Loading ...

Home National

2024 മെയ് വരെ സമരം തുടരാന്‍ തയ്യാറെന്ന് കര്‍ഷകര്‍

പത്താം വട്ട ചര്‍ച്ച നടക്കാനിരിക്കെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കര്‍ഷകരും കേന്ദ്ര സര്‍ക്കാരും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. അതിനായി മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന 2024 മെയ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. കാര്‍ക്കശ്യം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞിട്ടും എന്തിനീ പിടിവാശി എന്നാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ നിയമം റദ്ദാക്കിയില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികെത് വ്യക്തമാക്കി‍. ഡല്‍ഹി അതിര്‍ത്തികളില്‍ ഇപ്പോള്‍ നടക്കുന്നത് ആശയ വിപ്ലവമാണ്. ആ സമരം പരാജയപ്പെടില്ല. നിയമം പിന്‍വലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കുക എന്ന ആവശ്യം നടക്കില്ലെന്ന് വ്യക്തമാക്കിയ കൃഷി മന്ത്രി, സര്‍ക്കാര്‍ തുറന്ന മനസ്സോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് അവകാശപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ ഹാജരാകില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News