Loading ...

Home health

വന്ധ്യത കാരണം അറിയുക by ഡോ. ബി ശ്യാമള

സന്താനസൌഭാഗ്യം ലഭിക്കാത്ത ദമ്പതികളുടെ എണ്ണം മുന്‍കാലങ്ങളിലെക്കാള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. വന്ധ്യത നിരക്ക് ഭയാനകമാകുംവിധം വര്‍ധിച്ചുവരുന്നതിനു കാരണങ്ങള്‍ പലതുണ്ട്. മാറിമറിഞ്ഞ അനിയന്ത്രിത ജീവിതശൈലികളോ, മായംകലര്‍ന്നതും, കീടനാശിനികളും മറ്റ് ദൂഷ്യഫലങ്ങളുമുള്ള രാസഘടകങ്ങളടങ്ങിയ കൃത്രിമ ഭക്ഷണപദാര്‍ഥങ്ങളുടെ അമിതോപയോഗമോ ആവാം പുതിയ കാരണങ്ങള്‍.മണ്ണില്‍ യഥാസമയം പാകുന്ന വിത്തുമുളച്ച് ചെടിയുണ്ടാകുന്നതുപോലെ 'ഋതു, ക്ഷേത്രം, അംബു, ബീജം' എന്നീ നാല് പ്രധാന ഘടകങ്ങളാണ് ഗര്‍ഭധാരണത്തിനാവശ്യമെന്ന് സുശ്രുത സംഹിതയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതായത് 1. ഋതു- സ്ത്രീപുരുഷന്മാരുടെ ശരിയായ വയസ്സ് 18നും 25നും ഇടയ്ക്കായാല്‍ ഉത്തമം. കൂടാതെ 'ഋതേഭവം ആര്‍ത്തവം' സ്ത്രീക്ക് യഥാകാലം കൃത്യമായി ഒരു വൈഷമ്യങ്ങളുമില്ലാതെ ഉണ്ടാകുന്ന ആര്‍ത്തവം(Ovulation and Menstruation), 2. ക്ഷേത്രം എന്നുപറയുന്നത് ഗര്‍ഭസ്ഥശിശു വളരാനുതകുന്ന സ്ഥാനം അഥവാ ഒരു വൈകല്യങ്ങളുമില്ലാത്ത ഗര്‍ഭാശയം (മുഴകളോ, ഘടനാവ്യത്യാസമോ അതായത് ശരിയായ വലുപ്പം, ഗര്‍ഭാശയഭിത്തി രണ്ടായി പിളര്‍ന്നിരിക്കുക മുതലായ വൈകല്യങ്ങളില്ലാതിരിക്കുക), 3. അംബു അഥവാ ജലം; ഏതൊരു വിത്തും മുളച്ച് ചെടിയാകണമെങ്കില്‍ അതിന് ജലം ആവശ്യമാണ്. അതുപോലെ ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിച്ചുവളരുന്ന ഗര്‍ഭസ്ഥശിശുവിന് ശരിയായ അളവില്‍ പോഷാംശങ്ങളടങ്ങിയ ദ്രവരൂപത്തിലുള്ള രക്തചംക്രമണം ആവശ്യമാണ്. അഥവാ ലഭ്യമല്ലെങ്കില്‍ ആ ഗര്‍ഭം പൂര്‍ണവളര്‍ച്ച എത്തുംമുമ്പ് നശിച്ചുപോകാന്‍ ഇടയുണ്ട്. 4. ബീജം: പൂര്‍ണവളര്‍ച്ചയെത്തിയ സ്ത്രീ-പുരുഷ ബീജങ്ങളാണ് ഗര്‍ഭധാരണത്തിനാവശ്യമായ മുഖ്യഘടകം. അതില്‍ ശരിയായ രീതിയില്‍ ക്രമമായി ആര്‍ത്തവചക്രം ഉണ്ടാകുന്ന സ്ത്രീയില്‍ ആര്‍ത്തവം കഴിഞ്ഞ് 12നും 16നും ഇടയ്ക്കുള്ള ദിവസം (ഏകദേശം 14-ാം ദിവസം സ്ത്രീബീജം അണ്ഡാശയത്തില്‍നിന്ന് പുറത്തേക്ക് നിര്‍ഗമിക്കും (ഛ്ൌഹമശീിേ). ഇപ്രകാരം നിര്‍ഗമിക്കപ്പെട്ട സ്ത്രീബീജത്തെ അണ്അണ്ഡവാഹിനിക്കുഴലുകളുടെ അഗ്രഭാഗത്തെ കൈവിരലുകള്‍ പോലെയുള്ള ഭാഗത്തിന്റെ സഹായത്താല്‍ ശേഖരിച്ച് അതിനുള്ളിലേക്ക് ആഗിരണംചെയ്യുന്നു. അതേസമയം പുരുഷസംസര്‍ഗത്തിലൂടെ അവിടെയെത്തുന്ന പുരുഷബീജവുമായി യോജിച്ച് ഗര്‍ഭമുണ്ടാവുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ഓരോ മാസവും ഓരോ അണ്ഡം മാത്രമേ നിര്‍മിക്കപ്പെടുകയുള്ളു.എന്നാല്‍ പുരുഷബീജം ദിവസംപ്രതി നിര്‍മിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഗര്‍ഭമുണ്ടാകാന്‍ ഒരു ബീജം മതിയാകുമെങ്കിലും അതിസൂക്ഷ്മമായ അവ ഒരുമില്ലിലിറ്ററില്‍ 25 ദശലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മാത്രമേ യോനിയില്‍നിന്ന് ഗര്‍ഭാശയവും കടന്ന് അണ്ഡവാഹിനിക്കുഴലിലെത്തിക്കാന്‍ സാധിക്കുകയുള്ളു. ഇവയില്‍തന്നെ 60-80 ശതമാനമോ അതിലധികമോ എണ്ണത്തില്‍ അതിവേഗത്തില്‍ നേര്‍രേഖയില്‍ ചലിക്കാനുള്ള ശേഷിയും ഉണ്ടാകണം. അതോടൊപ്പം 70 ശതമാനത്തിലധികം ബീജങ്ങള്‍ വൈകല്യരഹിതമാകുകയും വേണം. അമിതമായ പുകവലി, മദ്യപാനം, ഇരുചക്രവാഹനങ്ങളിലെ അധികയാത്ര, ഉറക്കക്കുറവ്, മാനസികസമ്മര്‍ദം, ശരീരത്തിന്റെ താപനില അധികരിക്കുക മുതലായ കാരണങ്ങളാലും രോഗാണുബാധ (പൌരുഷഗ്രന്ഥിക്കും മറ്റും) തുടര്‍ന്ന് നിലനില്‍ക്കുന്നതിനാലും ബീജത്തിന്റെ എണ്ണം, ചലനശേഷി ഇവ കുറയാനും വൈകല്യങ്ങളുണ്ടാകാനും കാരണമാകും.

