Loading ...

Home International

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കൊറോണ വാക്‌സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കൊറോണ പ്രതിരോധ വാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ അടിയന്തര ആവശ്യമുള്ള രാജ്യങ്ങളില്‍ ഇവയുടെ ഉപയോഗം വേഗത്തിലാക്കാനുള്ള അംഗീകാരവും ഡബ്ല്യുഎച്ച്‌ഒ നല്‍കിയിട്ടുണ്ട്. ഒറ്റ ഡോസ് കൊറോണ വാക്‌സിനാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനി വികസിപ്പിച്ചിരിക്കുന്നത്. പുതിയ വാക്‌സിന് അംഗീകാരം നല്‍കിയതിലൂടെ കൊറോണയ്‌ക്കെതിരെ പോരാടുന്നതിനായി പുതിയതും സുരക്ഷിതവുമായ ഒരു കടമ്ബ കൂടി കടന്നിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. ലോകമെമ്ബാടുമുള്ള ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും, അവ എല്ലാ ആളുകള്‍ക്കും ലഭ്യമായില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റ ഡോസ് വാക്‌സിനാണെന്നത് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ പ്രത്യേകതയായി ഡബ്ല്യുഎച്ച്‌ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം ഗുരുതരമായി പടരുന്ന രാജ്യങ്ങളിലേക്ക് ഇവ അനുയോജ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തയ്യാറാക്കുന്നതിന് ഡബ്ല്യുഎച്ച്‌ഒ ആരോഗ്യവിദഗ്ധരുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഒറ്റ ഡോസ് വാക്‌സിന്‍ ആണെന്നതിന് പുറമെ മറ്റു വാക്‌സിനുകളെ അപേക്ഷിച്ച്‌ സാധാരണ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഗുണമായി പറയുന്നു. അമേരിക്കയും കാനഡയും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാക്‌സിന് നേരത്തെ അനുമതി നല്‍കിയിരുന്നു. കൊറോണയുടെ പുതിയ വകഭേദങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. 2021 അവസാനത്തോടെ ആഗോള തലത്തില്‍ ഒരു ബില്ല്യണ്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ജെ ആന്റ് ജെ ചീഫ് സയന്റിസ്റ്റ് പോള്‍ സ്‌റ്റോഫെല്‍സ് പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ഇത് 3 ബില്ല്യണ്‍ ഡോസ് എന്നതിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News