ടിട്ടേയുള്ളൂ. അവന്റെ ആവേശത്തില്‍ കാലും കൈയും ശിരസ്സും ഗദയാക്കിമാറ്റി അടിച്ചുകയറി. പിന്നെ ഞാന്‍ തുടങ്ങി...                   (രണ്ടാമൂഴം- à´Žà´‚ à´Ÿà´¿)


പ്രണയത്തിന്റെ സൌഗന്ധികപ്പൂക്കള്‍ കൈകളില്‍ ചേര്‍ത്തുവച്ച് മുന്നില്‍ ദ്രൌപദി. രണ്ടാമതായി, ഒരു ജന്മംമുഴുവന്‍ രണ്ടാമൂഴമേറ്റുവാങ്ങിയ മനോവേദന തിങ്ങിയ മുഖവുമായി ഭീമസേനന്‍, കാറ്റില്‍ പറന്നുയരുന്ന ഭീമന്റെ ചേലയുടെ അറ്റത്ത് കാട്ടുപൂക്കള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഹിഡുംബി. ഇത് മഹാഭാരതകഥയുടെ ഒരു ദൃശ്യ വിവരണമല്ല. à´Žà´‚ à´Ÿà´¿ വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' എന്ന നോവലിനെ അവലംബിച്ച് കുമിഴ് മരത്തില്‍ കൊത്തിയെടുത്ത ഒരു ശില്‍പ്പത്തിലെ രൂപങ്ങളാണ്. à´ˆ ശില്‍പ്പം ഇരിക്കുന്നത്  ഇന്ന് ഏറെ ആകസ്മികതകളാല്‍ ഏറ്റവും അനുയോജ്യമായ ഒരിടത്താണ്. അതെ, ഭീമസേനനായി മാറാന്‍ മനസ്സും ശരീരവുംകൊണ്ട് തയ്യാറെടുത്തുതുടങ്ങിയ മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍. എളമക്കരയിലുള്ള à´ˆ വീടിന്റെ കനത്ത വാതിലുകള്‍ കടന്നുചെല്ലുന്നവരെ à´ˆ അപൂര്‍വ ശില്‍പ്പം ഒരുനിമിഷം പിടിച്ചുനിര്‍ത്തും. രണ്ടുവര്‍ഷംമുമ്പ് ഒരു ത്രിസന്ധ്യാനേരത്ത് ശില്‍പ്പം മോഹന്‍ലാലിന് സമര്‍പ്പിച്ചുകൊണ്ട്  ചേര്‍പ്പ് സ്വദേശിയായ ശില്‍പ്പി സതീഷ്കുമാര്‍ പറഞ്ഞു: "രണ്ടാമൂഴം എന്നെങ്കിലും സിനിമയാകുകയാണെങ്കില്‍ അതില്‍ ഭീമനായി അഭിനയിക്കാന്‍ അങ്ങേയ്ക്ക് കഴിയട്ടെ.'' ശില്‍പ്പിയുടെ à´† വാക്കുകള്‍ വെറുമൊരു ആശംസയായിരുന്നില്ല; ശരിക്കും പ്രാര്‍ഥനയായിരുന്നു. രണ്ടാമൂഴത്തിലൂടെ കടന്നുപോയ ഓരോ സിനിമാപ്രേമിയുടെയും ആത്മാര്‍ഥമായ പ്രാര്‍ഥന. അത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. അറുപതാംപിറന്നാളില്‍ കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. ആയിരംകോടി മുതല്‍മുടക്കില്‍ രണ്ടാമൂഴം രണ്ടു ഭാഗങ്ങളിലായി സിനിമയാകുന്നു. 'മഹാഭാരതം' എന്ന പേരിലെത്തുന്ന രണ്ടാമൂഴത്തില്‍ കേന്ദ്രകഥാപാത്രമായ ഭീമനായി തിരശ്ശീലയിലെത്തുന്നത് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ à´† സന്ധ്യയില്‍ ഏറെ തിരക്കിലായിരുന്നു മോഹന്‍ലാല്‍. ഷൂട്ടിങ്ങിന്റെ ബഹളങ്ങളില്‍നിന്നൊഴിഞ്ഞുകിട്ടിയ ഏതാനും മണിക്കൂറുകള്‍ അമ്മയോടൊപ്പം കഴിയാനാണ് ചെന്നൈയില്‍നിന്ന് ലാല്‍ എളമക്കരയിലെ വീട്ടിലെത്തിയത്. ഇതിനിടയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായന. വെളുപ്പിന് നാലിന്് ദില്ലിയിലേക്കുള്ള യാത്ര, ദേശീയപുരസ്കാരം സ്വീകരിക്കാന്‍. അതുകഴിഞ്ഞ് സൌത്ത് ആഫ്രിക്കയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്ര. ഒരുക്കങ്ങള്‍ക്കിടയില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിനുവേണ്ടി മോഹന്‍ലാല്‍ സംസാരിച്ചുതുടങ്ങി. 