ആര്‍ത്തവ ക്രമക്കേടുകള്‍
ക്രമമായി ശരിയായ രീതിയില്‍ അണ്ഡനിര്‍മാണം നടക്കുന്നവരില്‍ ആര്‍ത്തവം ക്രമമായുണ്ടാകും. രണ്ട് ആര്‍ത്തവകാലങ്ങളുടെ ഇടവേള 35 ദിവസത്തിലധികം നീണ്ടുപോകുക, അമിതമായ രക്തസ്രാവം, 15-16 ദിവസം ഇടവിട്ടുണ്ടാകുന്ന ആര്‍ത്തവം (21 ദിവസത്തിനുമുമ്പായി) ഇവയില്‍ അണ്ഡനിര്‍മാണം നടക്കുകയില്ല എന്നുള്ളതിനാല്‍ ഗര്‍ഭധാരണവും നടക്കാന്‍ സാധ്യതയില്ല. ആയതിനാല്‍ അത്തരം ക്രമക്കേടുകള്‍ കണ്ടാലുടന്‍ ചികിത്സിച്ച് ഭേദമാക്കണം. അണ്ഡവളര്‍ച്ച പൂര്‍ണമാകാത്തതിനാല്‍ ആര്‍ത്തവവും ക്രമംതെറ്റി വരുന്ന (ജഇഛട) പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന അവസ്ഥ ഇതിന് ഉദാഹരണമാണ്. 

