Loading ...

Home parenting

സീരിയലോ... സംഗതി സീരിയസാ! by പി എസ് വിജയകുമാര്‍

അമ്മായിയമ്മപീഡനവും അവിഹിതവും അട്ടഹാസവും അസൂയയുമൊക്കെ സന്ധ്യകളിലും രാത്രികളിലും കണ്ണിനുമുമ്പില്‍  വന്നുവീണുകൊണ്ടിരിക്കുന്നു.  ആരാണ് യഥാര്‍ഥ ഉത്തരവാദികള്‍ എന്ന് വ്യക്തമായി ഉത്തരം കിട്ടാത്തതാണ് സീരിയലിനെ ബാധിച്ചിരിക്കുന്ന പ്രശ്നം- റേറ്റിങ് മാത്രം നോക്കി സീരിയല്‍  ഓടിക്കുന്ന ചാനലുകളാണോ, റേറ്റിങ് കൂട്ടാന്‍വേണ്ടി ഒരു യുക്തിയും  സാമൂഹ്യബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഒരുക്കിയിറക്കുന്ന  സാങ്കേതികപ്രവര്‍ത്തകരാണോ, ഇത്തരം സീരിയലുകളെ തങ്ങള്‍  തള്ളിക്കളഞ്ഞാല്‍ നല്ല ആശയങ്ങളോടെയുള്ള കഥകള്‍ കിട്ടുമെന്നറിഞ്ഞിട്ടും അവിഹിത- പ്രശ്നഭരിത സീരിയലുകള്‍ മുടങ്ങാതെ കാണുന്ന പ്രേക്ഷകരാണോ? à´ˆ മൂന്ന് ഘടകങ്ങളില്‍ ഒരു ഘടകം  തീരുമാനിച്ചാല്‍മതി മാറ്റംവരുത്താന്‍

മധ്യതിരുവിതാംകൂറിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എസ്ഐക്കുമുന്നില്‍ യുവതി പരാതിയുമായെത്തി. വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. അമ്മായിയമ്മ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. സ്ത്രീധനത്തുക കുറഞ്ഞതിന്റെ പകയാണ്. ഗ്യാസ് തുറന്നുവിട്ടിട്ടോ ആഹാരത്തില്‍ വിഷംചേര്‍ത്തോ കൊല്ലും. നാത്തൂനും നാത്തൂന്റെ ഭര്‍ത്താവുമാണ് സഹായികള്‍. അവരാണ് പ്ളാനിങ്. അമ്മായിയപ്പന്‍ കുഴപ്പക്കാരനല്ല. പക്ഷേ, പുള്ളിയുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയില്ല. തനിക്ക് പൊലീസ് സംരക്ഷണം വേണം.

പരാതി പൊലീസ് അതീവഗൌരവത്തോടെ എടുത്തു. അന്വേഷണം ആരംഭിച്ചപ്പോള്‍ എവിടെയോ ചില പൊരുത്തക്കേടുകള്‍. ആരോപണവിധേയയായിരിക്കുന്ന 'അമ്മായിയമ്മ' അധ്യാപികയും അത്യാവശ്യം നല്ല സാമൂഹ്യബന്ധങ്ങളുമുള്ള സ്ത്രീയാണ്. നല്ല മനസ്സിന്റെ ഉടമയും. മകളും ഭര്‍ത്താവും വീടിനോട് തൊട്ടുചേര്‍ന്ന് താമസിക്കുന്നു. അവരും കുഴപ്പക്കാരായി തോന്നുന്നില്ല. ചുറ്റുപാടുമുള്ളവര്‍ക്ക് കുടുംബത്തെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ.

