Loading ...

Home special dish

കേരളത്തിലെ കോൺഗ്രസ്‌ പുതിയ പ്രതിസന്ധിയിലേക്ക്‌

  • സുധീരൻ പടിയിറങ്ങുന്നു
  • രാജി അപ്രതീക്ഷിതം
  • അവകാശപ്പെടുന്നത്‌ ആരോഗ്യകാരണങ്ങൾ
  • ഗ്രൂപ്പ്‌ കളി ശക്തമാകും
മനോജ്‌ മാധവൻ

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളെ തകർക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ വി എം സുധീരന്‌ ദയനീയ പടിയിറക്കം. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും വി എം സുധീരൻ രാജിവെച്ചു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും വി എം സുധീരനെ മാറ്റാനുള്ള എ, ഐ ഗ്രൂപ്പു നേതാക്കളുടെ യോജിച്ച പോരാട്ടത്തിനിടെയാണ്‌ സുധീരന്റെ അപ്രതീക്ഷിത രാജി. രാജിക്കത്ത്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ അയച്ചു. കേരളത്തിലെ കോൺഗ്രസിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്‌ ഈ രാജി. പാർട്ടിയിൽ ഗ്രൂപ്പു കളി ശക്തമാകും.
അനാരോഗ്യത്തെ തുടർന്നാണ്‌ രാജിവയ്ക്കുന്നതെന്നാണ്‌ വാർത്താസമ്മേളനത്തിൽ സുധീരൻ അറിയിച്ചത്‌. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാക്കളായ മുകുൾ വാസ്നിക്‌, ദീപക്‌ ബാബറിയ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവരുമായി മാത്രമാണ്‌ രാജിപ്രഖ്യാപനത്തിന്‌ മുൻപ്‌ സുധീരൻ ആശയവിനിമയം നടത്തിയത്‌. സുധീരന്റെ രാജിയോടെ കേരളത്തിലെ കോൺഗ്രസ്‌ സമവാക്യങ്ങൾ വീണ്ടും മാറിമറിയും.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്‌ ഉത്തരവാദിത്തം വി എം സുധീരനാണെന്ന പരസ്യ നിലപാടാണ്‌ കേരളത്തിലെ എ, ഐ ഗ്രൂപ്പു നേതാക്കൾ സ്വീകരിച്ചത്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും സുധീരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന കർശന നിലപാട്‌ ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിരുന്നു. പാർട്ടിയിലും പ്രതിപക്ഷ നേതൃപദവിയിലും പങ്കാളിത്തം സ്വീകരിക്കാതെ സ്വയം മാറിനിന്ന്‌ സംഘടന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങളെ സുധീരന്‌ തടയാനായില്ലെന്നതും ശ്രദ്ധേയമാണ്‌.
അതേസമയം, തന്റെ ഒഴിഞ്ഞുപോക്ക്‌ അപ്രതീക്ഷിതമാണെന്നു വാർത്താസമ്മേളനത്തിൽ സുധീരൻ പറഞ്ഞു. പാർട്ടിയോടുള്ള കടപ്പാടും താൽപര്യവും നോക്കുമ്പോൾ വ്യക്തിതാത്പര്യങ്ങൾക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ പ്രസ്ഥാനത്തെ സുവർണകാലഘട്ടത്തിലേക്ക്‌ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടുപോയത്‌. ഇടക്കാലത്തേയ്ക്കെങ്കിലും ഇതിൽ നിന്നു മാറി നിൽക്കുന്നത്‌ പാർട്ടി പ്രവർത്തനത്തെ ബാധിക്കും. ഓരോ ദിവസവും ഓരോ പുതിയ വിഷയങ്ങളാണ്‌. അവിടെയെല്ലാം ഓടിയെത്താൻ സാധിക്കാതെ വരുമ്പോൾ മാറിനിൽക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. മറ്റൊരാൾക്ക്‌ അവസരം ഉണ്ടാകട്ടെ. ഇതിനുള്ള സംവിധാനം എഐസിസി ഒരുക്കട്ടെ. എത്രയും പെട്ടെന്നു തന്നെ ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്നും സുധീരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടന്ന ഒരു പൊതു ചടങ്ങിനിടെ വീണുപരിക്കേറ്റിരുന്നു. വാരിയെല്ലിന്‌ കാര്യമായ ചതവുണ്ട്‌. പൂർണമായ വിശ്രമമാണ്‌ ഡോക്ടർമാർ നിർദേശിച്ചത്‌. ഏറ്റവും ഊർജസ്വലമായ പ്രവർത്തനം കാഴ്ചവയ്ക്കേണ്ട സന്ദർഭത്തിലാണ്‌ ഇത്തരമൊരു വീഴ്ച സംഭവിച്ചത്‌. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ ശക്തമായ പോരാട്ടം നടത്തുന്നതിന്‌ പാർട്ടിക്ക്‌ പൂർവാധികം കരുത്ത്‌ പകരേണ്ട സന്ദർഭമാണിത്‌. തന്നിൽ വിശ്വാസമർപ്പിച്ച കോൺഗ്രസ്‌ അധ്യക്ഷ, ഉപാധ്യക്ഷൻ എന്നിവരോട്‌ എറെ കടപ്പെട്ടിരിക്കുന്നു. എ കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്നനേതാക്കൾ, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുകുൾ വാസ്നിക്‌, ദീപക്‌ ബാബറിയ എന്നിവർക്ക്‌ പ്രത്യേക നന്ദി അറിയിക്കുന്നു. നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത്‌ നിന്ന്‌ ലഭിച്ച സഹകരണമാണ്‌ പാർട്ടി പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്ത്‌ പകർന്നത്‌. സഹപ്രവർത്തകരോടും ഡിസിസി പ്രസിഡന്റുമാർ, താഴെത്തലത്തിൽപ്പെട്ട ബൂത്ത്‌ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക്‌ നന്ദി അറിയിക്കുന്നുവെന്നാണ്‌ സുധീരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌.
മുൻ നിയമസഭാ സ്പീക്കറും ആരോഗ്യമന്ത്രിയുമായ സുധീരൻ 2014 ഫെബ്രുവരിയിലാണ്‌ കെപിസിസി പ്രസിഡന്റായത്‌. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ രമേശ്‌ ചെന്നിത്തല അധ്യക്ഷ പദവി ഒഴിഞ്ഞതിനെ തുടർന്നാണ്‌ സുധീരൻ ആ സ്ഥാനത്തെത്തിയത്‌.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കറപുരണ്ട പലർക്കും ടിക്കറ്റ്‌ നിഷേധിക്കുന്നതിന്‌ സുധീരൻ കാരണമായിരുന്നു. പൂട്ടിയ 700 വിദേശ മദ്യ ഷാപ്പുകൾ തുറക്കുന്നതിനെതിരെ സുധീരൻ ഉറച്ച നിലപാട്‌ എടുത്തിരുന്നു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും സുധീരനെതിരെ തിരിഞ്ഞിരുന്നു.
ഇതേസമയം, ഉമ്മൻചാണ്ടി കൊച്ചിയിൽ പ്രതികരിച്ചത്‌, സുധീരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ ഇല്ലെന്നാണ്‌. ഒരു ഔദ്യോഗിക പദവിയും സ്വീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധീരന്റെ രാജി കോൺഗ്രസ്‌ നേതാക്കളിൽ അത്ഭുതമാണ്‌ ജനിപ്പിച്ചിരിക്കുന്നത്‌. “ദൗർഭാഗ്യകരം” എന്നാണ്‌ മുതിർന്ന നേതാവ്‌ എ കെ ആന്റണി പ്രതികരിച്ചത്‌. കേരളത്തിലെ കോൺഗ്രസിന്‌ ഇത്‌ വലിയൊരു നഷ്ടമാണെന്നും ആന്റണി ഡൽഹിയിൽ പറഞ്ഞു.
തികച്ചും അപ്രതീക്ഷിതമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌. മാധ്യമങ്ങളെ കാണും മുമ്പ്‌ സുധീരൻ തന്നെ വിളിച്ച്‌ ആരോഗ്യകാരണങ്ങളാൽ സ്ഥാനം ഒഴിയുകയാണെന്ന്‌ പറഞ്ഞുവെന്നും ചെന്നിത്തല അറിയിച്ചു.
ആരോഗ്യപരമായ കാരണങ്ങളാലാണ്‌ രാജിയെന്നും മറ്റ്‌ കാര്യങ്ങൾ ഇല്ലെന്നും യുഡിഎഫ്‌ കൺവീനർ പി പി തങ്കച്ചൻ പ്രതികരിച്ചു.

Related News