Loading ...

Home International

ലോകം ഡ്രോണ്‍ യുഗത്തില്‍ by സംഗീത ചേനംപുല്ലി

യുദ്ധത്തിനും സമാധാനത്തിനും ഡ്രോണുകളെന്ന ആളില്ലാ ചെറുവിമാനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് എത്തുകയാണ് കാര്യങ്ങള്‍. വിവാഹ ഫോട്ടോഗ്രാഫിക്കും ടെലിവിഷന്‍ ഷൂട്ടിങിനും ആകാശനിരീക്ഷണത്തുമൊക്കെ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഒപ്പം സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അവ വെല്ലുവിളിയുമാകുന്നു

ചിത്രം കടപ്പാട്: Paul Mayall/AP

കഴിഞ്ഞ വേനല്‍ക്കാലത്ത് ഉത്തരേന്ത്യയിലെ പല നഗരങ്ങളും വിചിത്രമായ ഒരു കാഴ്ചയുടെ അത്ഭുതത്തിലായിരുന്നു. നഗരത്തിന് മീതെ പറക്കുന്ന വലിയൊരു ഹനുമാന്‍. ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രിത ഡ്രോണിന്റെ സഹായത്തോടെയായിരുന്നു സോണി à´Ÿà´¿.വി സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന പുതിയ പരമ്പരയുടെ പ്രചാരണാര്‍ഥം ഹനുമാന്‍ പറന്നത്. 

വിശ്വാസവും പുത്തന്‍ സാങ്കേതികവിദ്യയും സമ്മേളിക്കുന്നതിലെ വൈരുധ്യമുണ്ടെങ്കിലും വരുംദശകങ്ങളില്‍ നാം കാണാന്‍ പോകുന്ന പല വിചിത്രമായ ആകാശക്കാഴ്ച്ചകളുടെയും സൂചനയായിരുന്നു അത്. 

ഡ്രോണുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്ന ആളില്ലാ ആകാശയാനങ്ങളുടെ (Unmanned aerial vehicle - UAV) കാലമാണ് വരാന്‍ പോകുന്നത്. ചെറുകിട ഹോട്ടലിലേക്ക് സാധനങ്ങളുമായി ടോക്കിംഗ് ഡ്രോണ്‍ പറന്നുവരുന്ന പ്രമുഖ മൊബൈല്‍ കമ്പനിയുടെ പരസ്യത്തിലെ പോലെ ആവശ്യമുള്ളതെന്തും വാതില്‍പ്പടിയില്‍ പറന്നെത്തുന്ന കാലം വിദൂരമല്ല. ആളില്ലാ ചാര, യുദ്ധ വിമാനങ്ങള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഏറെ വളര്‍ന്നു കഴിഞ്ഞു ഡ്രോണുകള്‍ എന്ന യന്ത്രപ്പറവകളുടെ സാങ്കേതിക വിദ്യയും സാധ്യതകളും.

സ്വയം പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കാന്‍ 1950കളില്‍ തന്നെ അമേരിക്ക ഊര്‍ജ്ജിതശ്രമം ആരംഭിച്ചിരുന്നു. ഇന്നും സൈനിക രംഗത്ത് തന്നെയാണ് ഡ്രോണുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എങ്കിലും അടുത്ത ദശകത്തോടെ സൈനിക ഉപയോഗത്തെ സിവിലിയന്‍ ഡ്രോണ്‍ ഉപയോഗം ബഹുദൂരം പിറകിലാക്കുമെന്ന് കരുതപ്പെടുന്നു. രക്ഷാപ്രവര്‍ത്തനം മുതല്‍ വിനോദം വരെയുള്ള വിവിധ മേഖലകളില്‍ ഇവയ്ക്കുള്ള പ്രയോഗസാധ്യത തന്നെയാണ് കാരണം. 

ആളില്ലാ ആകാശയാനങ്ങളെ പൊതുവേ രണ്ടായി തിരിക്കാം; സ്വയം നിയന്ത്രിത യാനങ്ങളും, വിദൂര നിയന്ത്രിത യാനങ്ങളും. സുരക്ഷ കണക്കിലെടുത്ത് സ്വയം നിയന്ത്രിത ഡ്രോണുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ല. 


സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വലിയ വിമാനങ്ങള്‍ മുതല്‍ ചെറുപ്രാണിയുടെ വലിപ്പം മാത്രമുള്ള ഇത്തിരിക്കുഞ്ഞന്‍മാര്‍ വരെ ഡ്രോണുകളുടെ കൂട്ടത്തിലുണ്ട്. ആറിഞ്ച് മാത്രം വീതിയുള്ള ചിറകുകളും അഞ്ചരഗ്രാം ഭാരവുമുള്ള നാനോഡ്രോണിന് ഷഡ്പദങ്ങളെപ്പോലെ ചിറകടിച്ച് പറക്കാനും കഴിയും. ജിപിഎസ് ഉപയോഗിച്ച് സ്വയം ദിശ കണ്ടെത്തുന്ന നാനോഡ്രോണുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

സൈനിക ഉപയോഗങ്ങള്‍

ഒസാമ ബിന്‍ലാദനെ കണ്ടെത്താനും നിരീക്ഷിക്കാനും അമേരിക്ക ഉപയോഗിച്ചത് ആളില്ലാ യന്ത്രപ്പറവകളാണെന്നത് വലിയ വര്‍ത്തയായിരുന്നു. അത് ഡ്രാണുകളിലേക്ക് പൊതുജന ശ്രദ്ധ ആകര്‍ഷിച്ചു. 2013ലെ കണക്കനുസരിച്ച് സൈനികാവശ്യങ്ങള്‍ക്കായി 50 രാജ്യങ്ങള്‍ സുസജ്ജമായ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍ പല രാജ്യങ്ങളും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ലക്ഷ്യമാക്കുന്ന വ്യക്തിയേയോ വസ്തുവിനേയോ വളരെ ദൂരെയിരുന്ന് നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഇല്ലായ്മ ചെയ്യാനുമാണ് സൈനിക ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. 

അതിര്‍ത്തികള്‍ കടന്ന് ഏത് രഹസ്യസങ്കേതത്തിലും നുഴഞ്ഞു കയറി ചാരവൃത്തി നടത്താനും ഇവ ഉപയോഗിക്കുന്നു. അടുത്തയിടെ പാക്കിസ്ഥാന്‍ വെടിവെച്ചിട്ട ചൈനീസ് നിര്‍മ്മിത ഡ്രോണിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. à´ˆ ആളില്ലാ വിമാനം ആരുടെതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചാരവൃത്തിയുടെ അപകട സാധ്യതകളിലേക്ക് സൂചന നല്‍കുന്നു. 

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ വിഷമിക്കുന്ന നായികാനായകന്മാരെ തന്റെ പുതിയ നോവലായ 'ഇന്‍ഫെര്‍ണോ'യില്‍ ഡാന്‍ ബ്രൗണ്‍ ചിത്രീകരിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ചെറുപ്രാണിയുടെ മാത്രം വലിപ്പമുള്ള ഡ്രോണിലൂടെ ആര്‍ക്കും കടന്നുകയറാം എന്നത് പേടിപ്പിക്കുന്ന സാധ്യതയാണ്, ഒപ്പം കടുത്ത മനുഷ്യാവകാശ ലംഘനവും. 

നേരിട്ട് യുദ്ധം കൂടാതെ സ്വന്തം രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തെ ആരെ വേണമെങ്കിലും ഇല്ലായ്മ ചെയ്യാനുള്ള സൗകര്യം ഡ്രോണുകള്‍ നല്‍കുന്നുണ്ട്. യുദ്ധരംഗങ്ങളില്‍ പൈലറ്റുമാര്‍ക്ക് തുടര്‍ച്ചയായി വിമാനം പറത്തുന്നതിന് പരിമിതികള്‍ ഉണ്ട്. 

എന്നാല്‍ ഡ്രോണുകള്‍ നിയന്ത്രിക്കപ്പെടുന്നത് ഭൂമിയിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരുന്നാണ്. മാത്രമല്ല ഒന്നിലധികം പൈലറ്റുമാര്‍ക്ക് വിവിധ ഷിഫ്റ്റുകളായി ഇവയെ നിയന്ത്രിക്കാനുമാവും. ഇത് യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ സമയം ആകാശത്ത് പറന്ന് ആക്രമണം നടത്താന്‍ അവസരം നല്‍കുന്നു. മാത്രമല്ല നേരിട്ട് ആക്ഷനില്‍ പങ്കെടുക്കേണ്ടാത്തതിനാല്‍ ആക്രമണം പൈലറ്റുമാരില്‍ മാനസികാഘാതം ഉണ്ടാക്കുന്നുമില്ല. അതുകൊണ്ട് തന്നെയാണ് അമേരിക്കയും ഇസ്രായേലും പോലുള്ള രാജ്യങ്ങള്‍ നേരിട്ടുള്ള യുദ്ധങ്ങളില്‍നിന്ന് ഡ്രോണ്‍ ആക്രമണങ്ങളിലേക്ക് കളംമാറ്റുന്നത്. 