അന്വേഷിച്ചുചെന്ന എസ്ഐക്ക് കാര്യങ്ങള്‍ മനസ്സിലായി. തോന്നലുകളില്‍നിന്നും ഊഹങ്ങളില്‍നിന്നും മനസ്സിന്റെ ഭാവനയില്‍നിന്നും പൊങ്ങിവന്ന പരാതിയാണിത്. സ്വന്തം വീട്ടില്‍ ടെലിവിഷന്‍ സീരിയലുകളുടെ കടുത്ത ആരാധികയായിരുന്നു പരാതിക്കാരിയും അമ്മയുമൊക്കെ. ക്രമേണ യഥാര്‍ഥജീവിതവും സീരിയലും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയോ മാഞ്ഞുപോയി. ഒട്ടുമുക്കാല്‍ സീരിയലുകളുടെയും പ്രമേയം അമ്മായിയമ്മ-മരുമകള്‍ ഫൈറ്റാണ്. സ്ത്രീധനപ്രശ്നങ്ങളും മരുമകളെ കൊല്ലാന്‍ നോക്കുന്ന അമ്മായിയമ്മയും അമ്മായിയമ്മയെ സഹായിക്കുന്ന നാത്തൂനും സാധുവായ അമ്മായിയപ്പനും. അമ്മയും മകളും അയല്‍പക്കക്കാരുമായി സദാ എപ്പിസോഡ് ചര്‍ച്ചയിലായി. പ്രിയസീരിയല്‍ സമയത്ത് കറന്റ് പോയാല്‍ അന്നത്തെ എപ്പിസോഡ് എന്തായിരുന്നുവെന്ന് പരിചയക്കാരുടെ വീട്ടില്‍ വിളിച്ച് അറിഞ്ഞാലേ ഉറക്കംവരികയുള്ളൂ.

വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടില്‍ വന്നുകയറിയത് അമ്മായിയമ്മമാരെക്കുറിച്ചുള്ള സീരിയല്‍ ധാരണയോടെയായിരുന്നു. സ്ത്രീധന ഇടപാടുകള്‍ ഇല്ലാതെയായിരുന്നു വിവാഹം. സീരിയലില്‍ കണ്ടിരിക്കുന്നത് സ്ത്രീധനം കുറഞ്ഞാല്‍ അമ്മായിയമ്മമാര്‍ മരുമക്കളെ ഉന്മൂലനംചെയ്യാന്‍ പദ്ധതിയിടുന്നതാണ്. തന്റെ അമ്മായിയമ്മ അടുക്കളയില്‍ ഗ്യാസ് തുറക്കുമ്പോഴും ആഹാരം വിളമ്പുമ്പോഴുമൊക്കെ യുവതിക്ക് ആധിയായി. അതാണ് ഒടുവില്‍ പരാതിയില്‍ എത്തിച്ചത്. എസ്ഐയുടെ ഉപദേശപ്രകാരം കൌണ്‍സലിങ്ങിനൊക്കെ വിധേയയാക്കിയാണത്രേ യുവതിയെ പിന്നീട്  നോര്‍മലാക്കിയത്.

റേറ്റിങ്-റേറ്റിങ്

മേല്‍പ്പറഞ്ഞ യുവതി പ്രത്യക്ഷത്തില്‍ സീരിയലിന്റെ ഇരയാണെന്ന് തോന്നുമെങ്കിലും പരോക്ഷമായി റേറ്റിങ്ങിന്റെ ഇരയാണ്. ഭൂരിപക്ഷം സീരിയല്‍ പ്രവര്‍ത്തകരും പറയുന്നത് തങ്ങള്‍ ഇഷ്ടത്തോടെയല്ല ഇത്തരം സീനുകള്‍ ചേര്‍ക്കുന്നതെന്നാണ്. റേറ്റിങ്. അതാണ് സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുംകൊണ്ട് അമ്മായിയമ്മമാരെയും മറ്റും കൊലപാതകികളാക്കുന്നത്, ഒരു കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് മൂന്നുനാലുപേരെ എത്തിക്കുന്നത്, നായികയെ കൊല്ലിക്കാന്‍ രാജവെമ്പാലയെ ഇറക്കുന്നത്... റേറ്റിങ് എന്ന അളവുകോല്‍ മാറ്റാന്‍ ചാനലുകള്‍ തയ്യാറായാല്‍ സീരിയല്‍മേഖല ക്ളീനാകുമെന്നാണ് അവരുടെ അഭിപ്രായം.

