Loading ...

Home National

കര്‍ഷക സമരക്കാര്‍ക്കെതിരെ എന്‍.ഐ.എയുടെ സമന്‍സ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ എന്‍.ഐ.എ സമന്‍സ് ലഭിച്ചവര്‍ ഇന്നും നാളെയുമായി ചോദ്യം ചെയ്യലിന് ഹാജരാകും. ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെന്ന നിലയിലാണ് ചോദ്യം ചെയ്യല്‍. എന്നാല്‍, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എല്‍.ബി.ഡബ്ള്യു.എസ് നേതാവ് ബല്‍ദേവ് സിങ് സിര്‍സ പ്രതികരിച്ചു.സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.കെ.യു ലോക്ശക്തി സത്യവാങ്മൂലം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 15ന് രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസിലാണ് കര്‍ഷക നേതാക്കള്‍ അടക്കമുള്ളവരോട് ഇന്നും നാളെയുമായി ഡെല്‍ബി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത്.രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്നാണ് കേസ്. കര്‍ഷ സമരത്തിന്റെ മുന്‍ നിരയിലുള്ള നേതാവ് ബല്‍ദേവ് സിങ് സിര്‍സ, സുരേന്ദര്‍ സിങ് തിക്രിവാള്‍, പല്‍ വിന്ദര്‍ സിങ്, പ്രദീപ് സിങ്, ലോബല്‍ ജിത് സിങ്, കര്‍ണാല്‍ സിങ് എന്നിവര്‍ നോട്ടീസ് ലഭിച്ചവരില്‍ പെടുന്നു.കലാകാരന്മാര്‍, ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഒരു ഡസണിലധികം പേര്‍ക്കും സമന്‍സ് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 7 വരെ വ്യക്തിപരമായ തിരക്കുകള്‍ ഉണ്ടെന്നും ഒദ്യോഗികമായി നോട്ടീസ് ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബല്‍ദേവ് സിങ് സിര്‍സ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല. കേസിനെ സമരവുമായി അനാവശ്യമായി കൂട്ടിക്കെട്ടുകയാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമാണെന്നും കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു.കാര്‍ഷിക നിയമങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി സുപ്രീംകോടതിയെ സമീപിച്ചു. അംഗങ്ങള്‍ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ ഉള്ളവരെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 53ാം ദിവസത്തിലേക്ക് കടന്ന ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളില്‍ ഉടന്‍ കൂടുതല്‍ സമരപ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

Related News