"ഞാന്‍ കാത്തിരിക്കുകയാണ്... ഭീമനുവേണ്ടി. ഓര്‍ത്തുനോക്കുമ്പോള്‍, ഭീമനുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ ഒരുപാട് നിമിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം രണ്ടാമൂഴത്തിലേക്കുള്ള വഴികളായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. എങ്ങനെ എപ്പോള്‍ എന്നൊന്നും പറയാനാകില്ലെങ്കിലും കുട്ടിക്കാലത്തുതന്നെ ഭീമന്‍ ഒരു ആവേശമായിരുന്നു. ഒരുപക്ഷേ അച്ഛനോടൊപ്പം ക്ഷേത്രത്തില്‍വച്ച് കണ്ട കഥകളിയില്‍ ഭീമനുണ്ടായിരിക്കാം. ബാല്യകാലത്തെ കുസൃതികളിലും വായനകളിലും സംസാരങ്ങളിലുമൊക്കെ ഭീമന്‍ കടന്നുവരാറുണ്ട്. ഭീമന്റെ ശക്തിയും ധൈര്യവും ഗദാവൈദഗ്ധ്യവും ഭക്ഷണത്തോടുള്ള താല്‍പ്പര്യവുമെല്ലാം എല്ലാ കുട്ടികളെയുംപോലെ എന്നെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു. വായുദേവന്റെ പുത്രനെ അന്നേ ഞാന്‍ മനസ്സില്‍കൊണ്ടുനടന്നിരുന്നോ എന്നറിയില്ല. എങ്കിലും ഭീമനോടുതോന്നിയ à´† ഇഷ്ടത്തിനൊപ്പം കാലം എന്തോ എനിക്കായി കരുതിവച്ചിരുന്നു. രണ്ടാമൂഴത്തിലെ ഭീമനായി അഭ്രപാളിയിലെത്താന്‍ ലഭിച്ച മഹാഭാഗ്യത്തിലൂടെ അതാകാം പൂര്‍ത്തീകരിക്കപ്പെടുന്നത്. അതെനിക്കുലഭിച്ച പുണ്യമായി ഞാന്‍ കാണുന്നു.''- അമ്പത്തേഴിന്റെ നിറവിലിരുന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

# ഇന്ത്യന്‍ സിനിമയുടെ ദിശാമാറ്റത്തിനുതന്നെ വഴിയൊരുക്കുന്ന 'മഹാഭാരതം' യാഥാര്‍ഥ്യമാകാന്‍പോകുകയാണ്. à´ˆ ബൃഹദ്സംരംഭത്തില്‍ പങ്കുചേരാന്‍പോകുമ്പോള്‍ എന്താണ് മനസ്സില്‍? 

-മഹാഭാരതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരുപാട് എപ്പിസോഡുകള്‍ ലോകത്ത് സിനിമയായിട്ടുണ്ട്. മാത്രമല്ല, മഹാഭാരതകഥയെ അധികരിച്ച് നാടകങ്ങളുമുണ്ടായിട്ടുണ്ട്. ഒരു എപ്പിക് എന്ന നിലയില്‍ മഹാഭാരതകഥ ലോകത്ത് ഒരുപാട് പേര്‍ക്ക് അറിയാവുന്ന ഒന്നാണ്. ഇതൊന്നുമല്ലാത്ത ഒരു പേഴ്സ്പെക്ടീവില്‍ മഹാഭാരതസിനിമ ഒരു ക്ളാസിക്കായി മാറണം. അത് അതിന്റെ അണിയറപ്രവര്‍ത്തകരുടെ ധര്‍മമാണ്. നിര്‍മാതാവായ ബി ആര്‍  ഷെട്ടിയും സംവിധായകനായ ശ്രീകുമാര്‍മേനോനും à´ˆ സിനിമയുടെ പോസിബിലിറ്റി ശരിക്കും തിരിച്ചറിഞ്ഞവരാണ്. അതിന്റെ ഭാഗമാകാനേ എനിക്കു കഴിയൂ. 