ബുധനാഴ്ച

ബുധനാഴ്ച ഉച്ചകള്‍ സീരിയല്‍ ലൊക്കേഷനുകളില്‍ ടെന്‍ഷനാണ്. അന്നാണ് റേറ്റിങ് വരുന്നത്. തൊട്ടുമുമ്പുള്ള ആഴ്ചയിലെ സീരിയല്‍ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളുടെ കണക്കെടുപ്പാണ് റേറ്റിങ്. റേറ്റിങ്ങിന് ചാനലുകാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സി റേറ്റിങ് റിപ്പോര്‍ട്ട് ചാനലുകള്‍ക്ക് അയക്കുന്നു. ചാനലിലെ ബന്ധപ്പെട്ട മേധാവിമാര്‍ക്കും ടെന്‍ഷനാണ്. റേറ്റിങ് നോക്കിയാണ് കമ്പനികള്‍ ഓരോ പ്രോഗ്രാമിനും പരസ്യം നല്‍കുന്നത്. പരസ്യക്കാര്‍ക്ക് പ്രിയം സീരിയലുകളാണ്. അവിടെ റേറ്റിങ് തുടര്‍ച്ചയായി ഉലഞ്ഞാല്‍ പരസ്യവരുമാനം താഴെപ്പോകും. ചാനലില്‍ പ്രതിസന്ധിയാകും. അപ്പോള്‍ സീരിയലിന്റെ ചുമതലയുള്ള ചാനല്‍മേധാവിയുടെ സ്ഥാനത്ത് പുതിയ ആള്‍വരും. അതുകൊണ്ടുതന്നെ അവര്‍ റേറ്റിങ് കുറയാതിരിക്കാനും ആ സമയത്തുള്ള മറ്റ് സീരിയലുകള്‍ക്ക് മുകളിലായി തന്റെ ചാനലിലെ സീരിയലുകളെ നിര്‍ത്താനും സീരിയല്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ടെന്‍ഷന്‍ കൊടുത്തുകൊണ്ടേയിരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ മന്ത്രി ഓഫീസില്‍നിന്ന് വിളിവരുമ്പോഴുള്ള ടെന്‍ഷനാണ് സീരിയല്‍ സംവിധായകര്‍ക്ക് ചാനല്‍മേധാവിയുടെ നമ്പര്‍ മൊബൈലില്‍ തെളിയുമ്പോള്‍.
"രണ്ടാഴ്ചകൂടി നോക്കും. ഇനിയും റേറ്റിങ് കയറിയില്ലെങ്കില്‍ സീരിയല്‍ സ്റ്റോപ്പാണ്.''
"മറ്റവര്‍ക്ക് 18 പോയിന്റ് കിട്ടുമെങ്കില്‍ നമുക്കുമാത്രം എങ്ങനെ 11ല്‍തന്നെ നില്‍ക്കുന്നു.''
"ഇരുപത് എപ്പിസോഡുംകൂടി കഴിഞ്ഞ് നിര്‍ത്തിക്കോ.'' എന്നിങ്ങനെ പ്രഷറോടുപ്രഷര്‍. അവിടെയാണ് കഥയില്‍ പുതിയ പുതിയ ട്രാക്കുകള്‍ രൂപംകൊള്ളുന്നത്.

