Loading ...

Home Kerala

കേരളത്തില്‍ ആദ്യമായി അമ്മിഞ്ഞപ്പാല്‍ മാധുര്യം പകരാന്‍ ബാങ്ക് വരുന്നു

കൊച്ചി: കേരളത്തിലെ ആദ്യത്തെ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ച മുലപ്പാല്‍ ബാങ്ക് ഈ മാസം അഞ്ചിനു വൈകീട്ട് മൂന്നിനു മന്ത്രി കെകെ ശൈലജ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അമ്മയുടെ മരണം, രോഗബാധ, മുലപ്പാലിന്റെ അപര്യാപ്തത എന്നിവ മൂലം ബുദ്ധിമുട്ടുന്ന നവജാത ശിശുക്കള്‍ക്കു മുലപ്പാല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി. ജനറല്‍ ആശുപത്രിയിലെ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കും. ശേഖരിക്കുന്ന പാല്‍ ആറ് മാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാം. പാസ്ചറൈസേഷന്‍ യൂണിറ്റ്, റഫ്രിജറേറ്ററുകള്‍, ഡീപ് ഫ്രീസറുകള്‍, ഹോസ്പിറ്റല്‍ ഗ്രേഡ് ബ്രെസ്റ്റ് പമ്ബ്, റിവേഴ്സ് ഓസ്മോസിസ് (ആര്‍ഒ) പ്ലാന്റ്, അണുവിമുക്തമാക്കാനുള്ള ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ സംവിധാനം എന്നിവ അടങ്ങുന്ന മുലപ്പാല്‍ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണു സ്ഥാപിച്ചത്. ഐഎംഎയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍സും (ഐഎപി) പരിശീലനം നല്‍കിയ നഴ്സുമാരെയാണു ബാങ്കില്‍ നിയോഗിക്കുക. ആശുപത്രിയില്‍ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളതുമായ അമ്മമാരില്‍ നിന്നാണു മുലപ്പാല്‍ ശേഖരിക്കുകയെന്നു റോട്ടറി കൊച്ചിന്‍ ഗ്ലോബലിലെ ഡോ. പോള്‍ പറഞ്ഞു. പ്രതിവര്‍ഷം 600- 1000 കുഞ്ഞുങ്ങള്‍ക്കു വരെ ജനറല്‍ ആശുപതിയില്‍ തീവ്ര പരിചരണ ചികിത്സ വേണ്ടിവരാറുണ്ട്. മുലപ്പാല്‍ ബാങ്കില്‍ നിന്നുള്ള പാല്‍ നല്‍കുന്നത് അവരുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രാജ്യത്ത് 32 വര്‍ഷം മുന്‍പു തന്നെ മുലപ്പാല്‍ ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

Related News