Loading ...

Home cinema

എഡിറ്ററുടെ സിനിമ by ഗിരീഷ് ബാലകൃഷ്ണന്‍

മലയാള സിനിമയില്‍ പുതിയവഴി വെട്ടിത്തുറന്നെങ്കിലും പൊടുന്നനെ ഒരു ദിവസം യാത്ര പകുതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു രാജേഷ് പിള്ള എന്ന ചലച്ചിത്രകാരന്. പ്രിയ കൂട്ടുകാരന് സിനിമകൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് മഹേഷ് നാരായണനും സംഘവും. മലയാളത്തില്‍ പ്രമേയത്തിലും അവതരണത്തിലും 'ട്രാഫിക്' വരുത്തിയ ഗതിമാറ്റം 'ടേക്ക് ഓഫി'ലൂടെ സാര്‍ഥകമാകുന്നു.'ട്രാഫിക്' ആണ് എഡിറ്റര്‍ മഹേഷ് നാരായണന്റെ ചലച്ചിത്രജീവിതത്തിലും വഴിത്തിരിവായത്. സിനിമയുടെ വിജയാഘോഷത്തിനെത്തിയപ്പോഴാണ് കമല്‍ ഹാസന്‍ 'വിശ്വരൂപ'ത്തിന്റെ എഡിറ്റിങ് ജോലിക്കായി മഹേഷിനെ കണ്ടെത്തുന്നത്. ചെറുതും വലുതമായ നാല്‍പ്പതോളം ചിത്രങ്ങളില്‍ പങ്കാളിയായശേഷമാണ് മഹേഷ് സംവിധാനത്തിലേക്ക് കടക്കുന്നത്. രാജേഷ് പിള്ളയുടെ 'മിലി'യുടെ തിരക്കഥയും മഹേഷിന്റേതായിരുന്നു. രാജേഷിന്റെ ഭാര്യ മേഘയും കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍ അടക്കമുള്ള സുഹൃത്തുക്കളുമാണ് രാജേഷ് പിള്ളയുടെ സ്വപ്നമായ പ്രൊഡക്ഷന്‍ കമ്പനി യാഥാര്‍ഥ്യമാക്കിയത്. ഒന്നരവര്‍ഷത്തോളം മറ്റ് സിനിമകള്‍ക്ക് അവധികൊടുത്താണ് 'ടേക്ക് ഓഫി'നുവേണ്ടി മഹേഷ് സ്വയം അര്‍പ്പിച്ചത്. സംഘര്‍ഷഭരിതമായ രാഷ്ട്രങ്ങളിലേക്ക് ജോലിതേടിപ്പോകുന്ന നേഴ്സുമാരുടെ ദാരുണജീവിതങ്ങളെ മാത്രമല്ല പുതിയകാല കുടുംബബന്ധങ്ങളെയും സിനിമ വരച്ചിടുന്നു. മലയാള സിനിമ പരിചയപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നാണ് പാര്‍വതി അവതരിപ്പിച്ച നേഴ്സ് സമീറ. ഫഹദ്, കുഞ്ചാക്കോ, ആസിഫ് അലി എന്നിവരുടെ പക്വമായ പ്രകടനത്തിനും സിനിമ അടിവരയിടുന്നു. സിനിമയുടെ വിജയം സമ്മാനിച്ച ആത്മവിശ്വാസത്തോടെ മഹേഷ് നാരായണന്‍ മനസ്സ് തുറന്നു.