റേറ്റിങ് ടിപ്സ്


ഓടിക്കൊണ്ടിരിക്കുന്ന കഥയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ വരുത്തി പ്രേക്ഷകരെ ചാനല്‍മാറ്റാതെ പിടിച്ചിരുത്തണം. നായിക കുറെ എപ്പിസോഡുകളായി വീട്ടില്‍ത്തന്നെ തളച്ചിടപ്പെട്ടിരിക്കുകയാണ്. അവിടെയുള്ള പീഡനങ്ങള്‍ ആവര്‍ത്തനവിരസമായിത്തുടങ്ങി. ഒരുകാര്യംചെയ്യാം. ഒരു തട്ടിക്കൊണ്ടുപോകല്‍ അനിവാര്യമായിരിക്കുന്നു. അമ്മായിയമ്മ ക്വട്ടേഷനേല്‍പ്പിക്കുന്ന ഗുണ്ടകള്‍ നായികയെ തട്ടിക്കൊണ്ടുപോകട്ടെ. നായിക തട്ടിക്കൊണ്ടുപോകപ്പെടുമ്പോള്‍ ആ ഒഴിവില്‍ മറ്റൊരു പെണ്ണ് നായകന്റെ മനസ്സ് കവരാന്‍ വീട്ടില്‍ കയറട്ടെ. ഈ ട്രാക് ക്ളിക്കുചെയ്യുമെന്ന് അണിയറക്കാരില്‍ അഭിപ്രായമുയരും. കഥ സംഘര്‍ഷഭരിതമാകുമ്പോള്‍ റേറ്റിങ്ങില്‍ അല്‍പ്പം വ്യത്യാസംവരും. ഉടന്‍ ഓപ്പോസിറ്റ് സീരിയല്‍ മറുതന്ത്രങ്ങളിറക്കും. ചിഞ്ചുമോളുടെ ജീവിതം സുഗമമായി പോകുന്നു. അവിടേക്ക് ചിഞ്ചുമോളുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് ഡല്‍ഹിയില്‍നിന്ന് ജേര്‍ണലിസ്റ്റ് വരട്ടെ. ഒരു എപ്പിസോഡ് അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും. നായിക അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കോളിങ്ബെല്‍ ഒച്ച. വാതില്‍ തുറക്കുമ്പോള്‍ നില്‍ക്കുന്നു പഴയ സൌഹൃദനായകന്‍. നായികയ്ക്ക് ആളിനെ പെട്ടെന്ന് പിടികിട്ടുന്നില്ല. ആളിനെ വ്യക്തമാകുമ്പോള്‍ നായികയ്ക്ക് നടുക്കം. ചാനലില്‍ സീരിയല്‍ കാണുന്ന സ്ഥിരം പ്രേക്ഷകരിലേക്കും ആ നടുക്കം വ്യാപിക്കും. നായികയോട് അതാ ആള്‍ ചോദിക്കുന്നു: "എനിക്ക് എന്റെ കുഞ്ഞിനെ വേണം.'' അവിടെ എപ്പിസോഡ് എന്‍ഡാണ്. പ്രേക്ഷകര്‍ മുള്‍മുനയിലായി. തലേന്നുവരെ തങ്ങളുടെ പ്രിയപ്പെട്ടവളായിരുന്ന നായികയ്ക്ക് ഇങ്ങനെയൊരു ചരിത്രമുണ്ടോ? നല്ലവനായ ഭര്‍ത്താവ് രാഹുല്‍ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും. ഈ മാരകാവസ്ഥ നായിക എങ്ങനെ തരണംചെയ്യും. ഒരുദിവസം ഒന്ന് കടന്നുകിട്ടി അടുത്ത എപ്പിസോഡ് കാണുന്നതുവരെ ഇതിന്റെ ചര്‍ച്ചകളായിരിക്കും. വീഴാന്‍പോകുന്ന ഒരുപാട് സീരിയലുകളെ ഇങ്ങനെ പലേടത്തുനിന്നുമെത്തുന്ന പിതാക്കന്മാര്‍ രക്ഷിച്ചിട്ടുണ്ട്. സിനിമയില്‍ ആദ്യഷോയില്‍ മോശം അഭിപ്രായം വീണാല്‍ അവിടെത്തീര്‍ന്നു കാര്യങ്ങള്‍. പടം വീഴും. സീരിയല്‍ അങ്ങനെയല്ല. റേറ്റിങ് കുറഞ്ഞാലും ഉയര്‍ത്തിയെടുക്കാന്‍ അവസരമുണ്ട്. അവിടെയാണ് ഇത്തരം ചേരുവകള്‍ കലക്കിച്ചേര്‍ക്കുന്നത്.

