Loading ...

Home Kerala

രാജ്യസഭ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം ; നിയമോപദേശം ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി : പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് നിയമമന്ത്രാലയം അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ജനങ്ങളുടെ ജനഹിതം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടന്നുകഴിഞ്ഞു. ആ സഭയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് ഉചിതം എന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. രാജ്യസഭയുടെ പ്രവര്‍ത്തനം താളംതെറ്റാതെ നടക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ പറയുന്നു. ഈ മാസം 21 ന് മുമ്ബ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21 ന് വിരമിക്കുന്നത്. നിലവിലെ നിയമസഭാംഗങ്ങളുമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് പേരെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ കാരണം വിശദമാക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.

Related News