Loading ...

Home Kerala

ഇരട്ട വോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: ഇരട്ടവോട്ട് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ടവോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കി ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഒരു വോട്ടര്‍ മറ്റൊരു സ്ഥലത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുമ്ബോള്‍ ആദ്യമുണ്ടായിരുന്ന വോട്ടര്‍ പട്ടികയിലെ പേര് സ്വമേധയ ഇല്ലാതാകുന്ന രീതിയില്ലേ എന്ന് ചോദിച്ചു. ഇരട്ട വോട്ട് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പല സ്ഥലത്ത് വോട്ടുണ്ടാകുന്നതും ഇത്തരത്തില്‍ വോട്ട് ചെയ്യുന്നതും ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതും ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കമ്മീഷന്റെ മറുപടി കണക്കിലെടുത്ത് കേസ് നാളെ വീണ്ടും പരിഗണിക്കും. ഇരട്ടവോട്ട് ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കുമെന്നും ടിക്കാറാം മീണ. ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകള്‍ ഉണ്ടോയെന്ന് ബൂത്ത് തലത്തില്‍ പരിശോധിച്ചു വരികയാണ്. ഇരട്ടവോട്ട് പട്ടികയില്‍ പെട്ടിരിക്കുന്നവരെ നേരില്‍ പോയി കണ്ട് പരിശോധികകുന്നുണ്ട്. താമസിക്കുന്ന സ്ഥലത്തെ വോട്ട് മാത്രമായിരിക്കും അനുവദിക്കുക. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ചു തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ചാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

Related News