Loading ...

Home Music

മരിക്കാത്ത പാട്ടുകള്‍ ഡോ. ടി.പി. മെഹ്റൂഫ് രാജ്

ശ്രവണസുഖദമായ ഗാനങ്ങളിലൂടെ ഇന്ത്യയിലെ സംഗീതപ്രേമികളുടെ മനംകവര്‍ന്ന വിഖ്യാത ഗായകന്‍ മുഹമ്മദ് റഫി അന്തരിച്ചിട്ട് മൂന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. അനേകം നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന ഒരദ്ഭുതം എന്നാണ് റഫിയെ സംഗീതജ്ഞര്‍ പൊതുവെ വിലയിരുത്തിയിട്ടുള്ളത്. എല്ലാതരം ഭാവങ്ങളും തന്‍െറ ശബ്ദത്തില്‍ ആവാഹിച്ചായിരുന്നു ഇദ്ദേഹം ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ചത്. റൊമാന്‍റിക്, ഗസല്‍സ്, ഖവ്വാലി, ഭജന്‍സ്, സെമി ക്ളാസിക്കല്‍ ഗാനങ്ങള്‍ എന്നിവയെല്ലാം റഫിയുടെ കൈയില്‍ സുരക്ഷിതമായിരുന്നു. ഇന്ത്യന്‍ സംഗീതലോകത്തെ ഏറ്റവും മികച്ച പുരുഷശബ്ദത്തിന്‍െറ ഉടമ എന്ന് നിഷ്പക്ഷ നിരൂപകര്‍ പോലും ഇദ്ദേഹത്തെ വാഴ്ത്തി. താന്‍ ആരാധിക്കുന്ന അപൂര്‍വം ഗായകരില്‍ ഒരാളാണ് റഫിയെന്ന് യേശുദാസും, ‘റഫി ഈസ് ദ അള്‍ട്ടിമേറ്റ് സിംഗര്‍’ എന്ന് ഗായകന്‍ ജയചന്ദ്രനും പറഞ്ഞിട്ടുണ്ട്. മുമ്പ് ഹിന്ദി സിനിമകളില്‍ പുരുഷ ശബ്ദത്തില്‍ പാടുന്ന പല ഗാനങ്ങളും സിനിമയുടെ തുടര്‍ന്നുള്ള രംഗങ്ങളില്‍ സ്ത്രീ ശബ്ദത്തിലും ആവര്‍ത്തിക്കാറുണ്ട്. ഇങ്ങനെ, റഫി പാടിയ ചില പാട്ടുകള്‍ ലതയും ആശയും പാടിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഗാനം കേട്ട മന്നാഡെ ലതയോട് പറഞ്ഞുവത്രെ, റഫി പാടുന്ന റൊമാന്‍റിക് ഗാനങ്ങളുടെ ഫീമെയില്‍ വേര്‍ഷന്‍ ഒരിക്കലും പാടരുതെന്ന്. അങ്ങനെ പാടിയാല്‍ റഫിയോടൊപ്പം നിങ്ങള്‍ക്ക് എത്താന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞുവത്രെ. ഉദാഹരണമായി ‘താജ് മഹല്‍’ എന്ന സിനിമ (1963)യിലെ ജോ വാദാ കിയാ വോഹ് നിഭാനാ പടേഗാ, ജോ ബാത് തുജ് മെ ഹേ... തേരെ തസ്വീര്‍ മേ നഹിന്‍; ചിത്രലേഖ എന്ന സിനിമയിലെ ‘മന്രെ തു കാഹെ ന ധീര്‍ ധരെ...’ 1964ല്‍ പുറത്തിറങ്ങി സൂരജ് എന്ന സിനിമയിലെ ‘ബഹാരോം ഫൂല്‍ ബര്‍സാവോ മേരാ മെഹബൂബ് ആയാ ഹെ’, തുടങ്ങി എണ്ണമറ്റ ഗാനങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. മദന്‍ മോഹന്‍ സംഗീത സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ..’ എന്ന ഗാനം റെക്കോഡ് ചെയ്യുമ്പോള്‍ റഫിയുടെ ശബ്ദം കേട്ട് ആ ഓര്‍ക്കസ്ട്ര ഗ്രൂപ്പിലുണ്ടായിരുന്ന വയലിനിസ്റ്റുകള്‍ക്ക് നിയന്ത്രണം വിട്ടതുമൂലം റെക്കോഡിങ് മുടങ്ങിയ ചരിത്രം കൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. റഫി തന്‍െറ ശബ്ദത്തിലെ അസാമാന്യമായ സൗകുമാര്യം, കാല്‍പനികത, ഊര്‍ജം എന്നിവകൊണ്ട് ആസ്വാദകരുടെ ഹൃദയങ്ങളില്‍ ചേക്കേറുകയായിരുന്നു. താഴേക്കിടയിലുള്ള സാധാരണക്കാര്‍ മുതല്‍ സംഗീതാവബോധമുള്ളവര്‍വരെ ഒരേപോലെ ഈ ശബ്ദം ഏറ്റുവാങ്ങി. ഇതിനെല്ലാമുപരി ചരിത്രപരമായ ഒരന്തരീക്ഷം കൂടി റഫിക്കുവേണ്ടി ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. റഫിയുടെ കാലഘട്ടത്തിലാണ് ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, ഗായികാഗായകന്മാര്‍, സംഗീതബോധമുണ്ടായിരുന്ന സിനിമാ സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നിവര്‍ ഉണ്ടായിരുന്നത്. 