Loading ...

Home National

ഉത്തരാഖണ്ഡ് മിന്നല്‍പ്രളയം; ഇനിയും കണ്ടെത്താനുള്ളത് 171 പേരെ, മരണം 26 ആയി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുപാളി സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. കാണാതായ 171 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 35 പേര്‍ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായും ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. രണ്ടര കിലോമീറ്റര്‍ നീണ്ട തപോവന്‍ ടണലില്‍ 130 മീറ്ററോളം ദൂരത്തെ ചെളി നീക്കം ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത പ്ലാന്‍റിന് സമീപമുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. അളകനന്ദ, ദൌലി ഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 13 ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും വ്യോമ മാര്‍ഗം എത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ തപോവനിലെത്തിയ മുഖ്യമന്ത്രി ടി.എസ് റാവത്തിന്‍റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. അപകടകാരണം കണ്ടെത്താന്‍ ചമോലിയില്‍ എത്തിയ ഡിആര്‍ഡിഒ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. ഇന്നലെ സംഘം വ്യോമനിരീക്ഷണം നടത്തി. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Related News