Loading ...

Home International

ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ചൈനയും

കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച്‌ 400 ല്‍കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ആയിരത്തോളം കുറ്റവാളികള്‍ക്ക് മരണശിക്ഷ നല്‍കി ചൈനയും പട്ടികയില്‍ മുന്‍പന്തിയിലാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. വധിക്കപ്പെട്ട 483 പേരില്‍ 88 ശതമാനവും ഇറാന്‍, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയവയാണ്. "ദി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ ഡോഗ് " എന്ന സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചൈന നടപ്പാക്കുന്ന മരണശിക്ഷകളുടെ വ്യക്തമായ കണക്കുകള്‍ രഹസ്യമാണെങ്കിലും ആയിരത്തോളം കുറ്റവാളികളുടെ വധശിക്ഷ വര്‍ഷംതോറും നടപ്പാക്കുന്നുണ്ടെന്നാണ് അനുമാനിയ്ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിയ്ക്കാത്തതിനും മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കും മറ്റ് അഹിംസാ പ്രവൃത്തികള്‍ക്കും വരെ ചൈന വധശിക്ഷ നടപ്പാക്കുന്നുണ്ട്. ഉത്തരകൊറിയയിലെയും വിയറ്റ്നാമിലെയും കൃത്യമായ വധശിക്ഷ കണക്കുകള്‍ ലഭ്യമല്ല. ചൈനയെക്കൂടാതെ ലോകത്താകമാനം, കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ വധശിക്ഷയുടെ എണ്ണത്തില്‍ 26 ശതമാനം കുറവാണുണ്ടായിരിയ്ക്കുന്നത്. കോവിഡ് സാഹചര്യമാണ് നിരക്ക് കുറയാന്‍ കാരണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിശദീകരിച്ചു. 18 വയസ്സില്‍ താഴെയുള്ള മൂന്നുപേരുള്‍പ്പടെ 246 പേര്‍ക്കാണ് ഇറാന്‍ വധശിക്ഷ നടപ്പാക്കിയത്.

വിമതര്‍ക്കും പ്രതിഷേധക്കാര്‍ക്കും വംശീയ ന്യൂനപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ അടിച്ചമര്‍ത്തലിനുള്ള ഉപകരണമായി ഇറാന്‍ വധശിക്ഷയെ ഉപയോഗപ്പെടുത്തുന്നുണ്ട്. 107 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് ഈജിപ്തിലുണ്ടായിരിയ്ക്കുന്നത്. ഇറാഖില്‍ ഒറ്റ ദിവസത്തില്‍ 21 പേരെ തൂക്കിലേറ്റിയതുള്‍പ്പടെ ആകെ 45 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയിലെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ 187 ല്‍ നിന്നും 85 ശതമാനം കുറഞ്ഞ് 27 ആയിട്ടുണ്ട്. ആംനസ്റ്റിയുടെ കണക്കുകള്‍ പ്രകാരം 18 രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ശിരഛേദം, വിദ്യുച്ഛക്തിയുപയോഗിച്ച്‌ വധിക്കല്‍, തൂക്കിക്കൊല്ലല്‍, ലെതല്‍ ഇന്‍ജക്‌ഷന്‍, വെടിവയ്പ്പ് എന്നിവ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളാണ് രാജ്യങ്ങള്‍ ശിക്ഷാനടപ്പാക്കാനായി ഉപയോഗിച്ചുവരുന്നത്.

Related News