Loading ...

Home Kerala

ഗിഫ്റ്റ് സിറ്റിക്കെതിരായ പ്രമേയം പാസാക്കി പദ്ധതി പ്രദേശത്തെ ഗ്രാമ സഭകൾ

അയ്യമ്പുഴ: ഗിഫ്റ്റ് സിറ്റി പ്രോജക്ടിനായി  സർക്കാർ കണ്ടെത്തിയിരിക്കുന്ന പദ്ധതി പ്രദേശത്തെ മൂന്ന്  വാർഡുകളിലെയും ഗ്രമസഭകളിൽ പദ്ധതി വിരുദ്ധ പ്രമേയം ഐക്യഖണ്ഡേന പാസാക്കി.പഞ്ചായത്ത് പ്രസിഡന്റ്‌ പി.യു  ജോമോന്റെ അധ്യക്ഷതയിൽ അമലാപുരത്ത്  ഞായറാഴ്ച ചേർന്ന എട്ടാം വാർഡിന്റെ ഗ്രാമ സഭയിലും കൂടി ഗിഫ്റ്റ് സിറ്റിക്കെതിരായ പ്രമേയം പാസായതോടെ പ്രദേശത്തെ താമസക്കാരായ മുഴുവൻ ജനങ്ങളും പദ്ധതിക്ക് എതിരാണെന്നുള്ളത് വ്യക്തമായി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ടുള്ള സ്ഥലമെടുപ്പിൽ പ്രശ്ങ്ങളൊന്നും തന്നെയില്ല എന്ന  മുൻ  പഞ്ചായത്ത് കമ്മിറ്റിയുടെ  തീരുമാനത്തെ  ശക്തമായി എതിർത്ത യോഗം, പഞ്ചയാത്തിന്റെ തീരുമാനം പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു   . കിടപ്പാടം ഒഴിവാക്കിയാലും, കൃഷി ഭൂമി നഷ്ടപ്പെടുന്നത് ഭൂരിഭാഗവും കർഷകരായ സമൂഹത്തിന്റെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗിഫ്റ്റ് സിറ്റിയിലെ വ്യവസായങ്ങളിൽ വ്യക്തത വരുത്താൻ ജനപ്രതിനിധികൾക്ക് പോലും കഴിയാത്ത സാഹചര്യത്തിൽ സാമൂഹ്യ ആഘാത  പഠനമുൾപ്പെടെയുള്ള വിലയിരുത്തലുകളുടെ ആധികാരികത ചോദ്യംചെയ്യപ്പെണ്ടേതാണെന്ന് പ്രദേശവാസിയായ ജോൺസൻ ചുള്ളിക്കാരൻ അഭിപ്രായപ്പെട്ടു.പലതവണ ഉരുൾപ്പൊട്ടലുകൾ ഉണ്ടായിട്ടുള്ള പദ്ധതി പ്രദേശത്തു വലിയ നിർമാണ പ്രവർത്തങ്ങൾ നടത്തുന്നത്     ഭാവിയിൽ  വലിയ രീതിയിലുള്ള  പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന്  ജോയി വല്ലുരാൻ പറഞ്ഞു.  മൂന്നാഴി നെല്ലിന് വേണ്ടി പണിയെടുത്തവർക്ക് മൂന്നടി  മണ്ണ് പോലും നൽകാത്ത ഭൂജന്മികളാണ് ഇപ്പോൾ പദ്ധതി ഇവിടെ വരുത്തുന്നതിനായി മുറവിളി കൂട്ടുന്നതെന്ന് മരിയ അരീക്കോട് ആരോപിച്ചു.  വാർഡ് മെമ്പർമാരായ ശ്രുതി സന്തോഷ്, ജയ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

Related News