Loading ...

Home National

ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതര്‍ 3.23 ലക്ഷം കടന്നു; ഹരിയാനയിലും പ്രാണവായു കിട്ടാതെ മരണം

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ തുടര്‍ച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,23,144 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2771 പേര്‍ മരണമടഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ 17,333 പേരാണ് മരിച്ചത്. ഈ മാസം മാത്രം 34,595 പേര്‍ മരണമടഞ്ഞു.

2,51,827 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,76,36,307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,45,56,209 പേര്‍ രോഗമുക്തരായപ്പോള്‍. 1,97,894 പേര്‍ മരണമടഞ്ഞു. 28,82,204 പേരാണ് ചികിത്സയിലുള്ളത്. 14,52,71,186 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

28,09,79,877 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ ഇതുവരെ നടത്തി. ഇന്നലെ മാത്രം 16,58,700 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു. ഛത്തീസ്ഗഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കോവിഡിനെ നേരിടാന്‍ ബ്രിട്ടണില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്നു പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി. 100 വെന്റിലേറ്ററുകള്‍, 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രാക്‌ടേസ് തുടങ്ങിയവയാണ് എത്തിയത്. ഇന്ത്യയ്ക്ക് ഓക്‌സിജന്‍ ജനറേറ്ററുകളും ലിക്വിഡ് ഒ2, വെന്റിലേറ്ററുകള്‍ തുടങ്ങിയവ നല്‍കുമെന്ന് ഫ്രാന്‍സും വ്യക്തമാക്കി.ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്കുള്ള ഓക്‌സിജനുമായി ഛത്തീസ്ഗഡിലെ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും പ്രത്യേക െട്രയിന്‍ പുറപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയിലെ യു.എസ് നയതന്ത്ര സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരും കോവിഡ് ബാധിച്ച്‌ മരണമടഞ്ഞു. കഴിഞ്ഞയാഴ്ചകളില്‍ വിവിധ യു.എസ് എംബസിയിലും കോണ്‍സുലേറ്റുകളിലും നടന്ന കോവിഡ് പരിശോധനയില്‍ 100ല്‍ ഏറെ പേര്‍ക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.അതിനിടെ, ഹരിയാനയിലെ റിവാരി, ഹിസാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ആഭ്യന്തരമന്ത്രി അനില്‍ വിജും മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.ഞായറാഴ്ച റിവാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് പേരും തിങ്കളാഴ്ച പുലര്‍ച്ചെ ഹിസാറില്‍ അഞ്ച് പേരുമാണ് മരിച്ചത്.


Related News