എഡിറ്ററുടെ സിനിമഇറാഖ് പശ്ചാത്തലമായിവരുന്നു എങ്കിലും 'ടേക്ക് ഓഫ്' സമീറ എന്ന നേഴ്സിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ കഥയാണ്. സിനിമയുടെ പ്രമേയപശ്ചാത്തലം വിഷ്വല്‍ ഇഫക്ട്സ് വന്‍തോതില്‍ ആവശ്യപ്പെടുന്നുണ്ട്. ചെലവാക്കാന്‍ അത്രത്തോളം പണം കൈവശമുണ്ടായിരുന്നില്ല. നജഫ്, റാസല്‍ഖൈമ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍.ചെലവ് പരമാവധി നിയന്ത്രിച്ച് ആവശ്യമുള്ളതുമാത്രം ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഒഴിവാക്കിയ ദൃശ്യങ്ങള്‍ ഏറ്റവും കുറഞ്ഞ ചിത്രമായിരിക്കുമിത്. കാരണം, ആത്യന്തികമായി സിനിമ എന്റെ മനസ്സില്‍ ഉള്ളതിനാല്‍ ഓരോ ഷോട്ടിലും ആവശ്യമുള്ളതു മാത്രമാണ് ലൊക്കേഷനില്‍നിന്ന് ചിത്രീകരിച്ചത്. ചിത്രീകരണത്തിനുമുമ്പേ എഡിറ്റിങ് നടത്തിയെന്നും പറയാം. എഡിറ്റര്‍ എന്ന നിലയിലുള്ള ധാരണ എനിക്ക് അപ്പോള്‍ പ്ളസ്പോയിന്റായിരുന്നു. എന്നാല്‍, സിനിമയില്‍ അഭിനയിച്ച പ്രകാശ് ബെലവാഡി ഇടയ്ക്ക് പറയുമായിരുന്നു നീ എന്നെക്കൊണ്ട് എഡിറ്റ്ചെയ്ത് അഭിനയിപ്പിക്കരുത് എന്ന്. തിയറ്റര്‍പാരമ്പര്യമുള്ള അഭിനേതാവാണ് അദ്ദേഹം. അഭിനയത്തിന് തുടര്‍ച്ചവേണം. എനിക്ക് വേണ്ടുന്നതുമാത്രം അവരില്‍നിന്ന് എടുക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.അമാനുഷരല്ലാത്ത താരങ്ങള്‍സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാം എന്റെ സുഹൃത്തുക്കളാണ്. എനിക്ക് എന്താണ് വേണ്ടതെന്ന് അവരോട് പറയാന്‍ പറ്റും. സിനിമയുടെ നറേഷനില്‍ അവര്‍ വിശ്വസിച്ചു. എഡിറ്റിങ് ജോലിയുടെ ഭാഗമായി ഇവരുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ ഏറ്റവും അടുത്തുനിന്ന് അറിയാനായിട്ടുണ്ട്. എഡിറ്റര്‍ എന്ന നിലയില്‍ വിവിധ സിനിമകള്‍ക്കുവേണ്ടിയുള്ള അവരുടെ പ്രകടനങ്ങള്‍ ആവര്‍ത്തിച്ച് കണ്ട് അതില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും സിനിമയില്‍ ചെയ്തതിന്റെ തുടര്‍ച്ച കണ്ടാല്‍ ഒഴിവാക്കാനാകും. കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി എല്ലാവരും അഭിനയിച്ചു. അമാനുഷരാകാന്‍ അവര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു.

