Loading ...

Home Kerala

കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍; തിരഞ്ഞെടുപ്പ് തീയതി ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം പുരോഗമിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ആണ് ചര്‍ച്ച നടത്തുന്നത്. ഏപ്രില്‍ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ മതിയെന്ന് ബിജെപി അഭിപ്രായപ്പെട്ടു. അതേസമയം കലാശക്കൊട്ട് വേണമെന്ന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഏപ്രില്‍ എട്ടിനും 12 നും ഇടയില്‍ നടത്തണമെന്നും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് സമയം ഏഴുമണി മുതല്‍ അഞ്ചുമണി വരെ മതിയെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. ഇതേ ആവശ്യങ്ങളും മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് ഇതോടൊപ്പം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗും രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ ജോസഫ് വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചില്ല. അതേസമയം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണയായും പോലീസ് നോഡല്‍ ഓഫീസര്‍മാരുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് രാഷ്ട്രീയ കക്ഷികളില്‍ നിന്ന് അഭിപ്രായം തേടുന്നത്. സുരക്ഷ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച്‌ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ്പിമാരുമായും ചര്‍ച്ച നടത്തും. അടുത്താഴ്ച തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് ഘട്ടങ്ങളും തീയതിയും പ്രഖ്യാപിക്കുക. തിങ്കളാഴ്ച കമ്മീഷന്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Related News