ലക്ഷ്യംവെയ്ക്കുന്നത് എന്താണോ അതൊഴിച്ച് മറ്റൊന്നിനും അപകടം വരുത്താതെ കൃത്യം നിറവേറ്റാന്‍ കഴിയും എന്നത് ഭാവിയില്‍ വന്‍യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ഡ്രോണുകളെ പിന്തുണയ്ക്കുന്ന സൈനിക ശക്തികള്‍ അവകാശപ്പെടുന്നു. പൗരന്മാരുടെ ജീവന് ഭീഷണികൂടാതെ ശത്രുവിനെ ഇല്ലായ്മ ചെയ്യാനുള്ള സാദ്ധ്യത പൊതുജനങ്ങളില്‍ യുദ്ധവിരുദ്ധവികാരം ഉണരാനുള്ള സാധ്യതകള്‍ കുറയ്ക്കും. അതിനാല്‍ ഭരണാധികാരികള്‍ക്ക് സ്വന്തം രാഷ്ട്രീയതീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഡ്രോണുകള്‍ കൂടുതല്‍ അവസരം നല്‍കുന്നു.

സൈനികേതര ഉപയോഗങ്ങള്‍

ഭാരം കുറഞ്ഞ പാര്‍സലുകളുടെ വിതരണത്തിനായി ആമസോണ്‍ എന്ന ഓണ്‍ലൈന്‍ കച്ചവട ഭീമന്‍ പരീക്ഷണാര്‍ത്ഥം ഡ്രോണുകള്‍ ഉപയോഗിച്ചപ്പോഴാണ് സൈനികേതര ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണ്‍ ഉപയോഗം പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നത്. അതുവരെ ഡ്രോണുകള്‍ എന്നാല്‍ യുദ്ധത്തിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ മാത്രമായിരുന്നു പലര്‍ക്കും. 

സാധനങ്ങളെത്തിക്കാന്‍ ആമസോണിന്റെ ഡ്രോണ്‍

ഗവേഷണം, പര്യവേഷണം, രക്ഷാപ്രവര്‍ത്തനങ്ങള്‍, വനവന്യജീവി സംരക്ഷണം, വിനോദം, ഭൂപട നിര്‍മ്മാണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഇന്ന് ഡ്രോണുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം സൈനികേതര ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. 

വരുംകാലങ്ങളില്‍ ഏറെ വികാസം പ്രാപിക്കേണ്ടതും പൊതുജനത്തിന് ഉപകാരപ്രദമായതുമായ മേഖല എന്നതാണ് സൈനികേതര ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രസക്തിയും വ്യാപ്തിയും. 

ആകാശനിരീക്ഷണത്തിന് 

അതിവിസ്തൃതമായ ഭൂഭാഗം മുഴുവന്‍ കുറഞ്ഞ സമയംകൊണ്ട് നിരീക്ഷിക്കാം എന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണംകൊണ്ടുള്ള സൗകര്യം. ക്രമസമാധാന പരിപാലനം, റോഡ് തീരദേശ പട്രോളിംഗ്,വൈദ്യുതി ശൃംഖലയുടെയും പൈപ്പ് ലൈനുകളുടെയും പരിശോധന, കള്ളക്കടത്ത് തടയല്‍ എന്നിവയ്‌ക്കൊക്കെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. 

അഗ്‌നിപര്‍വ്വതങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് സ്‌ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍വരെ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. നിശബ്ദമായി നിരീക്ഷണം നടത്താമെന്നത് മൈക്രോഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്റെ ഫലപ്രാപ്തിയും രഹസ്യസ്വഭാവവും ഉറപ്പുവരുത്തുന്നു. താരതമ്യേന ചിലവ് കുറവാണ് എന്നതും ഈ രംഗത്ത് ഡ്രോണിനെ ആകര്‍ഷകമാക്കുന്നു.

