Loading ...

Home National

കുംഭമേള; ഉത്തരാഖണ്ഡില്‍ കോവിഡ് കേസുകള്‍ 89 മടങ്ങായി വർദ്ധിച്ചു

ലക്‌നൗ: തബ്ലീഗായാലും കുംഭമേളയായാലും വിശ്വാസത്തിന്റെ പേരില്‍ കോവിഡ് പ്രോട്ടോകോള്‍ അവഗണിപ്പെട്ട് ജനങ്ങള്‍ തടിച്ചു കൂടിയ പരിപാടികളെല്ലാം കോവിഡിന് ചാകരക്കാലമെന്ന് രോഗവ്യാപന കണക്കുകള്‍. ആദ്യ തരംഗത്തില്‍ തബ് ലീഗ് വന്‍ വിമര്‍ശനം നേടിയപ്പോള്‍ രണ്ടാം തരംഗത്തില്‍ കുംഭ മേള നടക്കുന്ന ഈ മാസത്തെ ആദ്യ രണ്ട് ആഴ്ചകളില്‍ മാത്രം ഉത്തരാഖണ്ഡില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നത് 89 മടങ്ങായി. ഫെബ്രുവരി 14 മുതല്‍ 28 വരെ 172 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ റിപ്പോര്‍ട്ട് ചെയ്തത് 15,333 കേസുകള്‍. ജനലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയ്ക്കായി ഏപ്രില്‍ 12 ,14 തീയതികളിലായി ഹരിദ്വാറില്‍ 50 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കുകള്‍. വെറും 30 മുതല്‍ 60 വരെ ആയിരുന്നു പ്രതിദിന കണക്കുകള്‍ കുംഭമേള തുടങ്ങിയതിന് പിന്നാലെ 2000 വും 2500 വരെ ആയി. വെള്ളിയാഴ്ച മാത്രം ഉത്തരാഖണ്ഡില്‍ 2,402 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുംഭമേള നിര്‍ത്തി വെയ്ക്കണോ എന്ന തരത്തിലേക്ക് വരെ ആലോചനകള്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കുംഭമേളയിലെ സന്യാസി സമൂഹത്തിലെ നിരഞ്ജനി അഖാഡ സെക്രട്ടറിക്കുള്‍പ്പെടെ 24 സന്യാസിമാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതുവരെ 54 സന്യാസിമാര്‍ക്ക് കൊവിഡ് ബാധിച്ചതായിട്ടാണ് ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ. ഝാ പറയുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ പങ്കെടുക്കുന്ന 13 സന്യാസി വിഭാഗങ്ങളില്‍ നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങള്‍ മടങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചത്. നേരത്തേ കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന കുംഭമേളയെ വിമര്‍ശിച്ച്‌ ഒട്ടേറെ പ്രമുഖരാണ് രംഗത്ത് വന്നത്. കുംഭമേളയെ 'കൊറോണാ ആറ്റംബോംബ്' എന്ന് പ്രമുഖ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ കളിയാക്കിയായിരുന്നു. കുംഭമേളയ്ക്ക് ഇന്ത്യയുടെ ഗുഡ്‌ബൈ. കൊറോണയ്ക്ക് സ്വാഗതം എന്നാണ് ഒരു പോസ്റ്റ്. ലോക്ക് ഡൗണിന് 'ബ്രേക്ക് ദി ചെയിന്‍' എന്ന പുതിയ പേര് കിട്ടിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനം. കുംഭമേളയില്‍ പങ്കെടുത്ത മടങ്ങുന്നവര്‍ മാസ്‌ക്ക് ധരിക്കേണ്ട കാര്യമില്ല. അവര്‍ ഗംഗയില്‍ വൈറസിനെ കഴുകിക്കളഞ്ഞവരാണ് എന്നും പരിഹസിച്ചിരുന്നു. പിന്നാലെ നടി പാര്‍വ്വതിയും വിമര്‍ശനവുമായി എത്തിയിരുന്നു. തബ്ലീഗിനെ പഴിക്കുന്നവര്‍ കുംഭമേളയില്‍ ആളു കൂടിയത് കണ്ട് മിണ്ടാതിരിക്കുന്നു എന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. നേരത്തേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കുംഭമേളെ അനുകൂലിച്ച്‌ രംഗത്ത് വന്നിരുന്നു തബ്ലീഗിനെയും കുംഭമേളയേയും താരതമ്യം നടത്തരുതെന്നും തബ്ലീഗ് അടച്ചുപൂട്ട കെട്ടിടത്തിനുള്ളില്‍ നടന്ന പരിപാടിയും കുംഭമേള തുറസ്സായ സ്ഥലത്ത് നടത്തുന്ന പരിപാടിയാണെന്നുമായിരുന്നു പറഞ്ഞത്. ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിനു പോകുന്നവര്‍ക്കും കോവിഡ് നിയന്ത്രണമുണ്ട്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്നാണ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയും പറയുന്നത്. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് ഈ നിബന്ധന. ഈ വര്‍ഷം ഹജ്ജിനു പോകാന്‍ അപേക്ഷിച്ചവര്‍ ഇപ്പോള്‍ തന്നെ സ്വന്തം നിലക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനും രണ്ടാം ഡോസ് യാത്രക്ക് മുന്‍പായി നല്‍കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

Related News