Loading ...

Home cinema

ഐഎഫ്‌എഫ്‌കെ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം : 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (ശനിയാഴ്‌ച) തുടങ്ങും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച്‌ ഒന്നു മുതല്‍ അഞ്ചു വരെയുമാണ്‌ മേള. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമായി കുറച്ചതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. വിവിധ വിഭാഗങ്ങളിലായി 50 ഓളം രാജ്യങ്ങളില്‍നിന്നുള്ള 80 ചിത്രം പ്രദര്‍ശിപ്പിക്കും. എല്ലാ ഇടങ്ങളിലും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുക. പ്രതിനിധികള്‍ സ്വദേശം ഉള്‍പ്പെടുന്ന മേഖലയിലെ മേളയില്‍ രജിസ്‌റ്റര്‍ ചെയ്യണം. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍), തലശ്ശേരി (കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്‌) എന്നിങ്ങനെയാണ്‌ മേഖലകള്‍. ഒരാള്‍ക്ക്‌ ഒരു മേഖലയില്‍ മാത്രമേ രജിസ്‌റ്റര്‍ ചെയ്യാനാകൂ. മറ്റ്‌ ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ആ മേഖലയില്‍ രജിസ്‌റ്റര്‍ ചെയ്യാം.

registration.iffk.in വെബ്‌സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത പ്രതിനിധികള്‍ക്ക് ലോഗിന്‍ ഐഡി ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യാം.ഡെലിഗേറ്റ് പാസ് വാങ്ങുംമുമ്ബ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണമുണ്ടാകും. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ പാസ് നല്‍കൂ. 48 മണിക്കൂര്‍ മുമ്ബ്‌ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസ് നല്‍കും. തിയറ്ററില്‍ സീറ്റുകളുടെ പകുതി എണ്ണത്തില്‍ മാത്രമേ പ്രവേശനമുണ്ടാകൂ. തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി. കൊച്ചിയില്‍ സരിത, സവിത, സംഗീത, ശ്രീധര്‍, കവിത, പദ്മ സ്‌ക്രീന്‍-1. തലശ്ശേരിയില്‍ മൂവി കോംപ്‌ളെക്‌സിലുള്ള അഞ്ച് തിയറ്ററുകള്‍, ലിബര്‍ട്ടി മൂവി ഹൗസ്‌. പാലക്കാട് പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുര്‍ഗ എന്നീ തിയേറ്ററുകലിലായിട്ടാകും ചലച്ചിത്ര മേള നടക്കുക.

Related News