# അഭിനയജീവിതത്തിന്റെ പല കാലങ്ങളില്‍ ഭീമന്‍ മോഹന്‍ലാലിനൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നല്ലോ?

-ഭീമന്‍ പലപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. 1985ല്‍ എം ടി സാറിന്റെ 'രംഗം' എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി കഥകളിനടന്റെ വേഷമിട്ടത്. അതില്‍ ഭീമനായി പകര്‍ന്നാടാന്‍ കഴിഞ്ഞത് രണ്ടാമൂഴത്തിലേക്കുള്ള തുടക്കമായി ഞാന്‍ കാണുന്നു. പിന്നീട് 1999ല്‍ 'വാനപ്രസ്ഥ'ത്തിലും ഭീമനായി വേഷമിട്ടു. തുടര്‍ന്നാണ് 2003ല്‍ മലയാള നോവല്‍ സാഹിത്യം നൂറുവര്‍ഷം പിന്നിട്ടപ്പോള്‍ 'കഥയാട്ടം' എന്ന പരിപാടി അവതരിപ്പിക്കുന്നത്. ഇന്ദുലേഖമുതല്‍ രണ്ടാമൂഴംവരെ നീളുന്ന മലയാളത്തിലെ മികച്ച പത്തു നോവലുകളില്‍നിന്ന് പത്ത് കഥാപാത്രങ്ങളെ പകര്‍ന്നാടുക എന്നതായിരുന്നു ആശയം. അതിലെ ഭീമന്‍ വ്യത്യസ്തമായ ഒരനുഭവമായിരുന്നു. അതുംകഴിഞ്ഞാണ് മുകേഷിനോടൊപ്പം 'ഛായാമുഖി' നാടകം ചെയ്യുന്നത്. അതിലും ഞാന്‍ ഭീമനായി അരങ്ങിലെത്തി. മഹത്തായ ഒരു കര്‍മത്തിലേക്കുള്ള പാഥേയങ്ങളായിരുന്നു ഇതെല്ലാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ മഹാഭാരതത്തിലെ ഭീമനായി അഭിനയിക്കാന്‍ എന്റെ പേര് നിര്‍ദേശിച്ചതും എം ടി സാറാണ്. അതിലെനിക്ക് സാറിനോട് ഒരുപാട് നന്ദിയുണ്ട്.

# ഭീമനെ അവതരിപ്പിക്കുമ്പോള്‍ നടനെന്ന നിലയില്‍ എന്തെല്ലാം വെല്ലുവിളികളാണ് താങ്കള്‍ക്ക് നേരിടേണ്ടിവരിക?


- à´Žà´‚ à´Ÿà´¿ സാര്‍ എഴുതിയ ഭീമനെ ഞാനെങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്ന് എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. സാര്‍ പലപ്പോഴും പറയാറുണ്ട്, എഴുത്തുകാരന്റെയും സംവിധായകന്റെയും മനസ്സിലുള്ള കഥാപാത്രത്തിനപ്പുറമുള്ള ഡയമെന്‍ഷന്‍ നല്‍കാന്‍ ഒരു നടനു കഴിയണമെന്ന്. സാര്‍ എഴുതിയതിനേക്കാളും മുകളില്‍ ഞാന്‍ ഭീമനെ അറിയുകയും അനുഭവിക്കുകയും ചെയ്തെങ്കില്‍മാത്രമേ അത് സാധ്യമാകൂ.  കഥാപാത്രമേതായാലും മുന്‍കൂട്ടി തയ്യാറെടുപ്പുകളൊന്നും ഞാന്‍ നടത്താറില്ല. അങ്ങനെ ചെയ്യുന്ന എത്രയോ വലിയ നടന്മാര്‍ ലോകസിനിമയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സ്ക്രിപ്റ്റ് വായിച്ചശേഷം കൊസ്റ്റ്യൂം ഇട്ട് ഒരു പ്രതലത്തിലെത്തി 'സ്റ്റാര്‍ട്ട് ക്യാമറ... ആക്ഷന്‍' എന്ന് കേള്‍ക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഒരു എനര്‍ജി വരും. അത് അറിയാതെ ഒരു നടനുകിട്ടുന്ന ബ്ളെസ്സിങ്ങാണ്. à´† ബ്ളെസ്സിങ്ങിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

# ശാരീരികമായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടിവരിക?


-ഭീമന്‍ എന്ന കഥാപാത്രത്തിലേക്ക് ഞാന്‍ ഇറങ്ങിച്ചെല്ലുന്നതിനുമുമ്പ് ഒരുപാട് കായികാഭ്യാസങ്ങള്‍ പഠിക്കാനുണ്ട്. ഇതിന്റെ ഫൈറ്റ് മാസ്റ്റേഴ്സ് എല്ലാം പുറത്തുനിന്നുള്ളവരാണെങ്കില്‍ അവര്‍ വരണം. ഭീമന്റെ ആയുധം ഗദയാണ്. ഗദായുദ്ധം പരിശീലിക്കുന്നതോടൊപ്പം മറ്റു രീതിയിലുള്ള ആയുധപരിശീലനങ്ങള്‍കൂടി അഭ്യസിക്കണം. അതിനൊക്കെ മാസങ്ങള്‍തന്നെ വേണ്ടിവന്നേക്കാം. പിന്നെ ഒന്നരവര്‍ഷത്തിലധികം ഞാന്‍ മറ്റു പ്രോജക്ടുകളില്‍നിന്നെല്ലാം മാറിനില്‍ക്കണം. മൊത്തത്തില്‍ ശരീരവും മനസ്സും ഭീമനിലേക്ക് മാറ്റണം. അതിനുള്ള സമയമായി വരുന്നതേയുള്ളൂ. 

# രണ്ടാമൂഴം പലതവണ വായിച്ചിട്ടുണ്ടാകുമല്ലോ. എം ടിയുടെ വരികളിലൂടെ ഭീമനിലേക്കെത്തുമ്പോഴുള്ള ആ അനുഭവം എങ്ങനെയായിരുന്നു?

-എത്രതവണ വായിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. എത്ര വായിച്ചാലും മതിവരാത്ത ഒരനുഭവമായി അതിപ്പോഴും എന്നിലുണ്ട്. രണ്ടാമൂഴത്തിന്റെ താളുകളിലൂടെ ഓരോ തവണയും കയറിയിറങ്ങുമ്പോള്‍ ഒരു നടനെന്ന നിലയില്‍ ഭീമന്‍ എന്നില്‍ ആവേശിച്ചിരുന്നു. പക്ഷേ, അതിലെ ഭീമനായി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എനിക്കൊരിക്കലും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. ആയുര്‍വേദചികിത്സയിലിരിക്കെയാണ് 'മഹാഭാരത'ത്തിന്റെ തിരക്കഥ വായിച്ചത്. നോവല്‍ വായിച്ച അനുഭവംതന്നെയാണ് തിരക്കഥ വായിച്ചപ്പോഴുമുണ്ടായത്.

# രണ്ടാമൂഴം സിനിമയാകുന്ന കാര്യം താങ്കള്‍ അമ്മയോട് പറഞ്ഞിരുന്നുവോ?

-അമ്മയുടെ മനസ്സ് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. അതെനിക്ക് à´† കണ്ണുകളില്‍നിന്ന് വായിച്ചെടുക്കാം. അമ്മ ഒരുപാട് വായിക്കുമായിരുന്നു. കുട്ടിക്കാലത്ത് മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ എനിക്ക് പറഞ്ഞുതന്നത് അമ്മയായിരുന്നു. അമ്മയുടെ വാക്കുകളിലൂടെ എന്റെ കുഞ്ഞുമനസ്സില്‍ ഇടംനേടി വളര്‍ന്നുവലുതായ  ഭീമനായി ഞാനഭിനയിക്കാന്‍ പോകുന്നുവെന്ന സന്തോഷം അമ്മയെ ആദ്യമേ അറിയിച്ചിരുന്നു. വലിയ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നുമില്ലാതെ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ല്‍ അഭിനയിക്കാന്‍ 38 വര്‍ഷംമുമ്പ് മുടവന്‍മുകളിലെ വീടിന്റെ പടിയിറങ്ങുമ്പോള്‍ അമ്മയുടെയും അച്ഛന്റെയും പ്രാര്‍ഥന ഉണ്ടായിരുന്നു. 'നന്നാകും, നന്നായിവരട്ടെ' എന്ന് അവരുടെ മനസ്സ് അപ്പോള്‍ പറഞ്ഞിരിക്കാം. ഇന്ന് രണ്ടാമൂഴത്തില്‍ ഞാന്‍ അഭിനയിക്കാന്‍പോകുന്നുവെന്ന് അമ്മയെ അറിയിച്ചപ്പോഴും à´† വാക്കുകള്‍തന്നെയാകും അമ്മയുടെ മനസ്സ് മന്ത്രിച്ചിട്ടുണ്ടാകുക.