കൊടുങ്കാറ്റിന്റെ കണ്ണ് തേടി

അപ്രതീക്ഷിതമായി വന്ന്, ജീവനും സ്വത്തിനും ഒട്ടേറെ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നവയാണ് കൊടുങ്കാറ്റുകള്‍. ഇവയുടെ രൂപപ്പെടലും ശക്തിപ്രാപിക്കലും സംബന്ധിച്ചുള്ള തത്സമയ പഠനങ്ങള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. എന്നാല്‍ ആളില്ലാ യന്ത്രപ്പറവകള്‍ക്ക് കൊടുങ്കാറ്റിന്റെ കേന്ദ്രത്തിന് അകത്ത് വരെ ചെന്ന് 30 മണിക്കൂര്‍ വരെ തുടര്‍ച്ചയായി നിരീക്ഷണം നടത്താനാകും. 

ആര്‍ദ്രത, വായുമര്‍ദ്ദം, വേഗത തുടങ്ങിയവ തുടക്കം മുതല്‍ നിരീക്ഷിച്ച് കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാം. ഇത് കൊടുങ്കാറ്റുകള്‍ രൂപപ്പെടും മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കാനും ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനും സഹായിക്കും. കൊടുങ്കാറ്റിന്റെ ശക്തി ഉപയോഗപ്പെടുത്തി അതിനൊപ്പം സഞ്ചരിച്ച് വിവരം തേടുന്ന വിരുതന്മാരുമുണ്ട് ഇത്തരം ഡ്രോണുകളില്‍.

കാടിന് മുകളില്‍ സുരക്ഷാ കണ്ണുകള്‍

മനുഷ്യന് കടന്നുചെല്ലാന്‍ എളുപ്പമല്ലാത്ത നിബിഡവനങ്ങളിലെ ജീവികളുടെ ആവാസ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഡ്രോണുകള്‍ സഹായിക്കുന്നു. അമേരിക്കയില്‍ പ്രത്യേകയിനം കൊക്കുകളുടെ സര്‍വ്വേ ജോലികള്‍ക്കായും, ഇന്തോനേഷ്യയിലും മലേഷ്യയിലും ഒറാങ്ങ് ഉട്ടാനുകളുടെ സംരക്ഷണത്തിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. 

സമയവും ചെലവും ലാഭിക്കുന്നതോടൊപ്പം കൃത്യമായ വിവരശേഖണവും ഡ്രോണുകള്‍ ഉറപ്പുവരുത്തുന്നു. വനനശീകരണവും വനംകൊള്ളയും തടയാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നു. കാട്ടുതീ പടരുന്നത് തുടക്കത്തിലേ കണ്ടെത്താനും ഇവ സഹായിക്കും. 

ഭൂപടമായി മാറുന്ന ചിത്രങ്ങള്‍

ജിപിഎസ് അടിസ്ഥാനമാക്കി സ്വയം നിയന്ത്രിക്കാനാവുന്ന യന്ത്രപ്പറവകള്‍ ഏത് ദുര്‍ഘടമേഖലയിലും കടന്നുചെന്ന് ചിത്രങ്ങള്‍ എടുക്കുന്നു. ഇവയെ പിക്‌സ്4à´¡à´¿ പോലുള്ള ലളിതമായ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ച് തുന്നിച്ചേര്‍ത്ത് ത്രിമാനഭൂപടങ്ങള്‍ നിര്‍മ്മിക്കാനാകും. 

ഭൂപ്രദേശങ്ങളുടെ ഘടന പഠിക്കാനും, പ്രകൃതി വിഭവങ്ങളുടെ പര്യവേഷണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഇത്തരം ത്രിമാനഭൂപടങ്ങള്‍ ഉപയോഗിക്കാം. ആളുകള്‍ തിങ്ങിക്കൂടുന്നയിടങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ നിരീക്ഷണങ്ങള്‍ക്കായി ഡ്രോണ്‍നിര്‍മ്മിത ഭൂപടങ്ങള്‍ ഉപയോഗിക്കുന്നതാണ് ഈ രംഗത്തെ പുതിയ വാര്‍ത്ത.

നനയ്ക്കാനും വളമിടാനും ഡ്രോണുകള്‍

കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ ആളുകള്‍ക്ക് താല്പര്യം കുറഞ്ഞുവരുന്ന കാലമാണിത്. അതുകൊണ്ട് തന്നെ വരും കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ യന്ത്രസഹായം ഉപയോഗപ്പെടുത്തേണ്ട മേഖലയും ഇത് തന്നെയാവും. 

