Loading ...

Home Kerala

തലസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം: വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് അവശരായി വയോജനങ്ങള്‍. മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്ന് രണ്ടു പേര്‍ തളര്‍ന്നുവീഴുകയും പലര്‍ക്കും ശാരീരികമായ അവശതകളും നേരിടുന്നു. വലിയ ജനത്തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ക്ക് മണിക്കൂറുകള്‍ നില്‍ക്കേണ്ടി വരികയും വാക്‌സിന്‍ സ്വീകരിക്കാന്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയുമായിരുന്നു. മണിക്കൂറുകളായി വാക്‌സിന് വേണ്ടി കാത്ത് നില്‍ക്കുന്നവര്‍ക്ക് നാലു മണിക്കൂറുകള്‍ പിന്നിട്ടിട്ടും ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രമായ ജിമ്മിജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ സാമൂഹിക അകലം പോലുംപാലിക്കാതെയാണ് ആള്‍ക്കാര്‍ നില്‍ക്കുന്നത്. 11 മണിക്ക് വാക്‌സിനേഷന്‍ സമയം കിട്ടിയവര്‍ പോലും രാവിലെ എട്ടു മണിക്ക് തന്നെ കേന്ദ്രത്തില്‍ എത്തിയിരുന്നു. അതേസമയം ജനങ്ങള്‍ സമയക്രമം പാലിക്കാത്തതാണ് തിരക്കിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സമയം കിട്ടിയവര്‍ മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയതാണ് പ്രശ്‌നമായിരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ഇനി മുതല്‍ റജിസ്റ്റര്‍ ചെയ്ത സമയത്ത് മാത്രം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ക്യൂവില്‍ നില്‍ക്കുന്ന ഭൂരിപക്ഷം പേര്‍ക്കും നല്‍കിയിരിക്കുന്ന സമയം പത്തിനും 11 നും ഇടയിലാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ക്യൂവില്‍ വളരെ നേരം നില്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ രണ്ടു വയോധികര്‍ തളര്‍ന്നു വീണിരുന്നു. പലരും വാക്‌സിനേഷന്‍ സെന്ററിന് സമീപത്തെ തണലില്‍ മതിലിലും മറ്റും ഇരിക്കുകയാണ്. അധികൃതര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related News