#  മകനും സിനിമാരംഗത്തേക്ക് എത്തിയിരിക്കുകയാണല്ലോ. പ്രണവിന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള താങ്കളുടെ ചിന്തകളും പ്രതീക്ഷകളും എന്തെല്ലാമാണ്?  

- സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ഞാന്‍ എന്റെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആദ്യം ഡിഗ്രി എടുക്കാനാണ്. ഡിഗ്രി പൂര്‍ത്തിയാക്കിയശേഷമാണ് ഞാന്‍ സിനിമയില്‍ എത്തിയത്. എന്റെ മകന്‍ അപ്പു (പ്രണവ്)വിനോട് സിനിമയില്‍ അഭിനയിക്കാന്‍ പലരും പറഞ്ഞിരുന്നു. ഞാനും പറഞ്ഞതാണ്. സ്കൂളില്‍ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നെങ്കിലും സിനിമാഭിനയത്തോട് അന്ന് അയാള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. പിന്നീട് രണ്ട് സിനിമയ്ക്ക് അസി. ഡയറക്ടറായി അവന്‍ വര്‍ക്ക് ചെയ്തു. ഒരു സിനിമ ഉണ്ടാക്കുന്നതെങ്ങനെ എന്ന പഠനമായിരുന്നു അത്. പിന്നീട് ഏതോ ഒരു നിമിഷത്തില്‍ അപ്പു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. മകനായാലും മകളായാലും എന്റെ ഇഷ്ടങ്ങളൊന്നുംതന്നെ ഞാന്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാറില്ല. അപ്പുവിന് ഇരുപത്താറ് വയസ്സായി. അവന്റെ ഈ പ്രായത്തില്‍ 'രാജാവിന്റെ മകന്‍' പോലുള്ള വലിയ സിനിമകള്‍ ഞാന്‍ ചെയ്തുകഴിഞ്ഞിരുന്നു. അപ്പുവിനുവേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ക്ക് എന്നെക്കൊണ്ട് ഹെല്‍പ്പ് ചെയ്യാന്‍ പറ്റിയേക്കും. അല്ലാതെ ഒരു സെറ്റില്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. ഇത് ഒരു മെയ്ക്ക് ബിലീഫ് ആണ്. സ്വന്തമായൊരു ശൈലി അപ്പു ഉണ്ടാക്കിയെടുക്കണം. നല്ല സിനിമകള്‍ കിട്ടണം. സിനിമകള്‍ നന്നായി വിജയിക്കണം. നന്നായി വരട്ടെ എന്ന് എന്റെ അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചപോലെ പ്രാര്‍ഥിക്കാനേ ഇപ്പോള്‍ കഴിയൂ. കാരണം, സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവുമാത്രം പോരാ ഭാഗ്യവും വേണം.

# പുതിയ താരനിര മലയാളത്തില്‍ ഉയര്‍ന്നുവരികയാണ്. ലാല്‍ സിനിമയിലെത്തിയ കാലവുമായി താരതമ്യംചെയ്യുമ്പോള്‍ ഈ പുതുമുഖസിനിമകളെ എങ്ങനെ കാണുന്നു?

- ഞാന്‍ സിനിമയില്‍ വന്ന കാലത്തും പ്രഗത്ഭരുടെ നിര മലയാളത്തില്‍ ഉണ്ടായിരുന്നു. നസീര്‍സാര്‍, മധുസാര്‍, ജയന്‍, സുകുമാരന്‍, സോമന്‍ അങ്ങനെ എത്രയോ പേര്‍. അവരുടെ വന്‍ സിനിമകള്‍ക്കിടയിലാണ് തീര്‍ത്തും പുതുമുഖങ്ങളായ ഞങ്ങളുടെ സിനിമകള്‍ അംഗീകരിക്കപ്പെട്ടത്. ആ പ്രവണത ഇന്നും തുടരുന്നു. പുതിയ കുട്ടികള്‍ക്ക് സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും നന്നായറിയാം. അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. പുതിയ കുട്ടികള്‍ ഉയര്‍ന്നുവരട്ടെ. ആ ഫയറില്‍നിന്ന് നമ്മളും ജോലിചെയ്യുക എന്നത് രസകരമായ കാര്യമല്ലേ.