രക്തഘടകങ്ങള്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍: 
അണ്ഡനിര്‍മാണം, ഗര്‍ഭസംരക്ഷണം, വളര്‍ച്ച ഇവയെ സഹായിക്കുന്ന ഹോര്‍മോണുകളുടെ (Follicule stimulating Hormonme- FSH, Luteinizing Hormone- LH, Oestrogen, Progesterone)  കുറവുമൂലവും ഗര്‍ഭധാരണവും അതിന്റെ വളര്‍ച്ചയും പ്രതികൂലമായി ബാധിക്കും.

പ്രതികൂല ഘടകങ്ങള്‍
രക്തത്തില്‍ കാണുന്ന പലതരം പ്രതികൂലഘടകങ്ങള്‍ ഗര്‍ഭധാരണം അസാധ്യമാക്കുകയോ ഗര്‍ഭനാശം വരുത്തുകയോ ചെയ്യാം. അതായത് ആന്റി സ്പേം ആന്റിബോഡികള്‍ പുരുഷബീജത്തെ മുഴുവന്‍ നശിപ്പിച്ച് ചലനരഹിതമാക്കുമെന്നതിനാല്‍ അവയ്ക്ക് ഗര്‍ഭാശയത്തിനുള്ളില്‍ എത്തിച്ചേരാനാകാതെ വരികയും ഗര്‍ഭധാരണം അസാധ്യമാവുകയും ചെയ്യും. ഉണ്ടായ ഗര്‍ഭത്തെ നശിപ്പിക്കുന്ന ആന്റി കാര്‍ഡിയോലിപ്പിന്‍ ആന്റിബോഡി , ആന്റി ന്യൂക്ളിയര്‍ ആന്റിബോഡി ഇവയുടെ സാന്നിധ്യം, കൂടാതെ അണുബാധകള്‍ (Toxoplasma, Rubella, Cytomegalo Virus, Herpes (Torch))   സ്ത്രീശരീരത്തിലുണ്ടായാല്‍ അവയും ഗര്‍ഭനാശം വരുത്തും. അഥവാ à´…à´µ അതിജീവിച്ചാല്‍ പിറക്കുന്ന ശിശുക്കളില്‍, അന്ധത, ബധിരത മുതലായ വൈകല്യങ്ങളുണ്ടാക്കും. 

മാര്‍ഗതടസ്സം
ബീജം ഗര്‍ഭാശയദ്വാരംവഴി ഉള്ളില്‍ക്കടന്ന് അണ്ഡവാഹിക്കുഴലുകളുടെ ഏറ്റവും വിസ്താരമുള്ള (Ampullary end) ഭാഗത്ത് എത്തുന്നതുവരെ ഏതെങ്കിലും ഭാഗത്ത് തടസ്സങ്ങളുണ്ടായാല്‍ ഗര്‍ഭധാരണം നടക്കില്ല. ഗര്‍ഭാശയഗളഭാഗത്ത് നീരുണ്ടാവുക, കുരുപ്പുകള്‍ (Erosion, Polyp) ഗര്‍ഭാശയത്തിനുള്ളില്‍ ഭിത്തി (Septum), ഗര്‍ഭാശയം പൂര്‍ണവളര്‍ച്ച എത്താതിരിക്കുക, അതിനുള്ളില്‍ മുഴകള്‍ , അണ്ഡവാഹിനിക്കുഴലുകള്‍ അടഞ്ഞിരിക്കുക മുതലായവയാലും പ്രകൃത്യാ ഗര്‍ഭധാരണത്തിന് തടസ്സം നേരിടും. ഗര്‍ഭാശയഭിത്തിയിലേക്ക് രക്തസഞ്ചയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഗര്‍ഭാശയം ഇവ നീരും രക്തസ്രാവവും കൊണ്ട് ഒട്ടിപ്പിടിക്കുക, ഇവയും ഇന്ന് സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്.

Related News