കാര്‍ഷികമേഖലയെ ഭാവിയില്‍ നിലനിര്‍ത്തുക ഒരുപക്ഷേ ഡ്രോണുകളാവാം. ചെങ്കുത്തായ മലഞ്ചെരിവുകളിലെ കൃഷി നോക്കിനടത്താന്‍ ഇവയോളം കഴിവ് മറ്റാര്‍ക്കും ഉണ്ടാകാന്‍ വഴിയില്ല. ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടെ മാത്രം വെള്ളവും, വളവും, കീടനാശിനികളും നല്‍കാന്‍ യന്ത്രപ്പറവകളുടെ ഇന്‍ഫ്രാറെഡ് കണ്ണുകള്‍ സഹായിക്കും. അനാവശ്യമായ കീടനാശിനി പ്രയോഗം ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കും. 

കൂടാതെ ആവശ്യമറിഞ്ഞുള്ള കൃത്യമായ പരിചരണം വിളവ് കൂട്ടും. ഇനി ഒരു പ്രത്യേക ഘടകം പ്രത്യേക ഭാഗത്ത് ചെടികളുടെ വളര്‍ച്ചയെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് പഠിക്കണോ, അവിടെയും ഡ്രോണുകള്‍ ജോലി എളുപ്പമാക്കും. മറ്റ് ഭാഗങ്ങള്‍ ഒഴിവാക്കി ലക്ഷ്യമിടുന്ന ഭാഗത്തെ വളര്‍ച്ചാനിരക്ക് കൃത്യമായി വിലയിരുത്താം. അതിനനുസരിച്ച് കൃഷി രീതികളില്‍ മാറ്റം വരുത്താം. സസ്യങ്ങളില്‍ പരാഗണം നടത്താനും പ്രാണികളുടെ വലിപ്പം മാത്രമുള്ള നാനോഡ്രോണുകള്‍ പ്രയോജനപ്പെടുത്താനാകും.

രക്ഷാപ്രവര്‍ത്തനങ്ങളില്‍

പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന സ്ഥലങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക എന്നതാണ്. ദുര്‍ഗ്ഗമമായ ഭൂവിഭാഗങ്ങള്‍ കൂടി ആകുമ്പോള്‍ വെല്ലുവിളി വര്‍ധിക്കുന്നു. 

ഇത്തരം അവസരങ്ങളില്‍ ഏത് ഉള്‍പ്രദേശത്തും കടന്നുചെന്ന് താപവികിരണങ്ങള്‍ ഉപയോഗിച്ച് ജീവസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണുകള്‍ സഹായിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രത്തെ തന്നെ മാറ്റിമറിയ്ക്കാന്‍ ഇവ സഹായിക്കും. ദുരന്തബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. 

2013 മെയ് മാസത്തില്‍ കാനഡയില്‍ കാറപകടത്തിന് ഇരയായ ആളെ കൊടുംതണുപ്പത്ത് മരവിച്ച് പോകാതെ ഉടന്‍തന്നെ രക്ഷിക്കാന്‍ കഴിഞ്ഞതും കാണാതായ അള്‍ഷൈമേഴ്‌സ് ബാധിതനായ മധ്യവയസ്‌കനെ മൂന്നുദിവസത്തിനു ശേഷം കണ്ടെത്താനായതും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ വേറിട്ട ഉദാഹരണമാണ്.

ചിത്രീകരണവും ജേര്‍ണലിസവും

ദൃശ്യങ്ങളെ കൂടുതല്‍ വ്യക്തമായും സമഗ്രമായും ചിത്രീകരിക്കാന്‍ മൈക്രോഡ്രോണുകള്‍ ഉപയോഗിക്കുന്നത് ഇന്നൊരു പുതുമയേ അല്ല. 'സ്‌കൈ ഫാള്‍', 'ഒബ്ലിവിയന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ഉപയോഗിച്ച ഡ്രോണ്‍ അധിഷ്ഠിത ക്യാമറ ഫ്ലൈങ് കാം 2014 ല്‍ സാങ്കേതികവിദ്യക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിരുന്നു. 

