Loading ...

Home National

ഐ.ഐ.എമ്മുകളില്‍ 60 ശതമാനത്തോളം ഒ.ബി.സി, എസ്.സി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒ.ബി.സി, എസ്.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളില്‍ പകുതിയോളം ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാല്‍. ലോക്സഭയില്‍ മൂന്ന് കോണ്‍ഗ്രസ് എം.പിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ 60 ശതമാനവും പട്ടിക ജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ 40 ശതമാനവുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റാണ്. ഇവിടെ പട്ടികജാതി-ഒ.ബി.സി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള 60 ശതമാനം തസ്തികകളും പട്ടിക വര്‍ഗവിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത 80 ശതമാനത്തോളം വരുന്ന തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. അതായത് പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത 24 തസ്തികകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഇതുവരെ നിയമനം നടന്നിട്ടുള്ളത്.സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ ഇത്തരത്തില്‍ നിയമിക്കപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ നിയമിക്കപ്പെട്ട പ്രഫസര്‍മാരുടെ എണ്ണത്തേക്കാള്‍ വലുതാണെന്ന വസ്തുതയും ഞെട്ടിക്കുന്നതാണ്. 42 യൂണിവേഴ്സിറ്റികളിലായി എസ്.ടി വിഭാഗത്തില്‍ 709 അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തിക നിലവിലുള്ളപ്പോള്‍ 500 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. എസ്.ടി വിഭാഗത്തില്‍പ്പെട്ട പ്രഫസര്‍മാരുടെ കണക്ക് നോക്കുകയാണെങ്കില്‍ 137 തസ്തികകളില്‍ ഒന്‍പത് നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. 93 ശതമാനം പോസ്റ്റുകള്‍ നിയമിക്കപ്പെട്ടിട്ടില്ല എന്നര്‍ഥം. പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത പോസ്റ്റുകള്‍ 1062 എണ്ണമുണ്ടെങ്കിലും ഇതില്‍ പ്രഫസര്‍മാരില്‍ ഒരു ശതമാനം മാത്രമാണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്. ഇതുപോലെ ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയായ 2,206 സീറ്റുകളില്‍ 64 ശതമാനം മാത്രമാണ് നിയമനം നടന്നത്. ആകെയുള്ള 378 പ്രഫസര്‍ തസ്തികയില്‍ നിയമിച്ചിട്ടുള്ളത് അഞ്ച് പേരെ മാത്രം.ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ആറു മാസത്തിനകം നിയമനം നടത്തണമെന്നും ഇല്ലെങ്കില്‍ ഗ്രാന്‍ഡ് റദ്ദാക്കുമെന്നും ചൂണ്ടിക്കാട്ടി യു.ജി.സി 2019 ജൂണില്‍ യൂണിവേഴ്സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലോകസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 42 യൂണിവേഴ്സിറ്റികളിലായി 6,704 തസ്തികകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ 75 ശതമാനവും സംവരണ വിഭാഗക്കാര്‍ക്കുവേണ്ടിയുള്ളതാണ്.

Related News