Loading ...

Home cinema

ലിജോ, കട്ട ലോക്കല്‍ by ഗിരീഷ് ബാലകൃഷ്ണന്‍

ഏഴുവര്‍ഷത്തിനിടെ അഞ്ചു ചിത്രങ്ങള്‍മാത്രം. ഓരോന്നും നടപ്പുകാഴ്ചാശീലങ്ങളോട് കലഹിച്ചവ. 'ആമേന്‍' വഴിത്തിരിവായി. എന്നാല്‍, തൊട്ടുപിന്നാലെ വന്ന 'ഡബിള്‍ ബാരല്‍' പലരെയും രോഷം കൊള്ളിച്ചു. കോടികളുടെ സാമ്പത്തികനഷ്ടമുണ്ടായി. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചലച്ചിത്രപ്രതിഭ അപ്പോഴും പറഞ്ഞു, പരാജയങ്ങള്‍ ഭയന്ന് വഴിമാറി നടക്കില്ലെന്ന്. ഒന്നരവര്‍ഷത്തിനുശേഷം അടുത്ത ചിത്രവുമായി ലിജോ എത്തി. 'കട്ട ലോക്കല്‍' കഥപറഞ്ഞ 'അങ്കമാലി ഡയറീസ്' രണ്ടാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളില്‍ കൈയടിയും ആര്‍പ്പുവിളിയും അടങ്ങിയിട്ടില്ല. പുതുമുഖങ്ങള്‍മാത്രം അഭിനയിച്ച ചിത്രം സൂപ്പര്‍താരങ്ങളെ അസൂയപ്പെടുത്തുന്ന വിജയത്തിലേക്ക് നീങ്ങുമ്പോള്‍ സിനിമയിലെ കയറ്റിറക്കങ്ങളെക്കുറിച്ച് ലിജോ പറയുന്നു.

ഫലം കാണുന്ന പരിശ്രമങ്ങള്‍

വളരെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്നു. പ്രതീക്ഷിച്ചതിലും നൂറുമടങ്ങ് വലിയ സ്വീകരണം. സിനിമ പ്രേക്ഷകരെക്കൊണ്ട് ഇഷ്ടപ്പെടുത്താന്‍വേണ്ടിയുള്ള പൊടിക്കൈകള്‍ പ്രയോഗിക്കാനൊന്നും എനിക്കാകില്ല. ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിപ്പിക്കാനും കഴിയില്ല. സിനിമ കാണുന്നവര്‍ക്ക് സ്വന്തം ജീവിതത്തെയും ചുറ്റുപാടുകളെയും അതില്‍നിന്ന് കണ്ടെത്താന്‍ കഴിയണമെന്ന നിര്‍ബന്ധബുദ്ധിമാത്രമായിരുന്നു ഞങ്ങള്‍ക്ക്. സമാനമനസ്കരായ പ്രേക്ഷകരെ കേരളത്തിലെമ്പാടും സൃഷ്ടിക്കാന്‍ സിനിമയ്ക്കായി എന്നറിയുമ്പോള്‍ ഞങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണുന്നു.

വിജയത്തിന്റെ ഡബിള്‍ ബാരല്‍ മുഴക്കം

ഒരാളുടെ ചിന്തയാണ് ഒരുപാടുപേരുടെ അധ്വാനത്തിലൂടെ ചലച്ചിത്രമായി മാറുന്നത്. അതില്‍ എല്ലായ്പോഴും റിസ്ക് ഫാക്ടറുണ്ടാകും. ഞാന്‍ ഇഷ്ടപ്പെടുന്ന, എന്നെ ആവേശം കൊള്ളിച്ച ആശയമാണ് ഡബിള്‍ ബാരല്‍ എന്ന സിനിമ. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ സംഭവിക്കുന്ന സര്‍ഗാത്മകതയുടെ വിസ്ഫോടനം കേരളത്തിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവരെ മാതൃകയാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ചലച്ചിത്രവിദ്യാര്‍ഥിയാണ് ഞാന്‍. എല്ലാത്തരം സിനിമകളും ആസ്വദിക്കുന്ന പ്രേക്ഷകനാണ് ഞാന്‍. à´† സിനിമയ്ക്ക് ആവശ്യമുള്ള കാഴ്ചക്കാരനായിട്ടാണ് ഞാന്‍ സിനിമ കാണുന്നത്. തെലുങ്ക് സിനിമ കാണുന്നത് തെലുങ്ക് സിനിമയുടെ ആസ്വാദകനായിട്ടാണ്, ഡബിള്‍ ബാരല്‍ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ക്ക്് ഒരുപക്ഷേ, അങ്കമാലി ഡയറീസ്  ആവേശം ജനിപ്പിച്ചിട്ടുണ്ടാകും. ഇഷ്ടവും അനിഷ്ടവും വ്യക്തിപരമായ അഭിരുചിയില്‍നിന്ന് ജനിക്കുന്നതാണ്്. സംവിധായകന്‍ എന്ന നിലയ്ക്ക്് ഒരു റൂള്‍ബുക്ക് വച്ച് സിനിമ എടുക്കാനാകില്ല. ഗുണപാഠം സിനിമകളില്‍നിന്ന് പ്രതീക്ഷിക്കുകയുമരുത്്.പരീക്ഷണത്തിനുവേണ്ടിയുള്ള സിനിമകളല്ല ഞാന്‍ ചെയ്യുന്നത്്. എനിക്ക് ഇഷ്ടപ്പെടുന്ന, ആവേശഭരിതനാക്കുന്ന തിരക്കഥകളാണ് ഞാന്‍ സിനിമയാക്കുന്നത്. അതില്‍ പരീക്ഷണമുണ്ടോ എന്നു കാണുന്നവരാണ് തീരുമാനിക്കേണ്ടത്.

