Loading ...

Home Europe

സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ നിരോധിച്ചു

സ്വിറ്റ്സര്‍ലന്‍ഡില്‍ 'ബുര്‍ഖ' നിരോധിച്ചു. ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ നേരിയ വിജയം നേടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് മുഖം മറയ്ക്കുന്നതിനുള്ള ബുര്‍ഖ നിരോധിച്ചത്. 2009ല്‍ പുതിയ മിനാരങ്ങള്‍ നിരോധിച്ച അതേ സംഘമാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതവിഭാഗക്കാര്‍ ധരിക്കുന്ന ശിരോവസ്ത്രം, ബുര്‍ഖ എന്നിവയാണ് രാജ്യത്ത് നിരോധിച്ചത്.

നിങ്ങളുടെ മുഖം പുറത്ത് കാണിക്കുക എന്നതാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പാരമ്ബര്യമെന്നും അത് തങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്നും റഫറണ്ടം കമ്മിറ്റി ചെയര്‍മാനും സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവുമായ വാള്‍ട്ടര്‍ വോബ്മാന്‍ വോട്ടെടുപ്പിന് മുമ്ബ് വ്യക്തമാക്കി. മുഖം മൂടുന്നത് യൂറോപ്പില്‍ കൂടുതല്‍ പ്രാധാന്യമുള്ള തീവ്ര രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതീകമാണെന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡിലെ മുസ്ലീം വിഭാഗങ്ങള്‍ പുതിയ തീരുമാനത്തെ അപലപിച്ചു. മുസ്ലിം ന്യൂനപക്ഷത്തെ ഒഴിവാക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ലിംസ് പറഞ്ഞു. എന്നാല്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുവേ ബുര്‍ഖ ധരിക്കുന്നവര്‍ കുറവാണ്. 8.6 മില്യണ്‍ ജനസംഖ്യയുള്ള സ്വിറ്റ്സര്‍ലന്‍ഡില്‍ ജനസംഖ്യയുടെ 5% മുസ്‌ലീം വിഭാഗക്കാരാണ്. ഇവരില്‍ ഭൂരിഭാഗം പേരും തുര്‍ക്കി, ബോസ്നിയ, കൊസോവോ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയവരാണ്.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ മുഖം മൂടുന്ന വസ്ത്രങ്ങള്‍ നിരോധിച്ച ഫ്രാന്‍സ് പോലുള്ള മറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡും ചേര്‍ന്നു. രണ്ട് സ്വിസ് കന്റോണുകളില്‍ ഇതിനകം മുഖം മൂടുന്നതിന് പ്രാദേശിക നിരോധനം ഉണ്ട്

Related News