Loading ...

Home USA

അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് അമേരിക്ക;ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

വാഷിങ്ടണ്‍:അമേരിക്കയില്‍ അഭയം കാത്ത് മാസങ്ങളും വര്‍ഷങ്ങളുമായി മെക്സിക്കോയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് വെള്ളിയാഴ്ചമുതല്‍ പ്രവേശനം അനുവദിച്ചു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ കടക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. വെള്ളിയാഴ്ച സാന്‍ ഡിഗോ അതിര്‍ത്തിയിലൂടെയാണ് ആളുകളെ കടത്തിയത്. ടെക്സാസിലേക്കും വ്യാപിപ്പിക്കും. മുന്‍ഗാമി ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയ കുടിയേറ്റവിരുദ്ധമായ നയം പ്രസിഡന്റ് ജോ ബൈഡന്‍ തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഭയാര്‍ത്ഥികളെ അമേരിക്ക സ്വീകരിക്കുന്നത്. നിലവില്‍ 25,000 ഓളം പേര്‍ ‘മെക്സിക്കോയില്‍ തുടരുക’ എന്ന പരിപാടിയുടെ ഭാഗമായുള്ളതിനാല്‍ പുതിയതായി ആളുകള്‍ അതിര്‍ത്തിയിലേക്ക് വരരുതെന്ന് യുഎസ് അധികൃതര്‍ അഭ്യര്‍ഥിച്ചു. വരാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കുന്ന അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈകമീഷന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യുഎന്‍ ഏജന്‍സി അതിര്‍ത്തി കടക്കാനെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പ്രധാന രണ്ട് അതിര്‍ത്തി വഴി പ്രതിദിനം 300 പേരെയാണ് കടത്തിവിടാന്‍ കഴിയുക. മറ്റു ചെറിയ ക്രോസിങ്ങുകളിലൂടെ കുറച്ചുപേരെയും. അതിനാല്‍ ഇപ്പോള്‍ ‘മെക്സിക്കോയില്‍ തുടരുക’ പരിപാടിയില്‍ ഉള്‍പ്പെട്ട 25,000 പേരെ കടത്തിവിടാന്‍ എത്രകാലമെടുക്കുമെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Related News