വര്‍ഗീയ നിരൂപണങ്ങള്‍

ക്രിസ്തുമത  പ്രകീര്‍ത്തനമാണ് എന്റെ സിനിമകളെന്ന വിമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. നമുക്കുചുറ്റുമുള്ള അന്തരീക്ഷത്തെ ചിലര്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മലീമസവും വിഷലിപ്തവുമാക്കുന്നത്്. ചാലക്കുടിയില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. എനിക്ക് എല്ലാ ജാതിയിലും മതത്തിലും പെട്ടവരുമായി ബന്ധമുണ്ട്്. എന്റെ കൂട്ടുകാരുടെ ജാതിയും മതവും ഞാന്‍ നോക്കാറില്ല. കലാസൃഷ്ടിയെ ജാതിയുടെ പേരില്‍ അളക്കാന്‍ പ്രേരിപ്പിച്ച്് നമ്മുടെ ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമാണ്്. ഒരിക്കലും അനുവദിച്ചുകൊടുക്കാന്‍ പാടില്ലാത്തതാണ്്.

കട്ട ലോക്കല്‍ ജീവിതങ്ങള്‍

 അങ്കമാലി ഡയറീസില്‍നിന്ന്
അങ്കമാലി എന്ന നാട്ടിലെ ജീവിതം അവിടത്തെ ആളുകള്‍, കുറ്റകൃത്യം, തമാശ, താളം അങ്ങനെ എല്ലാത്തിന്റെയും ഒരു മിക്സാണ് അങ്കമാലി ഡയറീസ്. ഒരു നായകന്റെയും വില്ലന്റെയും കഥ എന്നതിലുപരി ഒരുപാടുപേരുടെ ജീവിതകഥകള്‍ ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടാണ് അങ്കമാലി ഡയറീസ് എന്ന് പേരിട്ടത്. നായകനെമാത്രമല്ല, ഒരുപാടുപേരെ ഫോളോ ചെയ്താണ് സിനിമ മുന്നോട്ടുപോകുന്നത്. പന്നിക്കച്ചവടം അങ്കമാലി നഗരത്തിന്റെ വളര്‍ച്ചയുടെ ഭാഗമാണ്.താരങ്ങള്‍ അഭിനയിക്കുമ്പോള്‍ സിനിമ അവരുടേതായി മാറും. അതുകൊണ്ടാണ് തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദ് അടക്കമുള്ളവര്‍ സിനിമയില്‍നിന്ന് അകലം പാലിച്ചത്്. നമ്മള്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോള്‍ ചിലപ്പോഴെല്ലാം സിനിമയില്‍ മാജിക്കുകള്‍ സംഭവിക്കാറുണ്ട്. അത്തരം മാജിക് അങ്കമാലി ഡയറീസിലും സംഭവിച്ചു. സിനിമ നന്നാക്കാന്‍വേണ്ടി ശ്രമിച്ച ഒരുപറ്റം ആളുകളുടെ ആത്മാര്‍ഥത സിനിമയുടെ ആന്തരികമായ കരുത്തായി മാറി.

