Loading ...

Home USA

ചൊവ്വയിലെ ശബ്ദം ഭൂമിയിലേക്കയച്ച്‌ പെര്‍സിവറന്‍സ്: ഓഡിയോ പുറത്തുവിട്ട് നാസ

വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വ ദൗത്യമായ പെര്‍സിവറന്‍സ് റോവര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം പുറത്തുവിട്ട് നാസ. ചൊവ്വയുടെ പ്രതലത്തിലൂടെ പേടകം നീങ്ങുമ്ബോഴുണ്ടാകുന്ന ശബ്ദമാണ് നാസ പുറത്തുവിട്ടത്. ചൊവ്വയുടെ ഭൂപ്രദേശങ്ങളില്‍ നീങ്ങുന്നതിനിടെയുള്ള ശബ്ദമാണിത്. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് പ്രതീക്ഷയേകുന്നതാണിത്. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയാണ് പേടകം നാസയിലേക്ക് അയച്ചത്. മാര്‍ച്ച്‌ ഏഴിന് റോവര്‍ നടത്തിയ ടെസ്റ്റ് ഡ്രൈവിന്റെ ശബ്ദമാണ് ഇത്. റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ഓഡിയോ റെക്കോര്‍ഡറായ എന്‍ട്രി, ഡിസന്റ്, ലാന്‍ഡിംഗ്(ഇഡിഎല്‍) മൈക്രോഫോണാണ് ഇത് പകര്‍ത്തിയത്. ചൊവ്വയിലേക്ക് നാസ അയച്ചതില്‍ ഏറ്റവും നൂതനമായ റോവറാണ് പെര്‍സിവറന്‍സ്. 25 ക്യാമറകളും ചൊവ്വാ ഗ്രഹത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് രണ്ട് മൈക്രോഫോണുകളും റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. 2031 വരെ പെര്‍സിവറന്‍സ് ചൊവ്വയില്‍ പര്യവേഷണം തുടരും. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെര്‍സിവറന്‍സ്. നേരത്തെ പെര്‍സിവറന്‍സ് റോവര്‍ ക്ലിക്ക് ചെയ്ത ചൊവ്വാ ഗ്രഹത്തിന്റെ കളര്‍ ഫോട്ടോകളും സെല്‍ഫിയും നാസ പുറത്തുവിട്ടിരുന്നു. ഏഴ് മാസം കൊണ്ട് മൂന്നൂറ് മില്യണ്‍ മൈലുകള്‍ സഞ്ചരിച്ചാണ് ചൊവ്വയില്‍ പെര്‍സിവറന്‍സ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പെര്‍സിവിറന്‍സ് നാസയുടെ ഏറ്റവും ചെലവേറിയ ചൊവ്വാ ദൗത്യങ്ങളിലൊന്നാണ്. ഫെബ്രുവരി 19നാണ് പേടകം ചൊവ്വയില്‍ ലാന്‍ഡ് ചെയ്തത്.

Related News