Loading ...

Home cinema

ഹോളിവുഡ് നടി ഒളിംപ്യ ഡുക്കാകസ് അന്തരിച്ചു

ന്യൂയോര്‍ക്ക് : പ്രശസ്ത ഹോളിവുഡ് നടിയും ഓസ്കര്‍ ജേതാവുമായ ഒളിംപ്യ ഡുക്കാകസ് (89) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്കിലെ സ്വവസതിയിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങളില്‍ സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ ഒളിംപ്യ മൂണ്‍ സ്ട്രക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്കര്‍ നേടി. ഏറെക്കാലം തിയറ്റര്‍ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഡുക്കാകസ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. നര്‍മ്മ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച ഒളിംപ്യ തന്റെ അഭിനയ മികവിലൂടെ വൈകാതെ മുന്‍നിര അഭിനേത്രിയായി. 1931ജൂണ്‍ 20 ന് അമേരിക്കയിലെ ലോവലില്‍ ജനിച്ച ഒളിംപ്യയുടെ മാതാപിതാക്കള്‍ ഗ്രീക്ക് കുടിയേറ്റക്കാരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തു. ആദ്യ കാലത്ത് അദ്ധ്യാപികയായിരുന്നു. പിന്നീട്. നാടക രംഗത്ത് സജീവമായി. അഭിനേതാവ്, സംവിധായിക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 1963 ല്‍ മാന്‍ ഈക്വല്‍സ് മാന്‍ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഒബി അവാര്‍ഡ് കരസ്ഥമാക്കി. 1964ല്‍ പുറത്തിറങ്ങിയ ട്വൈസ് എ മാന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മോര്‍ ടെയ്ല്‍സ് ഒഫ് ദ സിറ്റി, ജോവാന്‍ ഒഫ് ആര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. 2021ല്‍ പുറത്തിറങ്ങിയ നോട്ട് ടു ഫോര്‍ഗട്ടാണ് അവസാന ചിത്രം. 1988ലാണ് നോര്‍മന്‍ ജ്യൂയ്സണ്‍ സംവിധാനം ചെയ്ത മൂണ്‍സ്ട്രക്കിലെ റോസ് കാസ്ടോറിനി എന്ന കഥാപാത്രം അവിസ്മരണീയമാക്കിയതിന് ഡുക്കാകസിന് ഓസ്കര്‍ ലഭിക്കുന്നത്. 1989 ല്‍ ഒളിംപ്യയുടെ ഓസ്കര്‍ മോഷ്ടിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. മികച്ച അഭിനേതാവ് എന്നതിലുപരി മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വ്യക്തി കൂടിയായിരുന്നു ഡുക്കാകസ്. സ്ത്രീകളുടെയും ട്രാന്‍സ്ജന്‍ഡറുകളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. അന്തരിച്ച നടന്‍ ലൂയിസ് സോറിച്ചാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്.

Related News