Loading ...

Home Kerala

ടൈറ്റാനിയം എണ്ണചോര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട് ; വിശദമായ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സമിതിയെ നിയോഗിച്ച്‌ വ്യവസായ വകുപ്പ് ഉത്തരവിട്ടു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, മലബാര്‍ സിമന്റ്‌സ് എംഡി എം മുഹമ്മദ് അലി, കെ എംഎംഎല്‍ എംഡി എസ് ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഇ പി ജയരാജന്‍ നിര്‍ദേശം നല്‍കി. അതിനിടെ, ഓയില്‍ കലര്‍ന്ന മണല്‍ നീക്കം ചെയ്യാന്‍ ഫാക്ടറി ജീവനക്കാര്‍ ഇന്ന് നേരിട്ടിറങ്ങി. തീരത്ത് നിന്ന് എണ്ണയുടെ അംശം പൂര്‍ണമായും നീക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ഫര്‍ണസ് ഓയില്‍ കലര്‍ന്ന മണല്‍ 90 ശതമാനവും നീക്കം ചെയ്തു. ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉപകരണങ്ങളുടെ കാലപ്പഴക്കവും ചോര്‍ച്ചയക്ക് കാരണമായി. എണ്ണ ചോര്‍ച്ചയെക്കുറിച്ച്‌ കമ്ബനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയത്. കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. 2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫര്‍ണസ് ഓയിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ ചോര്‍ന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചപ്പോഴാണ് കമ്ബനി വിവരം അറിഞ്ഞത്. അപ്പോഴേക്കും തീരത്താകെ ഓയില്‍ പടര്‍ന്നിരുന്നു. നാളെക്കൂടി കടലില്‍ ഇറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News