നിസ്സഹായത

ആശയപരമായും ചിന്താപരമായും ഒക്കെ ഉയര്‍ന്ന സീരിയലുകള്‍ചെയ്യാന്‍ താല്‍പ്പര്യവും കഴിവുമുള്ള നിരവധി സംവിധായക -തിരക്കഥാകൃത്തുക്കള്‍ സീരിയല്‍മേഖലയിലുണ്ട്. ഒരു സംവിധായകന്‍ പ്രതികരിച്ചു: "കലയോടൊപ്പംതന്നെ ഇത് ഒരു തൊഴിലുംകൂടിയാണ്. വാശിപിടിക്കാന്‍ പറ്റില്ല. ഒരല്‍പ്പം യാന്ത്രികവുമാണ് കാര്യങ്ങള്‍. തിരക്കഥാകൃത്ത് ഹോട്ടല്‍മുറിയിലോ ലൊക്കേഷന്‍മുറിയിലോ ഇരുന്ന് സീരിയല്‍ എഴുതുന്നു (മിക്കവാറും സീരിയലുകള്‍ക്ക് അപ്പോഴപ്പോഴാകും എഴുത്ത്. അതേ പ്രായോഗികമാകൂ). തിരക്കഥാകൃത്ത് എഴുതി അയക്കുന്ന സീനുകള്‍ മറ്റൊരിടത്ത് ഷൂട്ടുചെയ്യപ്പെടുന്നു- വേറൊരിടത്ത് എഡിറ്റിങ്, മറ്റൊരിടത്ത് ഡബ്ബിങ്, ഇനിയൊരിടത്ത് മിക്സിങ്. ഇങ്ങനെ ഏതാണ്ടൊരു ഫാക്ടറിരീതിയിലാണ് കാര്യങ്ങള്‍. എപ്പിസോഡ് മുടങ്ങാന്‍ പറ്റില്ല. അപ്പോള്‍പ്പിന്നെ ഗുണദോഷങ്ങള്‍ അങ്ങനെയങ്ങ് ചിന്തിക്കാന്‍ സമയംകിട്ടില്ല. ഒറ്റ മന്ത്രമേയുള്ളൂ. റേറ്റിങ്... റേറ്റിങ്... ചാനലോ പ്രേക്ഷകരോ മാറട്ടെ... ഞങ്ങള്‍ ഇന്നലെയേ റെഡി...''
സംവിധായകര്‍ റേറ്റിങ് ടെന്‍ഷനല്ലാതെ മറ്റൊരു ടെന്‍ഷനുംകൂടി ചുമക്കുന്നുണ്ടത്രേ. അത് ഡ്യൂറേഷന്‍ ടെന്‍ഷനാണ്. നിര്‍മാതാവിന് കൈ പൊള്ളാതിരിക്കണമെങ്കില്‍ മിനിമം ഒരുദിവസം ഇത്ര മിനിറ്റെങ്കിലും കൊടുക്കണം. രാവിലെമുതല്‍ 'വച്ചടി'ച്ചാലേ ഇത് സാധ്യമാകൂ. അപ്പോള്‍ 'എടുത്തുകൂട്ടുക' എന്ന പ്രക്രിയയിലേക്ക് നിര്‍ബന്ധിതരായിപ്പോകും. ഒരേ മുറിയില്‍ ഒന്നോ രണ്ടോ കഥാപാത്രങ്ങളെവച്ചുള്ള സംഭാഷണങ്ങളില്‍ കൊണ്ടും കൊടുത്തും കയറുന്ന സീനുകളിലാണ് 'ഡ്യൂറേഷന്‍ വീഴുന്നത്'. അപ്പോള്‍ അത്തരം സീനുകള്‍ ഒരുക്കാന്‍ തിരക്കഥാകൃത്തുക്കള്‍ നിര്‍ബന്ധിതരാകും. വലിയ നാല് സീന്‍, മീഡിയം ആറ് സീന്‍ എന്നിങ്ങനെയൊക്കെയാണ് സീനുകളെക്കുറിച്ച് സെറ്റുകളില്‍ പരാമര്‍ശിക്കാറ്.

മാറ്റങ്ങള്‍


'രാജാവ് മരിക്കും, രാജാവ് നീണാള്‍ വാഴട്ടെ' എന്ന ചൊല്ലുപോലെയാണ്. ആദ്യ എപ്പിസോഡ് സംപ്രേഷണംചെയ്ത് തുടങ്ങിയാല്‍പിന്നെ അവസാനിക്കുന്നതുവരെ സീരിയല്‍ ഓടിക്കൊണ്ടിരുന്നേ പറ്റൂ. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രധാന താരം ഒരസുഖം വന്ന് രണ്ടുദിവസം കിടപ്പിലാകുന്നു. അല്ലെങ്കില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസത്തിന്മേല്‍ തുടരാന്‍ പറ്റില്ലെന്ന് അറിയിക്കുന്നു. ആയിക്കോട്ടെ. ആ സ്ഥാനത്ത് അടുത്ത നായകനോ നായികയോ വരുന്നു. ചിലപ്പോള്‍ ഇത്തരം മാറ്റങ്ങളും റേറ്റിങ് കൂട്ടാറുണ്ട്. സംവിധായകരും തിരക്കഥാകൃത്തുക്കളും ഒക്കെ മാറുന്നത് സീരിയലുകളില്‍ പുതുമയല്ലെന്നുമാത്രമല്ല സാധാരണവുമാണ്. അതൊരു പ്രോസസാണ്. സിസ്റ്റം. സിസ്റ്റം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നേ പറ്റൂ.