ഏത് പ്രതികൂല കാലാവസ്ഥയിലും, കാട്ടിലോ മരുഭൂമിയിലോ എവിടെയും ചിത്രീകരണം നടത്താന്‍ ഇവ സഹായിക്കുന്നു. ആഡംബരത്തിന്റെ അരങ്ങായി വിവാഹങ്ങളെ മാറ്റുന്ന ഇന്ത്യയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വിവാഹ ചിത്രീകരണം സാധാരണമായി മാറിക്കഴിഞ്ഞു.

വാര്‍ത്താചിത്രീകരണരംഗത്തേക്ക് ഡ്രോണുകള്‍ കടന്നു വരുന്നതേ ഉള്ളൂ. വാള്‍ സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രശസ്ത ജേണലിസ്റ്റ് à´Ÿà´¿à´‚ പൂള്‍ ഒക്യുകോപ്റ്റര്‍ എന്ന മൊബൈല്‍ ഫോണ്‍ നിയന്ത്രിത ഡ്രോണ്‍ ഉപയോഗിച്ചിരുന്നു. 

യൂണിവേഴ്‌സിറ്റി ഓഫ് മിസൗറി, നെബ്രാസ്‌ക ലിങ്കണ്‍ യൂണിവേഴ്‌സിറ്റി എന്നിവ ഡ്രോണ്‍ ജേണലിസത്തില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. സിവിലിയന്‍ ഡ്രോണ്‍ ഉപയോഗത്തിനുള്ള വിലക്കുകള്‍ അയഞ്ഞാല്‍ ഈ രംഗത്തും ആളില്ലായാനങ്ങള്‍ വ്യാപകമാകും.

ഫുക്കുഷിമ ആണവദുരന്തത്തെത്തുടര്‍ന്ന് റിയാക്ടറുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും റേഡിയേഷന്‍ ബാധിതമേഖലകളില്‍ പഠനം നടത്താനും ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. എണ്ണ, പ്രകൃതിവാതകം, മറ്റ് ധാതുനിക്ഷേപങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ഇവ ഉപയോഗിക്കുന്നുണ്ട്.

സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വെല്ലുവിളി?

വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും ജീവിയ്ക്കാനുള്ള അവകാശത്തിന് പോലും ഡ്രോണുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് വിമര്‍ശനമുയരുന്നുണ്ട്. വൈഫൈ സിഗ്‌നല്‍ തകരാറുകള്‍ മുതല്‍ തകര്‍ന്നുവീണ് ഉണ്ടാകുന്ന അപകടങ്ങള്‍ വരെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. 

അവകാശവാദം മറിച്ചാണെങ്കിലും ഒരു ഭീകരവാദിയോടൊപ്പം 10 നിരപരാധികള്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നേരിട്ട് പങ്കെടുക്കുന്നില്ല എന്നതിനാല്‍ പൈലറ്റുമാര്‍ വീഡിയോഗെയിം കളിക്കും പോലെ ലാഘവത്തോടെയാണ് ആക്രമണം നടത്തുന്നത് എന്നും ആരോപണമുണ്ട്. 

വിമാനങ്ങളുമായി കൂട്ടിയിടിച്ച് വന്‍ അപകടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും സ്വകാര്യ ഡ്രോണുകള്‍ നിയന്ത്രിക്കാന്‍ കാരണമാണ്. ഒരു വ്യക്തിയെ ഫേഷ്യല്‍ റെകഗ്‌നിഷന്‍ പോലെയുള്ള നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് വധിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. 

എങ്കിലും സാങ്കേതികരംഗത്ത് വരുന്ന മാറ്റങ്ങള്‍ക്ക് നേരെ മുഖം തിരിയ്ക്കാന്‍ നമുക്കാവില്ല. ശക്തവും സമഗ്രവുമായ നിയമങ്ങളിലൂടെ അവയുടെ ഉപയോഗം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. 

വ്യക്തിയുടെ സുരക്ഷ ഉറപ്പുവരുത്തി അവകാശങ്ങള്‍ സംരക്ഷിച്ച് അവന്റെ ജീവിതം സുഗമമാക്കാന്‍ ഉതകുന്നതാകണം സാങ്കേതികവിദ്യ. ആ ദിശയിലാകണം ഇത്തരം ആകാശയാനങ്ങളുടെ വികാസവും ദൗത്യവും സാധ്യമാകേണ്ടത്.
sangeethachenampulli@gmail.com

Related News