Loading ...

Home USA

മൂന്ന് യുദ്ധങ്ങളിലെ നാശത്തിന് തുല്യം; യു.എസില്‍ കോവിഡ് കവര്‍ന്നത് അഞ്ച് ലക്ഷം ജീവനുകള്‍

വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍, വിയറ്റ്നാം യുദ്ധം എന്നിവയില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തോളം വരും കോവിഡ് കവര്‍ന്ന ജീവനുകള്‍. നിലവില്‍, ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക.
2,88,27,262 പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. വേള്‍ഡോമീറ്റര്‍ വെബ്സൈറ്റിലെ കണക്ക് പ്രകാരം 5,12,593 പേരാണ് യു.എസില്‍ മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,257 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചിട്ടുണ്ട്. ഇത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച്‌ താഴ്ന്ന നിരക്കാണെങ്കിലും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങള്‍ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അമേരിക്ക ആദരമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ചു. അനുശോചന സൂചകമായി വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.

Related News