Loading ...

Home Kerala

ഇരട്ട വോട്ട് വിവാദം; കേരളത്തിലെ 140 മണ്ഡലങ്ങളിലും വോട്ടര്‍‌പട്ടിക പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍‌ദ്ദേശം

ഇരട്ട വോട്ട് വിവാദത്തില്‍ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളിലും വോട്ട‌ര്‍പട്ടിക പരിശോധിക്കും. ഇതിന് ജില്ലാ കളക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടിക പരിശോധിച്ച ശേഷം ഇരട്ടവോട്ടുള‌ളവരുടെ പട്ടിക തയ്യാറാക്കും. സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാകും പട്ടിക പരിശോധിക്കുന്നത്. ശേഷം ഒന്നിലേറെ വോട്ടുള‌ളവരെ പോളിംഗ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് ബോധവല്‍ക്കരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. പട്ടിക എത്രയും വേഗം നാളെത്തന്നെ പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. വോട്ട് ചെയ്‌താല്‍ മഷി ഉണങ്ങുംവരെ ഇരട്ടവോട്ടുള‌ള വോട്ടര്‍മാര്‍ ബൂത്തില്‍ തുടരണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പരാതി ശരിയാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അഭിപ്രായപ്പെട്ടത്. ചെന്നിത്തലയുടെ പരാതിയില്‍ ജില്ലാ കളക്‌ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് പല മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയത്. നാല് ലക്ഷത്തോളം കള‌ളവോട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പരാതിയിലുണ്ടായിരുന്നത്. ഇതില്‍ കോട്ടയത്ത് 1606ല്‍ 590 ഇരട്ടവോട്ടുണ്ടെന്നും ഇടുക്കിയിലെ 1168 ല്‍ 434, പാലക്കാട്ടെ 2400 ല്‍ 800, തവനൂരിലെ 4395ല്‍ 70 ശതമാനം എന്നിങ്ങനെ ഇരട്ട വോട്ടുകളാണെന്ന് ജില്ലാ കളക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയതായി ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. ഉദുമ മണ്ഡലത്തിലെ ഡെപ്യൂട്ടി തഹസില്‍ദാറെ അന്വേഷണവിധേയമായി ഇന്നലെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞ കുമാരിയെന്ന വോട്ടര്‍ക്ക് ഇവിടെ അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചത് ബൂത്ത് ലെവല്‍ ഓഫീസറുടെ (ബി.എല്‍.ഒ) ശുപാര്‍ശ കൂടാതെയായിരുന്നു. ഓരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകള്‍ ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ഡി) ലിസ്റ്റില്‍പ്പെടുത്തും. ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കെത്തിച്ച്‌ ഇരട്ട വോട്ടുള്ളയാള്‍ കള്ളവോട്ട് ചെയ്യുന്നത് തടയും. കള്ളവോട്ട് നടക്കാനിടയുളള മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. കമ്മിഷന്റെ ഈ നടപടികളെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്‌തിരുന്നു.

Related News