Loading ...

Home Kerala

ക്രൈംബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ഇ ഡിയുടെ ആരോപണം. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും, നിഷ്പക്ഷ അന്വേഷണത്തിനായി സിബിഐക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേസിലെ പ്രതിയെ ഇ ഡി നിര്‍ബന്ധിച്ചു എന്നു കാണിച്ച്‌ ക്രൈംബ്രാഞ്ച്, ഇ ഡിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് മറുപടിയായാണ് ഇഡി ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തുന്നതെന്ന് ഇ ഡി ആരോപിക്കുന്നു. പ്രതി പറയാത്ത കാര്യങ്ങള്‍ പോലും പറഞ്ഞു എന്ന തരത്തില്‍ ചില പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് മൊഴിയായി നല്‍കിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് എന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു. ഇ ഡിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related News