Loading ...

Home National

ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യു.പി സര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലി പങ്കെടുക്കുന്ന ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് നഗരങ്ങളില്‍ ഗതാഗതം മുടക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു. ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചു. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് സമരക്കാര്‍ ഡല്‍ഹി പോലീസിന് സമര്‍പ്പിച്ചിരുന്നു. പോലീസും സമരക്കാരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ പോലീസിന് ഉറപ്പു നല്‍കിയിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികളിലായിരിക്കും സമരമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.ഡല്‍ഹി അതിര്‍ത്തിക്കു പുറത്ത് സമരം തുടരുന്ന കര്‍ഷകര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി പോലീസ് വ്യക്തമാക്കി. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാന്‍ പാടുള്ളൂ.

Related News