Loading ...

Home International

അമേരിക്ക- റഷ്യ ബന്ധം ഉലയുന്നു;യു.എസ്​ അംബാസഡര്‍ മോസ്​കോ വിടുന്നു

മോസ്​കോ: ജോ ബൈഡന്‍ പ്രസിഡന്‍റായി എത്തിയ ശേഷം റഷ്യയുമായി ബന്ധം വഷളാകുന്നതിന്‍റെ പുതിയ സൂചനയായി അംബാസഡറുടെ മടക്കം. റഷ്യയിലെ യു.എസ്​ അംബാസഡര്‍ ജോണ്‍ സുള്ളിവനാണ്​ താന്‍ മടങ്ങുകയാണെന്ന്​ പ്രഖ്യാപിച്ചത്​. ചര്‍ച്ചകളുടെ ഭാഗമായി മടങ്ങുകയാണെന്നാണ്​ സുള്ളിവന്‍റെ ഔദ്യോഗിക വിശദീകരണം. ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ ബന്ധം വഷളായി തുടരുന്നതിനാല്‍ യു.എസ്​ പ്രതിനിധി രാജ്യം വിടണമെന്ന്​ നേരത്തെ റഷ്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെ, ഇരു രാജ്യങ്ങളിലെയും എംബസികളില്‍ പരസ്​പരം അംബാസഡര്‍മാര്‍ ഉണ്ടാകില്ല.യുക്രെയ്​നിലെ റഷ്യന്‍ സൈനിക വിന്യാസവും അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലെ ഇടപെടലും ആരോപിച്ച്‌​ നേരത്തെ റഷ്യക്കെതിരെ യു.എസ്​ ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ തിരിച്ചും ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ പ്രതിപക്ഷ നേതാവ്​ നാവല്‍നിയുടെ ജീവന്‍ അപകടത്തിലാക്കി വിഷം നല്‍കിയതും ബന്ധം വഷളാക്കിയ ഘടകമാണ്​. കഴിഞ്ഞ മാര്‍ച്ചിലാണ്​ വാഷിങ്​ടണിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോളി ആന്‍റനോവിനെ മോസ്​കോയിലേക്ക്​ മടക്കിവിളിച്ചത്​്​. പുടിന്‍ കൊലയാളിയാണെന്ന്​ ബൈഡന്‍ മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത്​ പുറത്തുവന്നതോടെയായിരുന്നു പിന്‍വലിക്കല്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉച്ചകോടി നടത്തുന്നത്​ സംബന്ധിച്ച്‌​ നേരത്തെ ജോ ബൈഡനും വ്ലാഡ്​മിര്‍ പുടിനും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും എവി​ടെയുമെത്തിയിട്ടില്ല. അടുത്ത ആഴ്ചകളില്‍ നടത്തല്‍ അസാധ്യമാണെന്ന്​ ക്രൈംലിന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ്​ റഷ്യക്കെതിരെ കടുത്ത ഉപരോധം നടപ്പാകുന്നത്​. 10 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്​ഥരെ പുറത്താക്കുകയും ചെയ്​തു. പ്രതികാരമായി റഷ്യയിലെ 10 യു.എസ്​ നയതന്ത്ര ഉദ്യോഗസ്​ഥരെയും പുറത്താക്കി. സുള്ളിവനെ പുറത്താക്കിയില്ലെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ അങ്ങനെ തീരുമാനമെടുക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. 1952ലാണ്​ അവസാനമായി ഒരു യു.എസ്​ അംബാസഡറെ റഷ്യ പുറത്താക്കുന്നത്​- ജോര്‍ജ്​ എഫ്​. കെന്നനായിരുന്നു അത്​.

Related News