Loading ...

Home International

ചൈന പിന്മാറുന്നു, പാങ്കോംഗ് തീരത്തെ ഹെലിപ്പാഡ് അടക്കം നീക്കം ചെയ്‌തു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിന്മാറുന്നതായി വിവരം. ഇന്ത്യന്‍ സൈന്യം ഇന്ന് പുറത്തുവിട്ട ഒന്നിലധികം വീഡിയോകളും ചിത്രങ്ങളും തടാകത്തിന്റെ ഇരുകരകളിലുമുളള ചൈനീസ്, ഇന്ത്യന്‍ സേനകള്‍ തമ്മിലുളള പിന്മാറ്റം തുടരുന്നതായി വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ ഹിമാലയത്തിലെ തടാക പ്രദേശത്തിന്റെ കരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

ചൈനീസ് സൈന്യം കൂടാരങ്ങളും ബങ്കറുകളും പൊളിച്ചുമാറ്റുന്നതും കനത്ത ഭാരം ചുമന്ന് പര്‍വതപ്രദേശത്ത് നടക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ കാത്തുകിടക്കുന്ന ട്രക്കുകളിലേക്ക് ധാരാളം ചൈനീസ് സൈനികര്‍ ഒരു കുന്നിന്‍ മുകളിലൂടെ നടക്കുന്നതും കാണാം. ചൈനീസ് എര്‍ത്ത് മൂവറുകള്‍ ഈ പ്രദേശത്തെ ഭൂമി പഴയപടിയാക്കുകയാണ്. സൈന്യം സ്ഥാപിച്ച സൈനിക ഘടനകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച്‌ വരുന്നു. ഹെലിപ്പാഡ് അടക്കമുളളവ ചൈന ഈ ഭാഗത്ത് നിര്‍മ്മിച്ചിരുന്നു. ഇതു കൂടാതെ വലിയ തോക്കുകള്‍ ഘടിപ്പിക്കാനുളള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയെല്ലാം നീക്കം ചെയ്യുകയാണ്.

രണ്ടാഴ്‌ചക്കുളളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി, അടുത്തവട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് ഇരു സേനകളുടേയും തീരുമാനം. അടുത്തവട്ടം വടക്കന്‍ ലഡാക്കിലെ മേഖലകളിലുളള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഏകദേശം 18 കിലോമീറ്റര്‍ ഉളളിലേക്കാണ് ഇവിടെ ചില മേഖലകളില്‍ ചൈന കടന്നുകയറിയിട്ടുളളത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഇന്ത്യ ഉന്നയിച്ചു വരികയാണ്.


Related News