Loading ...

Home International

പശ്ചിമേഷ്യന്‍ സമുദ്ര മേഖലയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു

പശ്ചിമേഷ്യന്‍ സമുദ്ര മേഖലയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം. മേഖലയില്‍ ഇസ്രായേലും മറ്റും ഉയര്‍ത്തുന്ന സുരക്ഷ ഭീഷണിക്കെതിരെ അന്തര്‍ദേശീയ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അതേസമയം ഹൂതികള്‍ക്ക് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഇറാന്‍ നടപടിക്കെതിരെ യെമനും രംഗത്തുവന്നു. ഇറാന്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം നടന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി തെഹ്റാന്‍ രംഗത്ത് വന്നത്. യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുര്‍ദ് എന്ന കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണമുണ്ടായതെന്ന് ഉടമസ്ഥരായ ഇറാനിയന്‍ സര്‍ക്കാര്‍ കമ്ബനി സ്ഥിരീകരിച്ചു. കപ്പലില്‍ ചെറിയ അഗ്നിബാധ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. രണ്ടാഴ്ച മുമ്ബ് ഹെലിയോസ് റേ എന്ന ഇസ്രായേല്‍ ചരക്ക് കപ്പല്‍ ഒമാന്‍ കടലില്‍ ആക്രമണത്തിനിരയായിരുന്നു. പിന്നില്‍ ഇറാനാണെന്നാണ് ഇസ്രായേല്‍ ആരോപണം. കഴിഞ്ഞ ആഴ്ചകളില്‍ മാത്രം മൂന്ന് ഇറാന്‍ ചരക്ക് കപ്പലുകള്‍ ചെങ്കടലിലും ആക്രമണത്തിനിരയായി. ഒരു ഡസനിലേറെ ഇറാന്‍ കപ്പലുകള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം സ്ഥിരീകരിച്ച്‌ കഴിഞ്ഞ ദിവസം യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേല്‍ ഇതു നിഷേധിച്ചിട്ടില്ല. സമുദ്ര മാര്‍ഗമുള്ള ഇറാന്‍റെ എണ്ണക്കടത്ത് തടയാന്‍ സാധ്യമായ എല്ലാ നീക്കവും നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍റെ യുദ്ധക്കപ്പലുകളും അഞ്ച് അന്തര്‍വാഹിനികളും മെഡിറ്ററേനിയനിലും ചെങ്കടലിലും സജീവമാണ്. അതിനിടെ, ഹൂതികള്‍ക്ക് നവീന ആയുധങ്ങള്‍ സമുദ്ര മാര്‍ഗം എത്തിച്ചുകൊടുക്കുന്ന ഇറാനെതിരെ കടുത്ത നടപടി വേണമെന്ന് യെമന്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി മുഅമ്മല്‍ അല്‍ ഇര്‍യാനി ആവശ്യപ്പെട്ടു. ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷ ഭീഷണിക്കെതിരെ സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളും രംഗത്തുണ്ട്.

Related News