Loading ...

Home International

സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക്‌ വിസ ഉപരോധവുമായി അമേരിക്ക

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്കെതിരെ വിസ ഉപരോധവുമായി ജോ ബൈഡന്‍ ഭരണകൂടം. മാധ്യമപ്രവര്‍ത്തകര്‍ക്കും വിമതര്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ നയത്തിന്റെ ഭാഗമായാണ് 76 സൗദി പൗരന്മാര്‍ക്കെതിരെ യുഎസ് വിസ നിയന്ത്രണം പ്രഖ്യാപിച്ചത്. സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അഹമ്മദ് അല്‍ അസിരിക്കും സൗദി റോയല്‍ ഗാര്‍ഡിന്റെ ആര്‍ഐഎഫിനും യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. അതേസമയം, ഖഷോഗിയെ കൊലപ്പെടുത്താന്‍ അനുവാദം നല്‍കിയെന്ന ആരോപണം നേരിടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖഷോഗി വധം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് യു.എസ് പുറത്തുവിട്ടത്. ഖഷോഗി വധത്തില്‍ സല്‍മാന് വ്യക്തമായ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് ഖഷോഗിയെ കൊലപ്പെടുത്താന്‍ സല്‍മാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖഷോഗി വധത്തിനുപിന്നില്‍ സല്‍മാന് പങ്കുണ്ടെന്ന് ആദ്യമായാണ് യുഎസ് ഔദ്യോഗികമായി ആരോപിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുമുമ്ബ് ബൈഡന്‍ സൗദി ഭരണാധികാരിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മനുഷ്യാവകാശത്തിനും നിയമവാഴ്ചക്കും യുഎസ് നല്‍കുന്ന പ്രധാന്യത്തെക്കുറിച്ചാണ് ബൈഡന്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വെച്ചാണ് സൗദി പൗരന്‍ കൂടിയായ ഖഷോഗി കൊല്ലപ്പെടുന്നത്. ആദ്യം നിഷേധാത്മക സമീപനം സ്വീകരിച്ചെങ്കിലും ആളുമാറി കൊലപ്പെടുത്തിയെന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ പിന്നീടുള്ള നിലപാട്. എന്നാല്‍, സംഭവത്തില്‍ കിരീടാവകാശിയുടെ പങ്ക് നിഷേധിച്ചിരുന്നു.

Related News