Loading ...

Home Gulf

യു.എ.ഇ-കേരള യാത്രക്ക് ചെലവേറും; ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു

യു.എ.ഇയില്‍ നിന്ന് കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. യാത്ര പുറപ്പെടുന്നതിന്‍റെ അവസാനം ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇരട്ടി തുകയാണ് നല്‍കേണ്ടി വരിക. മൂന്നാഴ്ച കാലത്തേക്ക് യു.എ.ഇയില്‍ സ്കൂളുകള്‍ അടച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ക്കാണ് നിരക്കുവര്‍ധന തിരിച്ചടിയാകുന്നത്. കഴിഞ്ഞ ആഴ്ച വരെ 350 ദിര്‍ഹത്തിന് വരെ ടിക്കറ്റ് ലഭ്യമായിരുന്നു. അതാണിപ്പോള്‍ ഇരട്ടിക്കു മുകളിലേക്ക് വന്നിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങള്‍ നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അധിക ബാധ്യത വരുന്നത്. യു.എ.ഇയില്‍ വാര്‍ഷിക പരീക്ഷ അവസാനിച്ച്‌ 3 ആഴ്ച കാലത്തേക്കു സ്കൂള്‍ അടച്ചതാണ് തിരക്കും നിരക്കും കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നാട്ടിലെത്താന്‍ പ്രവാസികളില്‍ ഒരു വിഭാഗം താല്‍പര്യമെടുത്തതും വിമാന കമ്ബനികള്‍ക്ക് മെച്ചമായി.കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്കും നിരക്ക് കൂടുന്ന പ്രവണതയാണുള്ളത്. നാട്ടില്‍ സ്കൂള്‍ അടച്ചാലുടന്‍ പ്രവാസി കുടുംബങ്ങളില്‍ പലരും ഗള്‍ഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷ ഉപേക്ഷിച്ചതും ഓണ്‍ലൈന്‍ പഠനം തുടരുന്നതും കാരണം പല കുടുംബങ്ങളും പ്രവാസലോകത്തേക്ക് വന്നെത്തിയിട്ടുണ്ട്. നാളെ മുതല്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ വര്‍ധനയുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.യാത്രക്കാരുടെ വര്‍ധന മുന്‍നിര്‍ത്തി വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്കില്‍ ഇനിയും വര്‍ധനക്കു തന്നെയാണ് സാധ്യത.

Related News