1945നും 75നും ഇടയിലെ എകദേശം കാല്‍നൂറ്റാണ്ട് കാലത്താണ് ഇന്ത്യയില്‍ എല്ലാ ഭാഷകളിലും സിനിമാ സംഗീത രംഗത്ത് ജീനിയസുകളുടെ സാന്നിധ്യം ഉണ്ടായിരുന്നത്. റഫി വളരെ കുറച്ചുമാത്രമേ സംസാരിച്ചിരുന്നുള്ളൂ. അദ്ദേഹം പറയാനുള്ളതെല്ലാം പാടുകയാണ് ചെയ്തത്. 50കളിലും 60കളിലും ദൈവം തന്നിലേല്‍പിച്ച ദൗത്യം അദ്ദേഹം പാടിത്തീര്‍ക്കുകയായിരുന്നു. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയെ സാധൂകരിക്കുന്ന തരത്തിലാണ് 54ാം വയസ്സില്‍ ദൈവം അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. യഥാര്‍ഥത്തില്‍ മനുഷ്യന്‍െറയുള്ളില്‍ സമാധാനവും ശാന്തിയും സ്വാസ്ഥ്യവും നിറക്കാന്‍ സംഗീതത്തെ പോലെ മറ്റൊരു മരുന്നില്ല. ഇത്തരത്തില്‍ സ്വാസ്ഥ്യം നല്‍കുന്നതിനുള്ള എല്ലാ തരത്തിലുള്ള ഘടകങ്ങളും ഒത്തിണങ്ങിയ ശബ്ദമാണ് റഫിയുടേത്. ഈ കുറിപ്പെഴുതുന്നയാള്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ഫിസിഷ്യനായി ജോലിചെയ്തിരുന്ന കാലത്ത് നടന്ന ഒരു സംഭവം വിവരിക്കാം. സംഗീത ചികിത്സ എന്ന വിഭാഗത്തില്‍ ഞാന്‍ നടത്തിയിരുന്ന അന്വേഷണങ്ങളുടെ ഭാഗമായി ചില രോഗികളില്‍ പ്രത്യേക തരത്തിലുള്ള രാഗങ്ങള്‍ കേള്‍പ്പിച്ച് രോഗാവസ്ഥയില്‍ വരുന്ന മാറ്റം വളരെ ഗൗരവത്തോടെ നിരീക്ഷിച്ചു വന്നിരുന്ന കാലമായിരുന്നു അത്. അവിടെ ലേബര്‍ റൂമില്‍ സ്ഥിരമായി താരാട്ടുപാട്ടുകള്‍ കേള്‍പ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. അതിന് മികച്ച ഫലവും ഉണ്ടായിരുന്നു. ഇക്കാലത്താണ് ഒരുദിവസം ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സ് വന്ന്, താരാട്ടുപാട്ടിന്‍െറ കാസറ്റ് വര്‍ക്ക് ചെയ്യുന്നില്ളെന്നും എന്‍െറയടുത്ത് ഏതെങ്കിലും പാട്ടിന്‍െറ കാസറ്റ് ഉണ്ടോ എന്നും അന്വേഷിച്ചത്. അന്ന് ഭാഗ്യവശാല്‍ റഫിയുടെ ഗാനങ്ങളുടെ ഒരു കാസറ്റ് മാത്രമേ എന്‍െറയടുത്തുണ്ടായിരുന്നുള്ളൂ. അത് ഞാന്‍ അവര്‍ക്ക് നല്‍കി. പിറ്റേ ദിവസം ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ ആ നഴ്സ് ഓടിവന്നു പറഞ്ഞത് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. റഫി ഗാനങ്ങള്‍ കേട്ടുകൊണ്ട് ഒരു കുഞ്ഞിന് ജന്മം നല്‍കിയ ആ പെണ്‍കുട്ടി പിന്നീട് നഴ്സിനോട് പ്രസവസമയത്ത് തനിക്ക് ലഭിച്ച അദ്ഭുതകരമായ മാനസികാവസ്ഥയെ കുറിച്ച് പറയുകയും അവിടെ പ്രസവിക്കാന്‍ വരുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ ഈ കാസറ്റ് വെച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വാഗയിലെ സൈനിക ചടങ്ങുകള്‍ക്കിടയില്‍ ‘ജഹാം ഡാല് ഡാല് പര്‍....വോ ഭാരത് ദേശ് ഹമാരാ’ എന്നു തുടങ്ങുന്ന റഫിയുടെ ദേശഭക്തി ഗാനമാണ് സ്ഥിരമായി മുഴങ്ങുന്നത്. ദേശഭക്തിയെ കുറിച്ചുള്ള ദീര്‍ഘനേരത്തെ പ്രഭാഷണത്തേക്കാള്‍ എത്രയോ ഇരട്ടി ഫലം ചെയ്യുന്നതാണ് ഏതാനും മിനിറ്റുകള്‍ നീളുന്ന ഈ ഗാനം. ഗാനം അവസാനിക്കുന്നതോടെ അതു കേള്‍ക്കുന്നവരുടെ ശരീരത്തില്‍ രോമാഞ്ചവും മനസ്സില്‍ ദേശഭക്തിയും നിറയും എന്ന കാര്യത്തിന് സാക്ഷിയാണ് ഈ കുറിപ്പുകാരന്‍.

(ലേഖകന്‍ വയനാട് ഡി.എം. വിംസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ടും സംഗീത ചികിത്സാ വിദഗ്ധനുമാണ്)

Related News