# കേരളത്തിന് 60 വയസ്സായി. മോഹന്‍ലാലിന് അമ്പത്തേഴും. ഈ കാലത്തെ വിലയിരുത്തുമ്പോള്‍?

- മുപ്പത്തെട്ടുവര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. അതിപ്പോഴും തുടരുന്നു. കേരളപ്പിറവിക്കു മുമ്പും ശേഷവുമുണ്ടായ എത്രയോ വലിയ നടീനടന്മാരോടൊപ്പം ഇക്കാലത്തിനിടയില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നത് വലിയൊരു ഭാഗ്യംതന്നെയാണ്. സിനിമയുടെ വളര്‍ച്ചയോടൊപ്പം ഞാനിപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എത്രയോ വിഷയങ്ങള്‍ കൈകാര്യംചെയ്ത പല സിനിമകളിലും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമ തന്ന സൌഹൃദങ്ങള്‍പോലെതന്നെ കേരളത്തിലെ ജനനേതാക്കളുമായുള്ള വ്യക്തിപരമായ സൌഹൃദങ്ങളും ഞാന്‍ ഏറെ വിലമതിക്കുന്നു. അതിലേറെയും എന്റെ അച്ഛനിലൂടെയാണ്. à´—à´µ. ലോ സെക്രട്ടറിയായിരുന്നു എന്റെ അച്ഛന്‍. à´‡ à´Žà´‚ എസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം എനിക്കുണ്ടായില്ല. കെ കരുണാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമായിരുന്നു. നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യം എന്നോടുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ 'വിശ്വനാഥന്‍നായരുടെ മോനേ' എന്നാണ് എന്നെ വിളിച്ചിരുന്നത്. എനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൌഹൃദമുണ്ട്. 

# മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനില്‍നിന്ന് മഹാഭാരതത്തിലെ ഭീമനിലെത്തുമ്പോള്‍ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന് 40 വര്‍ഷം പൂര്‍ത്തിയാകും. ഒരു നടനെന്ന നിലയില്‍ സിനിമയില്‍ ഭീമനോളം വലുതൊന്നും ചെയ്യാനില്ലെന്ന തോന്നലുണ്ടായാല്‍ മോഹന്‍ലാല്‍ അഭിനയംനിര്‍ത്തുമോ?

- എനിക്ക് പറയാന്‍ പറ്റില്ല. ഒട്ടും ആശങ്കകളുമില്ല. ഇതുവരെ ചെയ്തതിലും വലിയ വേഷങ്ങളൊന്നും ഇനി ചെയ്യാനില്ലെന്നും ലഭിക്കാനില്ലെന്നും ബോധ്യമായി അഭിനയം നിര്‍ത്തിയ എത്രയോ വലിയ നടന്മാര്‍ ലോകസിനിമയിലുണ്ട്. അവരില്‍ പലരും കുറെക്കാലം വെറുതെയിരുന്ന് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവന്ന ചരിത്രവുമുണ്ട്. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നാണല്ലോ പറയാറുള്ളത്. ഈ നിമിഷംവരെ അഭിനയത്തിനോട് എനിക്കൊരു മടുപ്പും തോന്നിയിട്ടില്ല. എന്നെങ്കിലും അങ്ങനെ തോന്നിയാല്‍ അന്ന് നിര്‍ത്തും. പിന്നീടുള്ള യാത്ര എന്തെന്ന് ഇപ്പോള്‍ പറയാനാകില്ല. ജീവിതം ഇപ്പോഴും എനിക്കൊരു വിസ്മയമാണ്. ഭീമന്റെ വീരകഥകള്‍ കേട്ടുവളര്‍ന്ന എനിക്ക് നാടകത്തിലും സിനിമയിലുമെല്ലാം ഭീമനാകാന്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഒരു മഹാവിസ്മയമായി മഹാഭാരതത്തിലെ ഭീമനിലേക്ക് എന്റെ മനസ്സും ശരീരവും കടന്നുചെല്ലുകയാണ്. അതു പൂര്‍ത്തിയാകുംവരെ ഞാന്‍ എന്റെ അഭിനയയാത്ര തുടരട്ടെ.

ഭീമന്റെ ഭൂമികയിലേക്കുള്ള മോഹന്‍ലാലിന്റെ യാത്രയില്‍ അഭിമാനിക്കാം; നമ്മുടെ ഭാഷയ്ക്കും ഓരോ മലയാളിക്കും. നമുക്ക് കാത്തിരിക്കാം. എം ടി മലയാളത്തിനുനല്‍കിയ കരുത്തനായ ആ കഥാപാത്രത്തിന്റെ അഭ്രരൂപത്തിനായി *

bhanuprakasheditor@gmail.com

Related News