Loading ...

Home National

കേന്ദ്ര സര്‍ക്കാരിന്‌ തിരിച്ചടി;ട്രാക്ടര്‍ റാലിക്കെതിരായ ഹര്‍ജിയില്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി. ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ ആദ്യത്തെ അതോറിറ്റിയായി കോടതി പ്രവര്‍ത്തിക്കുന്നത് അനുചിതമാണ്. പൊലീസിനാണ് അതിനുള്ള അധികാരം. ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ അഭിഭാഷകരുടെ പ്രസ്താവനയെ കോടതി വിശ്വസിക്കുന്നതായും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്നറിയാന്‍ 25ന് ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതേത്തുടര്‍ന്ന് ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.റിപബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസ് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഉത്തരവിറക്കാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനത്തേക്ക് പ്രവേശനം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പൊലീസാണെന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടേണ്ടത് പൊലീസിന്റെ വിഷയമാണ്. ഇക്കാര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്, അല്ലാതെ കോടതിയല്ല. സാധാരണ രീതിയില്‍ ഇത്തരം സമരം നടക്കുമ്ബോള്‍, അതിന് അനുമതി നല്‍കേണ്ടതും എത്രപേരെ പ്രവേശിപ്പിക്കാം എന്നുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനാണ്. ഇത് ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതിനാല്‍ ഈ ആവശ്യത്തില്‍ ഉത്തരവിറക്കാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഡല്‍ഹിയിലേത് അസാധാരണമായൊരു സാഹചര്യമാണെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച്‌ കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം കോടതി നിരസിച്ചു. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി എന്ത് ഉത്തരവാണ് ഇറക്കേണ്ടത്? അത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? അതിന് എന്തിനാണ് കോടതിയുടെ പ്രത്യേക ഉത്തരവെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

Related News