പ്രേക്ഷകര്‍


അങ്ങനെ ചാനല്‍മുതല്‍ തുടങ്ങുന്ന ടെന്‍ഷനും പ്രഷറും അവസാനം വന്നുവീഴുന്നത് പ്രേക്ഷകനിലാണ്. വീട്ടിലെ നൂറുകൂട്ടം പ്രശ്നങ്ങളിലാണ് അവര്‍ സീരിയല്‍ കാണുന്നത്. രാവിലെ ഭര്‍ത്താവുമായി ഒരല്‍പ്പം അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. വൈകുന്നേരം സീരിയലില്‍ ഭര്‍ത്താവുമായി തകര്‍പ്പന്‍ വഴക്കുണ്ടാക്കുന്ന നായിക, അല്ലെങ്കില്‍ ഭര്‍ത്താവില്‍നിന്ന് കൊടിയ പീഡനം നേരിടുന്നവള്‍- കാണുന്ന പ്രേക്ഷക തന്റെ ജീവിതവുമായി ബന്ധിപ്പിക്കും. ചുരുക്കത്തില്‍ ക്രമേണ അതിലേക്കങ്ങ് വീഴും. അമ്മായിയമ്മപീഡനവും അവിഹിതവും അട്ടഹാസവും അസൂയയുമൊക്കെ സന്ധ്യകളിലും രാത്രിയിലും കണ്ണിനുമുമ്പില്‍ വന്നുവീണുകൊണ്ടിരിക്കും. 'എല്ലാത്തിലും ഒരേ കഥ' എന്നൊക്കെ പരാതി പറയുമ്പോഴും അടുത്ത എപ്പിസോഡിനുവേണ്ടി കാത്തിരിക്കും.

ഒരു സീരിയലില്‍ ഒരല്‍പ്പം ടെന്‍ഷന്‍ കുറഞ്ഞാല്‍ അടുത്ത ചാനലിലേക്ക് റിമോട്ട് മാറ്റും. ആരാണ് യഥാര്‍ഥ ഉത്തരവാദികള്‍ എന്ന് വ്യക്തമായി ഉത്തരം കിട്ടാത്തതാണ് സീരിയലിനെ ബാധിച്ചിരിക്കുന്ന പ്രശ്നം- റേറ്റിങ് മാത്രം നോക്കി സീരിയല്‍ ഓടിക്കുന്ന ചാനലുകളാണോ, റേറ്റിങ് കൂട്ടാന്‍വേണ്ടി ഒരു യുക്തിയും സാമൂഹ്യബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഒരുക്കിയിറക്കുന്ന സാങ്കേതികപ്രവര്‍ത്തകരാണോ, ഇത്തരം സീരിയലുകളെ തങ്ങള്‍ തള്ളിക്കളഞ്ഞാല്‍ നല്ല ആശയങ്ങളോടെയുള്ള കഥകള്‍ കിട്ടുമെന്നറിഞ്ഞിട്ടും അവിഹിത- പ്രശ്നഭരിത സീരിയലുകള്‍ മുടങ്ങാതെ കാണുന്ന പ്രേക്ഷകരാണോ? ഈ മൂന്ന് ഘടകങ്ങളില്‍ ഒരു ഘടകം തീരുമാനിച്ചാല്‍മതി മാറ്റംവരുത്താന്‍.

സിനിമയില്‍ നല്ലതും ചീത്തയും ഉണ്ടെന്നും മോശംസ്വാധീനംപോലെ നല്ലസ്വാധീനവും സിനിമകള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുണ്ടെന്നും എന്നാല്‍, സീരിയലില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും കുഴപ്പംമാത്രമേ നല്‍കുന്നുള്ളൂ എന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ലോകത്തെ ഏത് ഭാഷയിലും സീരിയലുകള്‍ക്ക് ഏതാണ്ട് ഇതേ സ്വഭാവമാണെന്ന് മറുപക്ഷവും പറയുന്നു. വിദേശചാനലുകളില്‍ ചിരിസീരിയലുകള്‍ക്ക് പ്രാധാന്യമുള്ളപ്പോള്‍ത്തന്നെ മനുഷ്യന്റെ മൃഗീയവാസനകള്‍ കാട്ടുന്ന സീരിയലുകളും അധികമാണെന്നാണ് അവര്‍ വാദിക്കുന്നത്.

പ്രശസ്തമായ ഒരു നേരമ്പോക്കുണ്ടല്ലോ. ജയിലില്‍ തടവുപുള്ളികള്‍ ജനപ്രിയസീരിയല്‍ കാണുന്നു. പത്രപ്രവര്‍ത്തകന്‍ തടവുകാരോട് ചോദിച്ചു: "നിങ്ങള്‍ക്കും ഇത്രയ്ക്ക് ഇഷ്ടമാണോ ഈ സീരിയല്‍?''
അവരുടെ മറുപടി: "ഇത് ശിക്ഷയുടെ ഭാഗമാണ്.''


Related News