Loading ...

Home National

കര്‍ഷകര്‍ ഒഴിഞ്ഞു പോകണമെന്ന് ഒരു സംഘം ആളുകൾ;സംഘര്‍ഷഭരിതമായി സിം​ഗു അതിര്‍ത്തി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ നടത്തുന്ന സമരത്തിനെതിരേ പ്രതിഷേധവുമായി മറ്റൊരു വിഭാഗം എത്തിയതിനെ തുടര്‍ന്ന് കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം. കര്‍ഷകരുടെ ടെന്റുകള്‍ നശിപ്പിക്കുകയും കല്ലേറ് നടത്തുകയും സമരക്കാരുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കര്‍ഷകരും സമരക്കാരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ശചയ്തു. ഒരു വിഭാഗം ആള്‍ക്കാര്‍ സമരത്തെ എതിര്‍ത്ത് രംഗത്ത് വന്നതോടെയാണ് സിംഗു അതിര്‍ത്തിയില്‍ 64 ദിവസമായി സമാധാനപരമായി നടന്ന സമരം സംഘര്‍ഷത്തിലേക്ക്് നീങ്ങിയത്. പോലീസ് ബാരിക്കേഡ് തകര്‍ത്ത് കര്‍ഷക സമരത്തിന് അടുത്ത് എത്തിയ പ്രതിഷേധക്കാര്‍ ടെന്റിന് സമീപം എത്തി ചില ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ സമരക്കാരുടെ ടെന്റുകള്‍ പൊളിക്കുമ്ബോള്‍ ആദ്യം നോക്കി നിന്ന പോലീസ് പിന്നീട് സംഭവം വലിയ അക്രമമായി മാറിയതോടെ ഇടപെട്ടു. സമരം ചെയ്യുന്നവര്‍ കര്‍ഷകര്‍ അല്ലെന്നും തീവ്രവാദികള്‍ ആണെന്നും ഇവര്‍ ദേശീയ പതാകയെ അപമാനിച്ചു, സമരവേദി ഒഴിപ്പിക്കണം തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. സമരത്തിനെതിരേ അനിശ്ചിത കാല സമരം നടത്തുമെന്നും എതിര്‍ത്തവര്‍ പറഞ്ഞു. ഇവര്‍ പിന്നീട് സമര വേദിയിലേക്ക് പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് എത്തുകയും സമരക്കാരുമായി ഉന്തും തള്ളും ഉണ്ടാക്കുകയും പരസ്പരം കയ്യേറ്റം നടത്തുകയുമായിരുന്നു. ഇതിനെ എതിര്‍ത്ത് കര്‍ഷകര്‍ കൂടി വന്നതോടെ പരസ്പരം കല്ലേറും അടിപിടിയുമായി. വലിയ അക്രമമാണ് സമരവേദിയില്‍ നടന്നത്. കര്‍ഷകരുടെ ടെന്റുകള്‍ പൊളിക്കുകയും പാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. രണ്ടു കൂട്ടരെയും സമാധാനപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമം ചൂണ്ടിക്കാണിച്ചാണ് സിംഗുവിലെ സമരവേദിയിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. പ്രദേശത്തെ നാട്ടുകാര്‍ എന്നവകാശപ്പെട്ടുകൊണ്ട് എത്തിവരാണ് കര്‍ഷകരെ ആക്രമിച്ചത്. പ്രദേശീത്തിന് സമീപത്തെ ഗ്രാമത്തില്‍ നിന്നുള്ളവര്‍ എന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടത്. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ പോലീസ് മാധ്യമപ്രവര്‍ത്തകരെ മാറ്റി. ദൃശ്യം പ്രതി​ഷേധക്കാരെ നിയന്ത്രിക്കണമെന്ന് സംയുക്ത കര്‍ഷക സംഘം ആവശ്യപ്പെട്ടു. ഇവര്‍ പോലീസിനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അക്രമത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായിട്ടാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം.

Related News