86 പുതുമുഖങ്ങള്‍

എണ്‍പത്താറു പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്നൊരു കണക്ക് വച്ചെങ്കിലും നൂറിലധികം പുതുമുഖങ്ങള്‍ സിനിമയില്‍ വന്നുപോകുന്നുണ്ട്. അവര്‍ സിനിമയ്ക്കുവേണ്ടി എടുത്ത അധ്വാനം മറ്റുള്ളവരുടേതിന്റെ ഇരട്ടിയാണ്. തിരക്കഥയും ഡയലോഗുമെല്ലാം വളരെ നേരത്തെ എല്ലാവര്‍ക്കും നല്‍കി. സീനുകള്‍ എങ്ങനെ നന്നാക്കാമെന്ന് അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു. അതിനായി അഭിനയക്കളരികള്‍ ഒരുക്കി. 42 ദിവസമാണ് സിനിമ ചിത്രീകരിച്ചത്. ഒരുപാട് നീണ്ട രംഗങ്ങളും മറ്റും ഉണ്ടെങ്കില്‍പ്പോലും തുടക്കക്കാരെക്കൊണ്ട് സിനിമ ചിത്രീകരിക്കുന്നത് ഗുണമാണെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ അര്‍പ്പണമനോഭാവം സിനിമയ്ക്ക് കരുത്തായി മാറും. പരസ്പരം മത്സരസ്വഭാവത്തോടെ അവര്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. സിനിമയുടെ ഒരു ഷോട്ടില്‍ ബാക്ക്ഗ്രൌണ്ടില്‍ നില്‍ക്കുന്ന ആളെ കണ്ടെത്താന്‍പോലും പ്രത്യേക നിഷ്കര്‍ഷ പുലര്‍ത്തി. അങ്കമാലിക്കാരുടെ മാനറിസമുള്ളവരെമാത്രമാണ് ഒരുമാസത്തോളം നീണ്ട പ്രവര്‍ത്തനത്തിലൂടെ തെരഞ്ഞെടുത്തത്.

നാടിന്റെ സംഗീതം

പ്രശാന്താണ് എന്റെ സിനിമകളുടെ സംഗീതം ഒരുക്കാറുള്ളത്. ഞങ്ങള്‍ക്കിടയില്‍ ആശയവിനിമയം അത്ര സുഗമമായതിനാലാണത്. അങ്കമാലിയുടെ സ്വഭാവം പാട്ടിനും വേണമെന്നതുകൊണ്ട് അവിടത്തെ പ്രാദേശികമായ താളവും സംഗീതവും അന്വേഷിച്ചിറങ്ങിയപ്പോഴാണ് പ്രാഞ്ചി ആശാന്‍ എന്ന സംഗീതസ്നേഹിയെ കണ്ടെത്താനായത്. അദ്ദേഹത്തിനറിയാവുന്ന പാട്ടുകളില്‍നിന്നാണ് സിനിമയ്ക്കുവേണ്ടിയുള്ളവ ഞങ്ങള്‍ ഒരുക്കിയെടുത്തത്. മിക്കഗാനങ്ങളും അദ്ദേഹംതന്നെയാണ് പാടിയത്. നാടിന്റെ ചൂര് അദ്ദേഹത്തിന്റെ ശബ്ദത്തിനുണ്ട്.

ഒറ്റഷോട്ട് ക്ളൈമാക്സ്

നീണ്ട ഒറ്റഷോട്ടുകളാണ് സിനിമയുടെ മൊത്തം സ്വഭാവം. ക്ളൈമാക്സ് ഒറ്റഷോട്ടില്‍ ഒരുക്കിയത് അത്തരമൊരു സമീപനം സിനിമ ആവശ്യപ്പെട്ടതുകൊണ്ടുകൂടിയാണ്. ആയിരത്തില്‍ കൂടുതല്‍ ആളുകള്‍ ക്ളൈമാക്സ് സ്വീക്വന്‍സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്റെ അവിശ്വസനീയമായ എഫര്‍ട്ടാണ് അത് യാഥാര്‍ഥ്യമാക്കിയത്. 11 മിനിറ്റ് ക്യാമറ കൈയിലേന്തി ഷൂട്ട് ചെയ്യുന്നതിന്റെ പ്രയാസം, അതിന്റെ സാങ്കേതികബുദ്ധിമുട്ടുകള്‍ അറിയാവുന്നവര്‍ക്ക് മനസ്സിലാകും. സിനിമായൂണിറ്റിന്റെയും നാട്ടുകാരുടെയുമെല്ലാം ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് വിജയിച്ചത്.

വിജയ്ബാബു

വിജയ്ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം ഒരിക്കലും സിനിമയെ ബാധിച്ചിട്ടില്ല. രണ്ടുപേരും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇനി ഒന്നിച്ചുപോകേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചാല്‍  à´† തീരുമാനത്തെ ബഹുമാനിക്കുകയാണ് വേണ്ടത്. അവരുടെ തീരുമാനം സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.

അടുത്ത സിനിമ

ഒരുപാട് സിനിമകള്‍ മനസ്സിലുണ്ട്്. അതില്‍നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കണം.

unnigiri@gmail.com


Related News