 മഹേഷ് നാരായണന്‍
കഥയും യാഥാര്‍ഥ്യവുംഇറാഖില്‍ ഐഎസ് ഭീകരര്‍ തടവിലാക്കിയ മലയാളി നേഴ്സുമാരെ തിരിച്ചെത്തിച്ചതിന്റെ യഥാതഥമായ ചിത്രീകരണം അല്ല സിനിമയില്‍. ആ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സന്ദര്‍ഭോചിതമായി കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഇറാഖില്‍നിന്ന് നേഴ്സുമാരെ രക്ഷിച്ചതിന്റെ യഥാര്‍ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. പല കഥകളും പ്രചരിക്കുന്നുണ്ട്. ഗവണ്‍മെന്റ് ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് മറ്റൊന്നാണ്. സംഭവങ്ങളുടെ ക്രോണോളജി അടിസ്ഥാനമാക്കി കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇസ്ളാമിക് സ്റ്റേറ്റിനെക്കുറിച്ച് പറയുമ്പോള്‍ അവരുമായി ബന്ധപ്പെട്ട ലിബിയ, സിറിയ, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ സംഭവങ്ങളും അതിനൊപ്പം കൂട്ടിച്ചേര്‍ത്തു.തലമുറകള്‍ മാറുമ്പോള്‍ദൃശ്യപരമായി കഥപറയാനാണ് പുതിയകാലത്തെ ചലച്ചിത്രകാരന്മാര്‍ ശ്രമിക്കുന്നത്. അതിനുള്ള പുതിയ സങ്കേതങ്ങളും ശ്രമങ്ങളും കഥാപരിസരങ്ങളുമാണ് അവരുടെ ചലച്ചിത്രങ്ങളിലുണ്ടാകുക. തലമുറകള്‍ മാറുമ്പോള്‍ കാഴ്ചാരീതിയുടെ മാറ്റം പ്രകടമാണ്. ലോകസിനിമയിലും ഇത് സംഭവിക്കുന്നുണ്ട്. ദൃശ്യപരമായി കഥപറയുന്നതിന്റെ പുതിയ സങ്കേതമാണ് പുതിയകാലത്തെ സിനിമകളില്‍ കാണുന്നത്. ഓസ്കര്‍ നേടിയ ഇറാനിയന്‍ ചലച്ചിത്രകാരന്‍ അസ്ഗര്‍ ഫര്‍ഗാദിയുടെ 'സെയില്‍സ്മാന്‍' കാണുമ്പോള്‍ പുതിയ ചലച്ചിത്രഭാഷകൂടിയാണ് നമ്മള്‍ കാണുന്നത്.പ്രമേയപരമായി നമ്മുടെ സിനിമകള്‍ ശക്തമാണ്, എന്നാല്‍ കഥപറയുന്ന രീതിയില്‍ പുതിയ ദൃശ്യഭാഷ ഉപയോഗിക്കുന്നതില്‍ പിന്നാക്കം പോകുന്നു. പ്രമേയപരമായി പിന്നിലാണെങ്കിലും ദൃശ്യഭാഷയില്‍ മുന്നിട്ടുനില്‍ക്കുന്നു എന്നതാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മറ്റുരാഷ്ട്രങ്ങളിലെ ചലച്ചിത്രങ്ങളുടെ സവിശേഷത.സിനിമ പ്രേക്ഷകര്‍ കാണണംപത്തുപേരില്‍ എത്തുന്ന സിനിമയേക്കാള്‍ നൂറുപേരില്‍ എത്തുന്ന സിനിമ ഉണ്ടാക്കണം എന്നതാണ് എന്റെ ആഗ്രഹം. സാധാരണക്കാരുടെ സാധാരണ പ്രശ്നങ്ങള്‍ പറഞ്ഞ സിനിമയാണ് 'ടേക്ക് ഓഫ്'. സാധാരണക്കാരായ കാണികളെ പിടിച്ചിരുത്തുംവിധം സിനിമ അവതരിപ്പിക്കുന്നതില്‍ നൂറുശതമാനം സത്യസന്ധത പുലര്‍ത്തി എന്ന് കരുതുന്നു. തിയറ്ററിലെ പ്രതികരണങ്ങളില്‍ സന്തോഷമുണ്ട്.ഒന്നരവര്‍ഷത്തോളമായി മറ്റ് ചിത്രങ്ങളോടൊന്നും സഹകരിച്ചില്ല. എന്ന് നിന്റെ മൊയ്തീനാണ് അവസാനം എഡിറ്റ് ചെയ്തത്. ഇപ്പോള്‍ വിശ്വരൂപം-രണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി പുരോഗമിക്കുന്നു. തമിഴ്-ഹിന്ദി ചിത്രങ്ങളും ഉടന്‍ ഉണ്ടാകും.രാജേഷിന്റെ ഭര്യ മേഘയും രാജേഷിനെ സ്നേഹിക്കുന്ന ഞങ്ങളെല്ലാവരും ചേര്‍ന്നാണ് നിര്‍മാണക്കമ്പനിയുണ്ടാക്കി സിനിമ ചെയ്തത്. ഓരോ വര്‍ഷവും മികച്ച ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് ഉദ്ദേശ്യം.

unnigiri@gmail.com

Related News